ന്യൂഡല്‍ഹി: രാജ്യത്തെ സെമികണ്ടക്ടര്‍ നിര്‍മാണ മേഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയെ ആഗോള ഇലക്ട്രോണിക്സ് നിര്‍മാണ കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ (ഐ എസ് എം) 2.0 പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. പദ്ധതിക്കായി 1.27 ലക്ഷം കോടി രൂപ ചെലവഴിക്കും.
ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര ഐ ടി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ചിപ്പ് നിര്‍മാണത്തിനും അനുബന്ധ വ്യവസായങ്ങള്‍ക്കും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ച് വര്‍ഷം മുമ്പ് ആരംഭിച്ച ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്റെ തുടര്‍ച്ചയായാണ് സെമികോണ്‍ 2.0 പദ്ധതി നടപ്പാക്കുന്നത്. ചിപ്പ് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഈ മേഖലയിലെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ആദ്യഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 76,000 കോടി രൂപ വകയിരുത്തിയിരുന്നു. ഇതുവരെ പദ്ധതിയുടെ ഭാഗമായി 12 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ഏകദേശം 1.64 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇതിനകം ആകര്‍ഷിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇതില്‍ വലിയൊരു വിഹിതം ടാറ്റ ഇലക്ട്രോണിക്സ് ഉള്‍പ്പെടെയുള്ള കമ്പനികളില്‍ നിന്നാണ്.
സെമികോണ്‍ 2.0-യ്ക്ക് പുറമെ മൊബൈല്‍ ഫോണ്‍ മാനുഫാക്ചറിങ് സ്‌കീമിനും (എം പി എം എസ്) മന്ത്രിസഭ അംഗീകാരം നല്‍കി. 62,500 കോടി രൂപ വകയിരുത്തിയ ഈ പദ്ധതി രാജ്യത്തെ മൊബൈല്‍ ഫോണ്‍ നിര്‍മാണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
രാജ്യത്തെ യൂറിയ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള ദേശീയ യൂറിയ നിക്ഷേപ നയം- 2026നും മന്ത്രിസഭ അംഗീകാരം നല്‍കി. ഇത് നയപരമായ അംഗീകാരമാണെന്നും ഇതിനായി പ്രത്യേക സാമ്പത്തിക വകയിരുത്തല്‍ ഇപ്പോള്‍ നടത്തിയിട്ടില്ലെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഒഡീഷയിലെ പരദീപ്- ഹരിദാസ്പൂര്‍ റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ പദ്ധതിക്ക് 2,542 കോടി രൂപയും ഡാംഗോവാപോസി- രാജ്ഖര്‍സവാന്‍ നാലാം റെയില്‍പ്പാത നിര്‍മ്മാണത്തിന് 1,365 കോടി രൂപയും ചെലവഴിക്കുന്ന പദ്ധതികള്‍ക്കും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
ആകെ ഏഴ് പ്രധാന തീരുമാനങ്ങളാണ് മന്ത്രിസഭാ യോഗത്തില്‍ കൈക്കൊണ്ടതെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. വാരണാസിയിലെ അടിസ്ഥാനസൗകര്യ വികസനം, സെമികണ്ടക്ടര്‍ മിഷന്‍ 2.0, മൊബൈല്‍ ഫോണ്‍ നിര്‍മാണ പദ്ധതി, യൂറിയ നിക്ഷേപ നയം, റെയില്‍വേ വികസന പദ്ധതികള്‍ എന്നിവയാണ് പ്രധാന തീരുമാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
