എല്ലാവര്‍ക്കും നിയമം തുല്യമായിരിക്കുമോ?; ഗിച്ചിബൗളി പൊലീസിന് മറുപടി നല്‍കി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ സ്മിത സബര്‍വാള്‍

എല്ലാവര്‍ക്കും നിയമം തുല്യമായിരിക്കുമോ?; ഗിച്ചിബൗളി പൊലീസിന് മറുപടി നല്‍കി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ സ്മിത സബര്‍വാള്‍


ഹൈദരബാദ്: ഗച്ചിബൗളി പൊലീസ് പുറപ്പെടുവിച്ച നോട്ടീസിന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ സ്മിത സബര്‍വാള്‍ മറുപടി നല്‍കി. ഗച്ചിബൗളി പൊലീസ് അധികാരികളുമായി പൂര്‍ണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും ബിഎന്‍എസ്എസ് നിയമപ്രകാരം നിയമം അനുസരിക്കുന്ന പൗരനെന്ന നിലയില്‍ വിശദമായ പ്രസ്താവന നല്‍കിയിട്ടുണ്ടെന്നും സ്മിത സബര്‍വാള്‍ എക്സില്‍ കുറിച്ചു. 

സാമൂഹ്യ മാധ്യമത്തിലെ രണ്ടായിരം പേര്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടെന്നും എല്ലാവര്‍ക്കുമെതിരെ ഒരേ നടപടി സ്വീകരിക്കുമോ എന്ന കാര്യത്തില്‍ തനിക്ക് വ്യക്തത വേണമെന്നും ഇല്ലെങ്കില്‍ ഇത് സെലക്ടീവ് ടാര്‍ഗെറ്റിംഗിനെക്കുറിച്ചുള്ള ആശങ്ക ഉയര്‍ത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിയമത്തിന് മുന്നില്‍ പ്രകൃതി നീതിയുടെയും സമത്വത്തിന്റെയും തത്ത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നുവെന്നും അവര്‍ എഴുതി. 

കാഞ്ചെ ഗച്ചിബൗളി ഭൂമി തര്‍ക്കത്തെക്കുറിച്ചുള്ള പൊതു ചര്‍ച്ചകള്‍ക്കിടയില്‍ മണ്ണെടുക്കുന്ന ഉപകരണങ്ങളുടേയുംയും മയിലുകളെപ്പോലുള്ള വന്യജീവികളെയും ചിത്രീകരിക്കുന്ന എ ഐ ചിത്രം സ്മിത സബര്‍വാള്‍ ഉള്‍പ്പെടെ പങ്കുവെച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്. പ്രദേശത്ത് നടന്ന പരിസ്ഥിതി നാശത്തെയും സംശയാസ്പദമായ ഭൂമി പ്രവര്‍ത്തനങ്ങളെയും പ്രതീകാത്മകമായി പരാമര്‍ശിക്കുന്ന ചിത്രമായാണ് ചിലര്‍ ഇതിനെ കണ്ടത്.

വൈറല്‍ പോസ്റ്റിനെ തുടര്‍ന്ന് തെലങ്കാന സര്‍ക്കാര്‍ 'തെറ്റായ പ്രചാരണം' എന്ന് വിശേഷിപ്പിച്ച് നടപടിയെടുക്കാന്‍ തീരുമാനിക്കുകയും ഒന്നിലേറെ പേര്‍ക്ക് നോട്ടീസ് നല്‍കാന്‍ പൊലീസിനോട് ആവശ്യപ്പെടുകയുമായിരുന്നു. 

ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്എസ്) സെക്ഷന്‍ 179 പ്രകാരം നോട്ടീസ് ലഭിച്ചവരില്‍ സബര്‍വാളും ഉള്‍പ്പെടുന്നു.

ആവിഷ്‌കാര സ്വാതന്ത്ര്യം, ഉത്തരവാദിത്വം, ഡിജിറ്റല്‍ ഇടങ്ങളില്‍ നിയമത്തിന്റെ തുല്യ പ്രയോഗം തുടങ്ങി നിരവധി ചര്‍ച്ചകള്‍ക്കാണ് സബര്‍വാളിന്റെ പ്രതികരണം തുടക്കമിട്ടത്. 

2001 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയായ സ്മിത സബര്‍വാള്‍ നിലവില്‍ തെലങ്കാനയിലെ യുവജന വികസനം, ടൂറിസം, സാംസ്‌കാരികം എന്നീ വകുപ്പുകളുടെ സെക്രട്ടറിയായാണ് സേവനമനുഷ്ഠിക്കുന്നത്. കെ സി ആറിന്റെ ഭരണകാലത്ത് അവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ (സിഎംഒ) സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു.

ഹൈദരബാദ് സര്‍വകലാശാലയ്ക്ക് സമീപത്തെ 400 ഏക്കര്‍ കാഞ്ച ഗച്ചിബൗളി വനം നശിപ്പിക്കാന്‍ തീരുമാനിച്ച തെലങ്കാന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഹായ് ഹൈദരബാദ് എന്ന എക്‌സ് ഹാന്‍ഡില്‍ പങ്കുവെച്ച ഗിബ്ലി ചിത്രം സ്മിത സബര്‍വാള്‍ റീപോസ്റ്റ് ചെയ്യുകയായിരുന്നു. 

വനം വെട്ടിത്തെളിയിച്ച് ഐ ടി പാര്‍ക്ക് നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ വിദ്യാര്‍ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് സ്മിത സബര്‍വാള്‍ പോസ്റ്റ് പങ്കുവെച്ചത്. തെലങ്കാന സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചെങ്കിലും ഹൈദരബാദ് കേന്ദ്ര സര്‍വകലാശാല ഉള്‍പ്പെടെ രണ്ടായിരം ഏക്കര്‍ വിസ്തൃതിയില്‍ ലോകത്തിലെ ഏറ്റവും വലിയ ഇക്കോ പാര്‍ക്കുകളില്‍ ഒന്നായി മാറ്റാനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. 

നേരത്തെയും നിരവധി വിഷയങ്ങളിലെ അഭിപ്രായ പ്രകടനങ്ങള്‍ സ്മിത സബര്‍വാളിനെ വിവാദത്തില്‍ ചാടിച്ചിരുന്നു. ബില്‍ക്കീസ് ബാനു കേസ്, വികലാംഗര്‍ക്കുള്ള സംവരണവുമായി ബന്ധപ്പെട്ട പരാമര്‍ശം തുടങ്ങി നിരവധി കാര്യങ്ങളില്‍ സ്മിത ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികളെ വിട്ടയച്ചതിനെതിരെ സ്മിത പങ്കുവെച്ച പോസ്റ്റാണ് വലിയ വിമര്‍ശനം വിളിച്ചുവരുത്തിയത്.