ന്യൂഡല്‍ഹി: സി ബി എസ് ഇയുടെ പരീക്ഷാ സംവിധാനത്തിലെ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്ത 19കാരനായ ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഗവേഷകന്‍ നിസര്‍ഗ അഡികാരിക്ക് യു എസ് നീതിന്യായ വകുപ്പിന്റെ അംഗീകാരം. നിര്‍ണായക സുരക്ഷാ പിഴവ് ഉത്തരവാദിത്തത്തോടെ റിപ്പോര്‍ട്ട് ചെയ്തതിനാണ് അംഗീകാരം.
മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, യു എസ് നീതിന്യായ വകുപ്പിന്റെ നിയമ നിര്‍വഹണ സംവിധാനങ്ങളിലൊന്നില്‍ ഗുരുതര സുരക്ഷാ വീഴ്ച നിസര്‍ഗ കണ്ടെത്തുകയായിരുന്നു. ഇതുസംബന്ധിച്ച് അദ്ദേഹം വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കണ്ടെത്തല്‍ ശരിയാണെന്ന് അധികൃതര്‍ സ്ഥിരീകരിക്കുകയും ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കുകയും ചെയ്തതായി നിസര്‍ഗ പറഞ്ഞു.
വകുപ്പിന്റെ സൈബര്‍ സുരക്ഷാ അംഗീകാര പേജിന്റെ സ്‌ക്രീന്‍ഷോട്ട് നിസര്‍ഗ എക്‌സില്‍ പങ്കുവച്ചു. സുരക്ഷാ വീഴ്ചകള്‍ ഉത്തരവാദിത്തത്തോടെ റിപ്പോര്‍ട്ട് ചെയ്ത ഗവേഷകരെ ഈ പേജില്‍ പരാമര്‍ശിക്കുന്നുണ്ട്. സുരക്ഷാ വീഴ്ച റിപ്പോര്‍ട്ട് ചെയ്തതിന് തനിക്ക് പ്രതിഫലം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യു എസ് സൈനിക സംവിധാനത്തിലും സുരക്ഷാ വീഴ്ച കണ്ടെത്തി
യു എസ് സര്‍ക്കാര്‍ സംവിധാനവുമായി ബന്ധപ്പെട്ട നിസര്‍ഗയുടെ ആദ്യ കണ്ടെത്തലല്ല ഇത്. യു എസ് പ്രതിരോധ വകുപ്പിന്റെയോ സൈനിക സംവിധാനത്തിലെയോ ഒരു സുരക്ഷാ വീഴ്ചയും കണ്ടെത്തി ബന്ധപ്പെട്ട അധികൃതരെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
സുരക്ഷാ വീഴ്ച സാധുവാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചെങ്കിലും അത് പരിഹരിക്കുന്ന നടപടികള്‍ ഇപ്പോഴും തുടരുകയാണെന്നും നിസര്‍ഗ വ്യക്തമാക്കി. സുരക്ഷാ ഗവേഷകരില്‍നിന്ന് വീഴ്ചകളുടെ റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുന്ന ഹാക്കര്‍വണ്‍ പ്ലാറ്റ്ഫോമിലൂടെ യു എസ് പ്രതിരോധ വകുപ്പില്‍നിന്നും അദ്ദേഹത്തിന് നന്ദി അറിയിപ്പും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ കണ്ടെത്തിയ സുരക്ഷാ വീഴ്ചകളുടെ സാങ്കേതിക വിശദാംശങ്ങളോ ബാധിക്കപ്പെട്ട സംവിധാനങ്ങളുടെ വിവരങ്ങളോ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
സി ബി എസ് ഇ സുരക്ഷാ വീഴ്ച മുതല്‍ ഐ ഐ ടി കാണ്‍പൂര്‍ വരെ
2026ലാണ് സി ബി എസ് ഇയുടെ ഓണ്‍ലൈന്‍ സബ്മിഷന്‍ ഓഫ് മാര്‍ക്ക്സ് (ഒ എസ് എം) പോര്‍ട്ടലിലെ സുരക്ഷാ വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്തതിലൂടെ നിസര്‍ഗ ഇന്ത്യയില്‍ ശ്രദ്ധേയനായത്. ഫെബ്രുവരിയില്‍ സി ഇ ആര്‍ ടിയെ വിവരമറിയിച്ച ശേഷമാണ് മേയില്‍ കണ്ടെത്തലുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടതെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷാ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഈ കണ്ടെത്തലുകള്‍ ആശങ്ക ഉയര്‍ത്തിയിരുന്നു.
തുടര്‍ന്ന് ഐ ഐ ടി കാണ്‍പൂരിലെ സി3ഐഹബില്‍ ഓപ്പണ്‍ സോഴ്‌സ് ഇന്റലിജന്‍സ് (ഒ എസ് ഐ എന്‍ ടി) ആന്‍ഡ് ത്രെറ്റ് ഇന്റലിജന്‍സ് എന്‍ജിനീയറായി നിസര്‍ഗ ചേര്‍ന്നു.
നേരത്തെ ന്യൂഡല്‍ഹി സ്‌പേസ് സൊസൈറ്റിയില്‍ 2023ല്‍ വെബ് ഡെവലപ്പറായി ഇന്റേണ്‍ഷിപ്പ് ചെയ്തുകൊണ്ടാണ് സൈബര്‍ സുരക്ഷാ മേഖലയിലെ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഹാക്ക് ക്ലബ് സ്ഥാപിക്കുകയും സാങ്കേതിക സ്ഥാപനങ്ങളായ സ്‌കാന്‍, സൈഫറോക്ക്, വേവ്ലെങ്ത് എന്നിവയുമായി പ്രവര്‍ത്തിക്കുകയും ചെയ്തു.
'റാങ്ക് കഴിവിന്റെ അളവുകോലല്ല'
ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളും നിസര്‍ഗ ഉന്നയിച്ചിട്ടുണ്ട്. റാങ്ക്, മാര്‍ക്ക്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് അമിത പ്രാധാന്യം നല്‍കുന്നത് പ്രായോഗിക സാങ്കേതിക കഴിവുകളെ അവഗണിക്കാന്‍ ഇടയാക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
എന്നാല്‍ പരീക്ഷകളെ എതിര്‍ക്കുന്ന നിലപാടല്ല തന്റേതെന്ന് നിസര്‍ഗ വ്യക്തമാക്കി. ജെ ഇ ഇ പോലുള്ള പരീക്ഷകള്‍ ഗണിതശേഷിയും അച്ചടക്കവും സമ്മര്‍ദത്തിനിടയിലെ പ്രകടനവും വിലയിരുത്തുന്നതിനൊപ്പം ഐ ഐ ടികള്‍ പോലുള്ള സ്ഥാപനങ്ങളിലെ പരിമിതമായ സീറ്റുകള്‍ അനുവദിക്കുന്നതിനുള്ള സംവിധാനമായും പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, പരീക്ഷയിലെ പ്രകടനം മാത്രം ഒരാള്‍ക്ക് കമ്പ്യൂട്ടര്‍ സംവിധാനം നിര്‍മിക്കാനോ മനസ്സിലാക്കാനോ സുരക്ഷിതമാക്കാനോ കഴിയുമോ എന്ന് നിര്‍ണയിക്കാന്‍ മതിയായ മാനദണ്ഡമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
19-ാം വയസ്സില്‍ ഇന്ത്യന്‍ പരീക്ഷാ സംവിധാനത്തിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതില്‍നിന്ന് ഐ ഐ ടി കാണ്‍പൂരിലെ ഓപ്പണ്‍ സോഴ്‌സ് ഇന്റലിജന്‍സ്, ത്രെറ്റ് ഇന്റലിജന്‍സ് മേഖലകളിലെ പ്രവര്‍ത്തനത്തിലേക്കും യു എസ് സര്‍ക്കാര്‍ ഏജന്‍സികളിലെ സുരക്ഷാ വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലേക്കുമാണ് നിസര്‍ഗയുടെ സൈബര്‍ സുരക്ഷാ രംഗത്തെ വളര്‍ച്ച.
