ആയുധമല്ല പരിഹാരം; ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് യുഎസ്

ആയുധമല്ല പരിഹാരം; ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് യുഎസ്


വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ ഭീകര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക മറുപടിയുമായി അമേരിക്ക. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് വക്താവ് മാത്യു മില്ലര്‍ പറയുന്നു.

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വിഷയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങളെ ചര്‍ച്ച ചെയ്ത് തീര്‍ക്കാന്‍ തങ്ങള്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  'ഭീകരരെ കൊല്ലാന്‍ അതിര്‍ത്തി കടക്കാന്‍ ഇന്ത്യ മടിക്കില്ല' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല പ്രസ്താവനയെ ഉദ്ധരിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഏപ്രില്‍ 5 ന് ബ്രിട്ടീഷ് പത്രമായ ദി ഗാര്‍ഡിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യ പാക്കിസ്ഥാനില്‍ ഒന്നിലധികം കൊലപാതകങ്ങള്‍ നടത്തിയതായി ആരോപിച്ചിരുന്നു. എന്നാല്‍ ഈ അവകാശവാദത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. കൊലപാതക ആരോപണത്തില്‍ ഇന്ത്യ-പാക് തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു.

റിപ്പോര്‍ട്ട് വന്ന് ദിവസങ്ങള്‍ക്ക് ശേഷം, ഉത്തരാഖണ്ഡിലെ ഋഷികേശില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, 'ഇന്ന്, രാജ്യത്ത് ശക്തമായ ഒരു സര്‍ക്കാരാണ്. ഈ മജ്ബൂട്ടിന് കീഴില്‍, അടങ്ക്വാദിയോന്‍ കോ ഘര്‍ മേം ഗുസ് കെ മാരാ ജാതാ ഹേ (ശക്തമായ മോദി സര്‍ക്കാരിന് കീഴില്‍, ഭീകരര്‍ അവരുടെ വീടുകളില്‍ കയറി കൊല്ലപ്പെടുന്നു.)

രാജ്യത്തിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭീകരരെ സര്‍ക്കാര്‍ വെറുതെവിടില്ലെന്നും അവര്‍ പാക്കിസ്ഥാനിലേക്ക് തിരിച്ചുപോയാലും വേട്ടയാടപ്പെടുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

അതേസമയം, പാകിസ്ഥാന്‍ ഈ പരാമര്‍ശങ്ങളെ 'പ്രകോപനപരം' എന്ന് വിളിക്കുകയും അത്തരം വാചാടോപങ്ങള്‍ 'ദീര്‍ഘകാലാടിസ്ഥാനത്തില്‍ സൃഷ്ടിപരമായ ഇടപെടലിന്റെ സാധ്യതകളെ തടസ്സപ്പെടുത്തുക' മാത്രമാണെന്നും പറഞ്ഞു. മേഖലയില്‍ സമാധാനത്തിനുള്ള പ്രതിബദ്ധത പാകിസ്ഥാന്‍ എല്ലായ്പ്പോഴും പ്രകടമാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.