ചെന്നൈ: തൂത്തുക്കുടിയില്‍ 2018ല്‍ 13 പേര്‍ കൊലചെയ്യപ്പെട്ട വെടിവെയ്പ്പ് യാദൃച്ഛികമായി സംഭവിച്ചതല്ലെന്ന് മദ്രാസ് ഹൈക്കോടതി. വെടിവെക്കാനുള്ള തീരുമാനം നേരത്തേ എടുത്തിരുന്നതായി വിശ്വസിക്കുന്നതായി ജസ്റ്റിസ് എസ്.എസ്.സുന്ദര്‍, ജസ്റ്റിസ് എന്‍.സുന്ദര്‍ എന്നിവര്‍ അംഗങ്ങളായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ഒരു വ്യവസായിയുടെ നിര്‍ദേശം പോലീസ് നടപ്പാക്കുകയായിരുന്നുവെന്ന് ബെഞ്ച് പറഞ്ഞു. ഇങ്ങനെയൊക്കെ സംഭവിക്കണമെന്നാണ് അയാള്‍ ആഗ്രഹിച്ചത്. പ്രതിഷേധിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കണമെന്നായിരുന്നു അയാള്‍ ആഗ്രഹിച്ചത്. അധികൃതര്‍ അത് നടപ്പാക്കിക്കൊടുക്കുകയും ചെയ്തുവെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
സംഭവമുണ്ടായ സമയത്ത് തൂത്തുക്കുടിയില്‍ നിയോഗിക്കപ്പെട്ടിരുന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും സ്വത്ത് പരിശോധിക്കാന്‍ തമിഴ്നാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റിന് കോടതി നിര്‍ദേശം നല്‍കി. വെടിവെയ്പ്പില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അവസാനിപ്പിച്ച അന്വേഷണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സാമൂഹ്യപ്രവര്‍ത്തകനായ ഹെന്റി ടിഫെയ്ന്‍ നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധി പുറപ്പെടുവിച്ചു കൊണ്ടാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. ജൂലൈ 2ന് കേസ് പരിഗണിച്ചപ്പോള്‍ വെടിവെയ്പ്പിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.
തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനി അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തിനു നേരെയുണ്ടായ പോലീസ് വെടിവെയ്പ്പില്‍ 13 പേരാണ് മരിച്ചത്. 2018 മെയ് 22ന് സമരത്തിന്റെ നൂറാം ദിവസമായിരുന്നു സംഭവം. പതിനായിരങ്ങള്‍ അണിനിരന്ന സമരത്തിന്റെ നൂറാം ദിവസം വലിയ പ്രതിഷേധറാലിയുണ്ടാകുമെന്ന് സമരസമിതി അറിയിച്ചിരുന്നു. ജനങ്ങളെ അറിയിക്കാതെ മെയ് 21ന് രാത്രി ജില്ലാ ഭരണകൂടം തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതറിയാതെ തൂത്തുക്കുടി നഗരത്തില്‍ പലയിടത്തായി രണ്ടുലക്ഷത്തോളം പേര്‍ തടിച്ചുകൂടിയിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം മൂവായിരത്തോളം പേര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് ചെയ്തു. കളക്ടറെ കണ്ട് പരാതി നല്‍കുകയായിരുന്നു ലക്ഷ്യം.
അതേസമയം 1800ഓളം പോലീസുകാരെയായിരുന്നു വിന്യസിച്ചിരുന്ന്. 11.45നും 12.15നുമിടയിലാണ് വെടിവെയ്പ്പ് നടന്നത്. ജനക്കൂട്ടത്തിനു നേരെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ഈ സമയത്ത് കളക്ടറേറ്റിലെ സിസിടിവി പ്രവര്‍ത്തനരഹിതമായിരുന്നു. വെടിയൊച്ച കേട്ട് ഓടി മാറാന്‍ ശ്രമിച്ചവര്‍ പലരും വെടിയേറ്റു വീണു. കൊല്ലപ്പെട്ട 17 കാരിയായിരുന്ന സ്നോലിന്‍ ജാക്സണ് രണ്ടു തവണ വെടിയേറ്റിരുന്നു. തൂത്തുക്കുടി എഎസ്പി എസ്.സില്‍വനഗരത്തിനം ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് വെടിവെക്കാന്‍ ഉത്തരവിട്ടത്. തൂത്തുക്കുടി പോലീസ് സൂപ്രണ്ട് പി മഹേന്ദ്രന്‍, തിരുനെല്‍വേലി പോലീസ് സൂപ്രണ്ട് കപില്‍കുമാര്‍ ശരത്കാര്‍, തമിഴ്നാട് ദക്ഷിണമേഖലാ ഐജി ശൈലേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് സംഘം സമരക്കാരെ അടിച്ചമര്‍ത്തിയത്. നൂറിലധികം പേര്‍ക്ക് വെടിവെയ്പ്പില്‍ പരിക്കേറ്റിരുന്നു.
സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ അന്വേഷണം പ്രഖ്യാപിക്കുകയും മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി അരുണ ജഗദീശനെ അന്വേഷണ കമ്മീഷനായി നിയോഗിക്കുകയും ചെയ്തു. കമ്മീഷന്‍ 2022 ഒക്ടോബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 21 പോലീസ് ഉദ്യോഗസ്ഥരാണ് വെടിവെയ്പ്പിന് ഉത്തരവാദികളെന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം അവസാനിപ്പിച്ചിരുന്നു.
തൂത്തുക്കുടി വെടിവെപ്പ് കരുതിക്കൂട്ടി; പോലീസ് നടപ്പാക്കിയത് വ്യവസായിയുടെ നിര്‍ദ്ദേശമെന്ന് മദ്രാസ് ഹൈക്കോടതി