ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. അപകടത്തിനു കാരണം പക്ഷി ഇടിച്ചതോ വിമാനത്തിന്റെ അമിതഭാരമോ അല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അന്വേഷണത്തില്‍ പക്ഷി ഇടിച്ചതായോ പക്ഷിയുടെ ശരീരമോ കണ്ടെത്താനായിട്ടില്ല. വിമാനത്തിലെ ചില സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ അമിതഭാരമല്ല അപകടത്തിനു കാരണമെന്നും കണ്ടെത്തി. പൈലറ്റിന് പിഴവിയുണ്ടായിട്ടില്ല. അപകടത്തിന് മുമ്പുള്ള കോക്ക്പിറ്റ് ക്രൂവിന്റെ പ്രവര്‍ത്തനങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങളില്‍ നിന്നും വ്യത്യസ്തമല്ലായിരുന്നു. അതിനാല്‍ അപകടം പൈലറ്റിന്റെ പിഴവ് മൂലമല്ലെന്നാണ് മനസ്സിലാക്കുന്നത്.
വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും ഒരേസമയം തകരാറിലാകില്ലെന്നും അട്ടിമറിക്കുള്ള സാധ്യതയില്ലെന്നും പ്രാഥമിക വിലയിരുത്തലില്‍ പറയുന്നുണ്ട്.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ ബോയിംഗ് 787 ഉള്‍പ്പെടുന്ന ആദ്യത്തെ വിമാനാപകടമാണ് അഹമ്മദാബാദിലേതെന്നതിനാല് സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ടാണ് പ്രതീക്ഷിക്കുന്നത്.
സമഗ്രമായമായ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം അപകടത്തിന്റെ അന്തിമ കാരണങ്ങള്‍ ഡിജിസിഎ, എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ്, ബോയിങ് എന്നിവ തീരുമാനിക്കും. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍, ബ്ലാക്ക് ബോക്സ് റെക്കോര്‍ഡിങ്സ്, ഫ്ളൈറ്റ് ഡേറ്റ, എയര്‍ ട്രാഫിക് കണ്ട്രോള് ലോഗുകള്‍ എന്നിവ ലഭിച്ചതായും ഇതിന്റെയെല്ലാം പൂര്‍ണമായ സാങ്കേതിക, ഫോറന്‍സിക് പരിശോധനയ്ക്കു ശേഷം മാത്രമേ അന്തിമ കാരണങ്ങളിലേക്ക് എത്തിച്ചേരാനാകൂ എന്നും അധികൃതര്‍ വ്യക്തമാക്കി.