'സനാതന ധർമം ഇല്ലാതാക്കണം' പരാമർശം ആവർത്തിച്ച് ഉദയനിധി; തമിഴ്‌നാട് നിയമസഭയിൽ ബിജെപിയുടെ പ്രതിഷേധം

'സനാതന ധർമം ഇല്ലാതാക്കണം' പരാമർശം ആവർത്തിച്ച് ഉദയനിധി; തമിഴ്‌നാട് നിയമസഭയിൽ ബിജെപിയുടെ പ്രതിഷേധം


ചെന്നൈ: സനാതന ധർമത്തിനെതിരായ വിവാദ പരാമർശം വീണ്ടും ആവർത്തിച്ച് തമിഴ്‌നാട് നിയമസഭയിൽ പ്രതിപക്ഷ നേതാവായ ഉദയനിധി സ്റ്റാലിൻ. 'ജനങ്ങളെ വേർതിരിച്ച സനാതന ധർമം ഇല്ലാതാക്കപ്പെടണം' എന്നായിരുന്നു സഭയിൽ നടത്തിയ പ്രസംഗത്തിനിടെ ഉദയനിധിയുടെ പരാമർശം. ഇതോടെ വീണ്ടും രാഷ്ട്രീയ വിവാദം ശക്തമായി.

പ്രസംഗത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് അധികാരമേറ്റ് കഴിഞ്ഞ് ഡിഎംകെ നേതൃത്വത്തെ സന്ദർശിച്ചതിനെയും ഉദയനിധി അഭിനന്ദിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും രാഷ്ട്രീയ സൗഹൃദം നിലനിർത്തണമെന്നും സംസ്ഥാന വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

'മുഖ്യമന്ത്രി ഇന്നലെ ഞങ്ങളുടെ നേതാവിനെയും മറ്റു നേതാക്കളെയും സന്ദർശിച്ച് ആശംസ തേടി. ആ രാഷ്ട്രീയ സംസ്‌കാരം സഭയിലും തുടരണം. ഭരണപക്ഷവും പ്രതിപക്ഷവും വ്യത്യസ്ത നിരകളിലായാലും തമിഴ്‌നാടിന്റെ വികസനത്തിനായി ഒന്നിച്ച് പ്രവർത്തിക്കണം. ജനങ്ങളും അതാണ് ആഗ്രഹിക്കുന്നത്,' എന്നാണ് ഉദയനിധി പറഞ്ഞത്. മുഖ്യമന്ത്രി പഠിച്ച അതേ കോളജിലാണ് താനും പഠിച്ചതെന്നും രാഷ്ട്രീയത്തിൽ തങ്ങൾ സീനിയർമാരാണെന്നും അനുഭവങ്ങളും നിർദേശങ്ങളും പങ്കുവെക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സത്യപ്രതിജ്ഞ ചടങ്ങിനിടെ തമിഴ് തായ് വാഴ്ത്തിന് മുമ്പ് 'വന്ദേ മാതരം' ആലപിച്ചതിലും ഉദയനിധി പ്രതിഷേധം രേഖപ്പെടുത്തി. മുൻ ഗവർണർ ആർ.എൻ രവിയുമായി ഡിഎംകെ സർക്കാരിന് ഉണ്ടായിരുന്ന തർക്കങ്ങൾ ഓർമ്മിപ്പിച്ച അദ്ദേഹം, തമിഴ് സംസ്ഥാന ഗാനത്തെ ഒരിക്കലും രണ്ടാം സ്ഥാനത്തേക്ക് മാറ്റരുതെന്നും സംസ്ഥാനത്തിന്റെ പാരമ്പര്യം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം ഉദയനിധിയുടെ പരാമർശത്തിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. ബിജെപി വക്താവ് സി.ആർ കേശവൻ ഉദയനിധിയുടെ പ്രസംഗത്തെ 'വിഷമയമായ വിദ്വേഷ രാഷ്ട്രീയം' എന്നാണ് വിശേഷിപ്പിച്ചത്. തമിഴ്‌നാട്ടിലെ രാഹുൽ ഗാന്ധിയാണ് ഉദയനിധിയെന്നും ഹിന്ദു വിശ്വാസങ്ങളെ നിരന്തരം അപമാനിക്കുകയാണ് ഡിഎംകെ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ജനങ്ങളുടെ വിശ്വാസത്തെയും മതവികാരങ്ങളെയും വ്രണപ്പെടുത്തുന്ന ഇത്തരം പ്രസ്താവനകൾ തമിഴ്‌നാട് ജനങ്ങൾ മറക്കുകയോ മാപ്പ് നൽകുകയോ ചെയ്യില്ലെന്നും ബിജെപി പ്രതികരിച്ചു.