'ട്രംപ് നമ്മുടെ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോകുമോ?' കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തിന് ബി ജെ പിയുടെ 'ആന്റി-ഇന്ത്യ' മറുപടി

'ട്രംപ് നമ്മുടെ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോകുമോ?' കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തിന് ബി ജെ പിയുടെ 'ആന്റി-ഇന്ത്യ' മറുപടി


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ച് വെനിസ്വേലയുമായി താരതമ്യം നടത്തിയ കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്റെ സമീപകാല പരാമര്‍ശങ്ങളെ ബി ജെ പി ശക്തമായി അപലപിച്ചു. ബി ജെ പി വക്താവ് പ്രദീപ് ഭണ്ഡാരി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ ചവാന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ പ്രതികരണം രേഖപ്പെടുത്തി. കോണ്‍ഗ്രസ് പുതിയ താഴ്ചകളിലേക്കാണ് വീഴുന്നതെന്ന് ആരോപിച്ചു.

ഇന്ത്യയ്ക്ക് വെനിസ്വേലയെപ്പോലൊരു അവസ്ഥ നേരിടേണ്ടിവരുമെന്ന് ചവാന്‍ സൂചിപ്പിച്ചതിനെ ഭണ്ഡാരി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ ലജ്ജയില്ലാതെ ഇന്ത്യയുടെ സാഹചര്യത്തെ വെനിസ്വേലയുമായി താരതമ്യം ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ വ്യക്തമായ ആന്റി- ഇന്ത്യ മനോഭാവമാണ് കാണിക്കുന്നത് എന്ന് ഭണ്ഡാരി പറഞ്ഞു. യു എസ് സേന വെനിസ്വേലയിലെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയെന്ന സമീപകാല സംഭവത്തെ പരാമര്‍ശിച്ചായിരുന്നു ചവാന്റെ ചോദ്യം.

ഭണ്ഡാരി പങ്കുവച്ച ഒരു വീഡിയോ ക്ലിപ്പില്‍ 'വെനിസ്വേലയിലുണ്ടായ സംഭവം ഇന്ത്യയിലും സംഭവിക്കുമോ എന്നതാണ് യഥാര്‍ഥ ചോദ്യം. ട്രംപ് നമ്മുടെ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോകുമോ?' എന്നാണ് ചവാന്‍ ചോദിക്കുന്നതായി കാണുന്നത്. ഈ പരാമര്‍ശത്തിന് ചവാനോ കോണ്‍ഗ്രസോ ഇതുവരെ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല. മുന്‍ ജമ്മു-കശ്മീര്‍ ഡി ജി പി എസ് പി വൈദും ചവാന്റെ വാക്കുകളെ അപലപിച്ചു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളില്‍ അദ്ദേഹത്തിന് ലജ്ജ തോന്നിയില്ലേയെന്ന് വൈദ് ചോദിച്ചു. എക്സിലെ ഒരു വീഡിയോ സന്ദേശത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതിയായ നിരാശയുണ്ട്, അതിനാലാണ് അവര്‍ ആന്റി-ഇന്ത്യ പ്രസ്താവനകള്‍ നടത്തുന്നത്. ഇത് പറയുമ്പോള്‍ ലജ്ജ കൊണ്ട് തല താഴ്‌ത്തേണ്ടതല്ലേ? നിങ്ങള്‍ ഒരു രാജ്യക്കാരനല്ലേ? ട്രംപും യു എസും വെനിസ്വേലയോട് ചെയ്തത് അവര്‍ക്കു തന്നെ അപമാനകരമാണ്. അതേ കാര്യം നിങ്ങളുടെ രാജ്യത്തും നടക്കണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? നിങ്ങള്‍ക്ക് മോഡിയോടുള്ള വെറുപ്പ് ഇത്രയാണോ? എന്ന് വൈദ് ചോദിച്ചു.

യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നര്‍ക്കോ-ടെററിസം ആരോപിച്ച് യു എസ് സേന വെനിസ്വേലയിലെ നിക്കോളാസ് മഡൂറോയെ പിടികൂടിയതായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഈ വിവാദം. നിരവധി രാജ്യങ്ങള്‍ ഈ നടപടിയെ അപലപിച്ചു. ഇന്ത്യയും ആശങ്ക പ്രകടിപ്പിക്കുകയും വെനിസ്വേലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സമാധാനപരമായ സംഭാഷണം ആവശ്യപ്പെടുകയും ചെയ്തു.