'യുദ്ധം ഒരു ബോളിവുഡ് സിനിമയല്ല, ബുദ്ധിയില്ലാത്തവരാണ് നമ്മുടെ മേല്‍ യുദ്ധം അടിച്ചേല്‍പ്പിക്കുന്നത്'- മുന്‍ കരസേനാ മേധാവി മനോജ് നരവാനെ

'യുദ്ധം ഒരു ബോളിവുഡ് സിനിമയല്ല, ബുദ്ധിയില്ലാത്തവരാണ് നമ്മുടെ മേല്‍ യുദ്ധം അടിച്ചേല്‍പ്പിക്കുന്നത്'- മുന്‍ കരസേനാ മേധാവി മനോജ് നരവാനെ


പുനെ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം പെട്ടെന്ന് നിര്‍ത്തിവച്ചതിനെ ചോദ്യം ചെയ്തവരെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ മനോജ് നരവാനെ.
'യുദ്ധം പ്രണയപരമോ ബോളിവുഡ് സിനിമയോ അല്ലെന്ന് അദ്ദേഹം പറഞ്ഞു.

അനിവാര്യ സാഹചര്യത്തില്‍ യുദ്ധത്തിലേക്ക് പോകാന്‍ മടിക്കില്ലെങ്കിലും നയതന്ത്രത്തിനായിരിക്കണം എപ്പോഴും മുന്‍ഗണന വേണ്ടതെന്ന് ഞായറാഴ്ച പൂനെയില്‍ നടന്ന ഒരു പരിപാടിയില്‍ നരവാനെ വ്യക്തമാക്കി.

അതിര്‍ത്തിക്കടുത്ത് താമസിക്കുന്ന സാധാരണക്കാര്‍, പ്രത്യേകിച്ച് രാത്രികാല ഷെല്ലാക്രമണം സഹിച്ച് അഭയം തേടാന്‍ നിര്‍ബന്ധിതരാകുന്ന കുട്ടികള്‍ അനുഭവിക്കുന്ന വൈകാരികവും മാനസികവുമായ ആഘാതവും അദ്ദേഹം എടുത്തുപറഞ്ഞു.

'പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക്, ആ ആഘാതം തലമുറകളിലൂടെ പകരും.  ഭയാനകമായ രംഗങ്ങള്‍ കണ്ട ആളുകള്‍ 20 വര്‍ഷത്തിനുശേഷവും ഞെട്ടി വിയര്‍ക്കുന്ന പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍  ഉണ്ടാകും. അവര്‍ക്ക് മാനസിക പരിചരണം ആവശ്യമാണ്- അദ്ദേഹം പറഞ്ഞു.

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഒരു പരിപാടിയില്‍സംസാരിക്കുകയായിരുന്നു നരവാനെ.

'യുദ്ധം പ്രണയപരമല്ല. അത് നിങ്ങള്‍ കാണുന്ന ബോളിവുഡ് സിനിമയല്ല. അത് വളരെ ഗൗരവമുള്ള കാര്യമാണ്. യുദ്ധമോ അക്രമമോ നമ്മള്‍ അവസാനമായി ആശ്രയിക്കേണ്ട ഒന്നല്ല, അതുകൊണ്ടാണ് ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞത്. ബുദ്ധിശൂന്യരായ ആളുകള്‍ നമ്മുടെ മേല്‍ യുദ്ധം അടിച്ചേല്‍പ്പിക്കുമെങ്കിലും, നമ്മള്‍ അതിന് വേണ്ടി ആവേശം കൊള്ളരുത്, ആഹ്ലാദിക്കരുത്,' അദ്ദേഹം പറഞ്ഞു.

'നമ്മള്‍ എന്തുകൊണ്ട് ഒരു പൂര്‍ണ്ണ യുദ്ധത്തിന് പോകുന്നില്ല എന്ന് ആളുകള്‍ ചോദിക്കുന്നു. ഒരു സൈനികനെന്ന നിലയില്‍, ഉത്തരവിട്ടാല്‍, ഞാന്‍ യുദ്ധത്തിന് പോകും, പക്ഷേ അത് എന്റെ ആദ്യ തിരഞ്ഞെടുപ്പായിരിക്കില്ല,' മുന്‍ ഇന്ത്യന്‍ ആര്‍മി മേധാവി പറഞ്ഞു.

നയതന്ത്രം, സംഭാഷണത്തിലൂടെ ഭിന്നതകള്‍ പരിഹരിക്കുക, സായുധ സംഘട്ടനത്തിന്റെ ഘട്ടത്തിലെത്താതിരിക്കുക എന്നിവയാണ് തന്റെ ആദ്യ തിരഞ്ഞെടുപ്പെന്ന് നരവാനെ പറഞ്ഞു.

'ദേശീയ സുരക്ഷയില്‍ നാമെല്ലാവരും തുല്യ പങ്കാളികളാണ്. രാജ്യങ്ങള്‍ക്കിടയില്‍ മാത്രമല്ല, നമുക്കിടയിലും, കുടുംബങ്ങളിലായാലും സംസ്ഥാനങ്ങള്‍ക്കിടയിലായാലും, പ്രദേശങ്ങള്‍, സമൂഹങ്ങള്‍ക്കിടയിലായാലും, ഭിന്നതകള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. അക്രമം ഉത്തരമല്ല,'- അദ്ദേഹം പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി പാകിസ്താനിലെയും പാകിസ്താന്‍ അധിനിവേശ കശ്മീരിലെയും ഏഴ് ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കാന്‍ മെയ് 7 ന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചു. കര, വ്യോമ, കടല്‍ മേഖലകളിലെ എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും നിര്‍ത്തലാക്കാന്‍ ഇന്ത്യയും പാകിസ്താനും ശനിയാഴ്ച ധാരണയിലെത്തി.