ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഡെംചോക്കിലും ദെപ്‌സാങ് സമതലത്തിലും ഇന്ത്യ, ചൈന സൈനികരുടെ പിന്മാറ്റം പൂര്‍ത്തിയായി. ഇവിടെ പട്രോളിങ് ഉടന്‍ പുനരാരംഭിക്കും.
സൈനിക പിന്മാറ്റത്തിനൊപ്പം ഇവിടെ നടത്തിയ താത്കാലിക നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റി. പ്രതിരോധ സാമഗ്രികളും സൈനിക വാഹനങ്ങളും ബേസ് ക്യാംപുകളിലേക്കു തിരികെക്കൊണ്ടുപോയി.
ഇരുസേനകളും ദീപാവലി ആശംസകളും മധുരവും കൈമാറുമെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചെങ്കിലും അത് എവിടെ വച്ചായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. അതിര്‍ത്തിയിലുടനീളം വിവിധ സൈനിക പോസ്റ്റുകളില്‍ മധുരം കൈമാറുന്നതാണു സംഘര്‍ഷത്തിനു മുന്‍പുള്ള രീതി.
ഇരുപക്ഷത്തിന്റേയും പരിശോധനകള്‍ തുടരുകയാണ്. ഇതിനുശേഷമാകും പട്രോളിങ് സംബന്ധിച്ച തീരുമാനം. ഇതിനായി കമാന്‍ഡര്‍മാര്‍ കൂടിക്കാഴ്ച നടത്തും. 2020 ഏപ്രിലിനു മുന്‍പുള്ള സ്ഥിതിയില്‍ പട്രോളിങ് നടത്താനാണ് ധാരണ.
നാലു വര്‍ഷത്തെ സംഘര്‍ഷത്തിനു ശേഷമാണ് കിഴക്കന്‍ ലഡാക്കില്‍ യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍എസി) സമാധാനത്തിലേക്കു മടങ്ങുന്നത്. 2020 ജൂണില്‍ ഗാല്‍വന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തിനുശേഷം ഇരുപക്ഷവും ഇവിടെ വന്‍തോതില്‍ സേനയെ വിന്യസിച്ചിരുന്നു.
ഇപ്പോഴുണ്ടായ സമവായം ഉഭയകക്ഷി ബന്ധത്തെ സുഗമമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫെയ്‌ഹോങ് പ്രത്യാശ പ്രകടിപ്പിച്ചു. ഏതെങ്കിലും പ്രത്യേക വിയോജിപ്പുകള്‍ ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സൈനിക പിന്മാറ്റം ശരിയായ ക്രമത്തില്‍ നടക്കുകയാണെന്നു ചൈനീസ് വിദേശകാര്യ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു.