യു കെയിലെ വ്യോമതാവളത്തിന് സമീപം അറസ്റ്റിലായവര്‍ വലിയ നാശനഷ്ടം ലക്ഷ്യമിട്ടവരെന്ന് ട്രംപ്

യു കെയിലെ വ്യോമതാവളത്തിന് സമീപം അറസ്റ്റിലായവര്‍ വലിയ നാശനഷ്ടം ലക്ഷ്യമിട്ടവരെന്ന് ട്രംപ്


വാഷിംഗ്ടണ്‍: ഇറാനെതിരായ യു എസ് സൈനിക നടപടികള്‍ക്ക് ഉപയോഗിച്ചിരുന്ന യു കെയിലെ റോയല്‍ എയര്‍ ഫോഴ്സ് ഫെയര്‍ഫോര്‍ഡ് വ്യോമതാവളത്തിന് സമീപം ഭീകരാക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന സംശയത്തില്‍ അറസ്റ്റിലായ അഞ്ചുപേര്‍ വലിയ നാശനഷ്ടം വരുത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു.

ബ്രിട്ടീഷ് അധികൃതരുമായി സഹകരിച്ചാണ് അഞ്ചുപേരെയും പിടികൂടിയതെന്നും ഇവര്‍ ഏറെക്കാലമായി യു എസ്  അന്വേഷണത്തിലായിരുന്നുവെന്നും ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സംശയാസ്പദരായവരെ ദീര്‍ഘകാലമായി നിരീക്ഷിച്ചുവരികയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ചയാണ് റോയല്‍ എയര്‍ ഫോഴ്സ് ഫെയര്‍ഫോര്‍ഡിന് സമീപം അഞ്ചുപേരെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ 12.45ഓടെ ഫെയര്‍ഫോര്‍ഡിലേക്ക് സഞ്ചരിച്ചിരുന്ന മൂന്ന് സംശയാസ്പദ വാഹനങ്ങളെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു.

ഗ്ലോസ്റ്റര്‍ഷെയറിലെ വെല്‍ഫോര്‍ഡ് പ്രദേശത്ത് എത്തിയ സായുധ പൊലീസ് സംഘം അഞ്ചുപേരെ സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചെന്ന സംശയത്തില്‍ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഭീകരാക്രമണത്തിന് തയ്യാറെടുത്തെന്ന സംശയത്തിലും ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചു.

സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ വലിയ സുരക്ഷാ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും ഫെയര്‍ഫോര്‍ഡിന് സമീപം റോഡ് തടസ്സങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. വാഹനങ്ങള്‍ക്ക് ചുറ്റും 400 മീറ്റര്‍ സുരക്ഷാ വലയം ഒരുക്കി ബ്രിട്ടീഷ് സൈന്യത്തിന്റെ സ്‌ഫോടകവസ്തു നിര്‍വീര്യമാക്കല്‍ വിഭാഗം പരിശോധന നടത്തി.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി 85ഓളം കുടുംബങ്ങളെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചതായി യു കെ കൗണ്ടര്‍ ടെററിസം വിഭാഗം ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മിഷണര്‍ വിക്കി ഇവന്‍സ് അറിയിച്ചു.

യൂറോപ്പിലെ യു എസ് വ്യോമസേനയുടെ പ്രധാന ബോംബര്‍ ഫോര്‍വേഡ് ഓപ്പറേറ്റിങ് കേന്ദ്രമാണ് ആര്‍ എ എഫ് ഫെയര്‍ഫോര്‍ഡ്. വിവിധ സൈനിക ദൗത്യങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കുമായി വര്‍ഷം മുഴുവന്‍ താവളം ഉപയോഗിക്കുന്നുണ്ട്.

ഫെബ്രുവരി 28ന് യു എസ്- ഇസ്രയേല്‍ സൈനിക നടപടി ഇറാനെതിരെ ആരംഭിച്ചതിന് പിന്നാലെ ഇറാനിലെ മിസൈല്‍ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഫെയര്‍ഫോര്‍ഡ് താവളം ഉപയോഗിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ യു എസ് സൈന്യത്തിന് അനുമതി നല്‍കിയിരുന്നു.

താവളത്തിലെ യു എസ്, ബ്രിട്ടീഷ് സൈനികര്‍ ജാഗ്രത തുടരുകയാണെന്നും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും യു എസ് വ്യോമസേനാ വക്താവ് അറിയിച്ചു. സുരക്ഷാ കാരണങ്ങളാല്‍ പ്രത്യേക സുരക്ഷാ നടപടികളുടെ വിശദാംശങ്ങള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇറാന്റെ ഏറ്റവും പുതിയ നിര്‍ദേശം ട്രംപ് നിരസിച്ചതായി അറിയിച്ചതിന് പിന്നാലെയാണ് ഫെയര്‍ഫോര്‍ഡിന് സമീപത്തെ സംഭവം.

ഇറാന്റെ മണ്ണിനെതിരായ ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഏത് സൈനിക താവളവും നിയമാനുസൃത ലക്ഷ്യമായി കണക്കാക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് ജൂലൈയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫെയര്‍ഫോര്‍ഡില്‍നിന്ന് പറക്കുന്ന യു എസ് ബി-1 ബോംബറുകളെയും പ്രസ്താവനയില്‍ പരാമര്‍ശിച്ചിരുന്നു.

ഫെയര്‍ഫോര്‍ഡിന് സമീപത്തെ സംഭവം പ്രദേശവാസികള്‍ക്കും രാജ്യത്തെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്കും ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് യു കെ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പറഞ്ഞു.

ഗ്ലോസ്റ്റര്‍ഷെയര്‍ പൊലീസ്, ഭീകരവിരുദ്ധ വിഭാഗം, സായുധസേന എന്നിവരെയും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. മുന്‍കരുതല്‍ പരിശോധനകള്‍ നടക്കുന്നതിനിടെ വീടുകളില്‍നിന്ന് ഒഴിഞ്ഞുപോകേണ്ടിവന്ന പ്രദേശവാസികളോട് പ്രത്യേക നന്ദിയും അദ്ദേഹം അറിയിച്ചു.

പൊതുജനങ്ങളുടെ സുരക്ഷയ്ക്കാണ് ഏറ്റവും ഉയര്‍ന്ന പരിഗണന നല്‍കുന്നതെന്നും സമൂഹങ്ങളുടെയും രാജ്യത്തിന്റെയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.