വിദ്യാഭ്യാസമുള്ളവരുടെ തൊഴില്‍രാഹിത്യം ഇന്ത്യ നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന്

വിദ്യാഭ്യാസമുള്ളവരുടെ തൊഴില്‍രാഹിത്യം ഇന്ത്യ നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന്


ബിഹാറില്‍ തെരഞ്ഞെടുപ്പ് ചൂടേറുകയാണ്. അഴിമതി, ജാതി സമവാക്യങ്ങള്‍, വിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍, പ്രവാസം എല്ലാം ചര്‍ച്ചയാകുന്നു. എന്നാല്‍ ഓരോ തെരഞ്ഞെടുപ്പിനും ശേഷം പിന്നിലാകുന്നത് ഒരൊറ്റ വാക്കാണ്  തൊഴില്‍രാഹിത്യം.

ഗൗതം ശര്‍മ്മ (യഥാര്‍ഥ പേരല്ല) എന്ന യുവാവിനെയാണ് അടുത്തിടെ കാണാന്‍ കഴിഞ്ഞത്. ഇരുപതുകളിലെ ഈ യുവാവ് ഒരു കമ്പനിയിലെ ഡ്രൈവറാണ്. ''ഞാന്‍ ഒരിക്കലും ഇതുപോലൊരു ജോലി ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ല. വെബ് അനലിസ്റ്റാകാനാണ് ആഗ്രഹിച്ചത്. ബി ടെക് പഠിച്ചെങ്കിലും കോളേജ് പ്ലേസ്‌മെന്റില്‍ ഭാഗ്യം ലഭിച്ചില്ല. ഒടുവില്‍ ഒരു പരിചയക്കാരന്‍ വഴി ചെറിയൊരു കമ്പനിയില്‍ ജോലി കിട്ടി. ശമ്പളം വാടകയ്ക്കും ചെറിയ ചെലവുകള്‍ക്കും മാത്രമാണ് തികയുക. ഇപ്പോള്‍ കാറോടിച്ചാല്‍ പ്രതിമാസം നാല്‍പ്പതിനായിരം രൂപ ലഭിക്കുന്നുണ്ട്. മുമ്പത്തെ ജോലിയേക്കാള്‍ കൂടുതലാണിത്്' യുവാവ് പറഞ്ഞു.

ഇത് ഒരു വ്യക്തിയുടെ കഥയല്ല, ഒരു ദേശത്തിന്റെ യാഥാര്‍ഥ്യമാണ്. 2017-ല്‍ രാജസ്ഥാനില്‍ പ്യൂണ്‍ തസ്തികയിലേക്കുള്ള 18 ഒഴിവുകള്‍ക്ക് 12,000 പേരാണ് അപേക്ഷിച്ചത്. അതില്‍ എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ ഉള്‍പ്പെടെ അപേക്ഷകരിലുണ്ട്. 2024-ല്‍ ഹരിയാനയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ശുചീകരണ ജോലിക്കായി 46,000 പേരില്‍ ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളുമുണ്ടായിരുന്നു. 

ഇന്ത്യയിലെ പ്രമുഖ സര്‍ക്കാര്‍ കോളേജുകളില്‍ നാലുവര്‍ഷം 10 ലക്ഷം രൂപ ചെലവഴിച്ചു പഠിച്ച് ബിരുദം നേടിയിട്ടും ജോലിയില്ലാത്തവരുടെ എണ്ണം വര്‍ധിക്കുകയാണ്. 2024-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (ഐഐടി) നിന്ന് ബിരുദം നേടിയ വിദ്യാര്‍ഥികളില്‍ രണ്ടില്‍ ഒരാള്‍ക്കും പ്ലേസ്‌മെന്റ് ലഭിച്ചില്ല. ഇതേ അവസ്ഥ എന്‍ ഐ ടി, ട്രിപ്ള്‍ ഐടി തുടങ്ങി മുന്‍നിര സ്ഥാപനങ്ങള്‍ക്കെല്ലാമുണ്ട്. സര്‍ക്കാര്‍ കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷം ഓരോ പത്ത് ബിരുദധാരികളിലും ഒരാള്‍ തൊഴില്‍ രഹിതനാണ്. സ്ത്രീകളുടെ കാര്യത്തില്‍ സ്ഥിതി കൂടുതല്‍ ദയനീയമാണ്. ഓരോ അഞ്ചില്‍ ഒരാള്‍ക്കും തൊഴില്‍ ലഭിച്ചില്ല.

പ്രതിവര്‍ഷം 70 മുതല്‍ 80 ലക്ഷം യുവാക്കളാണ് തൊഴില്‍ വിപണിയിലേക്ക് കടക്കുന്നത്. എന്നാല്‍ മികച്ച ശമ്പളമുള്ള വൈറ്റ്-കോളര്‍ ജോലികള്‍ പലര്‍ക്കുമില്ല. കമ്പനി ലാഭങ്ങള്‍ 15 വര്‍ഷത്തെ ഉയര്‍ച്ചയില്‍ എത്തിയിട്ടും ജോലികള്‍ വെട്ടിക്കുറയ്ക്കുകയാണ്. മൂന്ന് പ്രധാന ഐ ടി കമ്പനികള്‍ 2024 സാമ്പത്തിക വര്‍ഷത്ിതല്‍ 64,000 ജോലികള്‍ വെട്ടിച്ചുരുക്കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഒരു റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോം റിപ്പോര്‍ട്ടു ചെയ്തത് അനുസരിച്ച് എഞ്ചിനീയറിംഗ് ബിരുദധാരികളില്‍ 80 ശതമാനത്തിനും ബിസിനസ് സ്‌കൂള്‍ ബിരുദധാരികളില്‍ പകുതിയോളം പേര്‍ക്കും ഇന്റേണ്‍ഷിപ്പ് ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ഇന്റേണ്‍ഷിപ്പ് പദ്ധതി ഒരു കോടി അവസരങ്ങള്‍ വാഗ്ദാനം ചെയ്തുവെങ്കിലും യഥാര്‍ഥത്തില്‍ അപേക്ഷിച്ചവരില്‍ അഞ്ച് ശതമാനത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്.

സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം തൊഴില്‍ രഹിതരുടെ നിരക്ക് 46 ശതമാനമാണെന്ന് പറയുന്നു. എന്നാല്‍ വിദഗ്ധരുടെ അനുമാനം യഥാര്‍ഥ തോത് അതിനേക്കാള്‍ ഉയര്‍ന്നതാണെന്നാണ്. പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ ഒരാഴ്ചയില്‍ ഒരു മണിക്കൂര്‍ പോലും ജോലി ചെയ്യുന്നവരെ 'തൊഴില്‍ ലഭിച്ചവര്‍' എന്നാണ് കണക്കാക്കുന്നത്. ഇതാണ്  യഥാര്‍ഥ സ്ഥിതി മറച്ചുവയ്ക്കുന്നത്.

വിദ്യാഭ്യാസമുള്ളവരുടെ തൊഴിലില്ലായ്മ ശമ്പളനിലയും മന്ദഗതിയിലാക്കിയിട്ടുണ്ട്. പ്രമുഖ കണ്‍സള്‍ട്ടന്‍സി സേവന സ്ഥാപനത്തിലെ എച്ച് ആര്‍ ചീഫ് പറഞ്ഞതനുസരിച്ച് പുതിയ ബിരുദധാരികള്‍ക്ക് വര്‍ഷങ്ങളായി 34 ലക്ഷം രൂപ ശമ്പളപരിധിയില്‍ തന്നെ തുടരുകയാണ്. എന്‍ ഐ ആര്‍ എഫ് കണക്കുകള്‍ പ്രകാരം 2020-ല്‍ എഞ്ചിനീയര്‍മാരുടെ ശരാശരി മാസശമ്പളം 33,000 രൂപയായിരുന്നു. സാമ്പത്തിക സര്‍വേ 2025 പ്രകാരം ശമ്പളമുള്ള പുരുഷന്മാരുടെ യഥാര്‍ഥ വേതനം ദിവസേന 395 രൂപയും സ്ത്രീകളുടെത് 295 രൂപയുമാണ്.

ഫിക്കി റിപ്പോര്‍ട്ട് പ്രകാരം 2019 മുതല്‍ 2023 വരെ ശമ്പളവര്‍ധന നില്‍ക്കുകയാണ്. ഐ ടി മേഖലയില്‍ വാര്‍ഷിക വളര്‍ച്ച നാല് ശതമാനം, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് മേഖലയില്‍ 2.8 ശതമാനം, എഞ്ചിനീയറിംഗ്- മാനുഫാക്ചറിംഗ് മേഖലയില്‍ 0.8 ശതമാനം മാത്രമാണ്. 2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ മാനേജര്‍, പ്രൊഫഷണല്‍ വിഭാഗങ്ങളിലേയും ശമ്പളവര്‍ധന വെറും 5 ശതമാനം മാത്രമായപ്പോള്‍ വിലവര്‍ധന 18 ശതമാനമായി.

അതിനിടെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023-ല്‍ 12,000-ലധികം സ്വകാര്യ മേഖലാ ജീവനക്കാരും 14,000-ലധികം തൊഴില്‍ രഹിതരും ആത്മഹത്യ ചെയ്തു. പ്രതിദിനം 34 സ്വകാര്യ മേഖലാ ജീവനക്കാരും 39 തൊഴില്‍ രഹിതരുമാണ്  ആത്മഹത്യ ചെയ്യുന്നത്.


പിന്‍കുറിപ്പ്: നീരാജ് ഗായ്‌വന്‍ സംവിധാനം ചെയ്ത ഹോംബൗണ്ട് എന്ന സിനിമ കാണുക. തൊഴിലും മാനവും തേടിയുള്ള ഉത്തരേന്ത്യന്‍ ഗ്രാമത്തിലെ രണ്ട് യുവാക്കളുടെ യഥാര്‍ഥ കഥയാണത്.


(ലേഖകന്‍ പാര്‍ലമെന്റ് അംഗവും ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമാണ്. കടപ്പാട് ഇന്ത്യന്‍ എക്‌സ്പ്രസ്)