വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നടപടികള്‍ ശക്തമാക്കുന്നതിനിടെ കുടിയേറ്റക്കാരോട് സ്വമേധയാ രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡി എച്ച് എസ്) പുറത്തിറക്കിയ പോസ്റ്ററിനെതിരെ വ്യാപക പ്രതിഷേധം. 'വംശീയവും ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ളതുമാണ്' പോസ്റ്ററെന്ന് വിമര്‍ശകര്‍ ആരോപിച്ചു. സിഖ് സംഘടനകളും സമൂഹമാധ്യമ ഉപയോക്താക്കളും രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി.
കുടിയേറ്റക്കാര്‍ 'സ്വയം നാടുകടത്തല്‍' പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ഡി എച്ച് എസ് പോസ്റ്റര്‍ പുറത്തിറക്കിയത്. 'ട്രാന്‍സ്‌ഫോര്‍മേഴ്‌സ്' സിനിമാ പരമ്പരയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് തോന്നിക്കുന്ന പോസ്റ്ററില്‍ 'സ്വയം നാടുകടത്തുക, അല്ലെങ്കില്‍ ഫലം അനുഭവിക്കുക' എന്ന മുന്നറിയിപ്പാണുള്ളത്.
'ഞങ്ങളുടെ റോഡുകളില്‍നിന്ന് പുറത്തുപോകൂ. ഡ്രൈവ് ചെയ്യാനറിയില്ല, മിസ്റ്റര്‍ സിങ്' എന്ന ഉപവാചകവും പോസ്റ്ററിലുണ്ട്.
അമേരിക്കയില്‍ ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെട്ട നിരവധി ട്രക്ക് അപകടങ്ങളില്‍ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന ഇന്ത്യന്‍ പൗരന്മാരാണ് വാഹനമോടിച്ചിരുന്നതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഡ്രൈവിംഗ് പരാമര്‍ശിച്ചുള്ള പോസ്റ്റര്‍ പുറത്തിറക്കിയത്. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വാണിജ്യ ഡ്രൈവിങ് ലൈസന്‍സുകള്‍ (സി ഡി എല്‍) സംബന്ധിച്ച ചട്ടങ്ങള്‍ കര്‍ശനമാക്കാനും ചില തൊഴില്‍ അനുമതികള്‍ താത്ക്കാലികമായി നിര്‍ത്തിവയ്ക്കാനും അമേരിക്ക നടപടിയെടുത്തിരുന്നു.
'വംശീയവും ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ളതും'
ഡി എച്ച് എസ് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ കടുത്ത ചര്‍ച്ചയ്ക്കിടയാക്കി. ഇന്ത്യക്കാരെ പ്രത്യേകം ലക്ഷ്യമിടുന്നതും ഇന്ത്യന്‍- അമേരിക്കന്‍ സമൂഹത്തിനെതിരായ വിദ്വേഷത്തിന് ഇടയാക്കുന്നതുമാണ് പ്രചാരണമെന്നാണ് വിമര്‍ശനം.
ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ പ്രചാരണത്തെ അപലപിച്ചു. 'ഇന്ത്യാ വിരുദ്ധ പ്രൊഫൈലിങ്' ആണ് ഡി എച്ച് എസ് നടത്തുന്നതെന്ന് സംഘടന ആരോപിച്ചു.
'സിംഗ് എന്നത് ഹിന്ദുക്കളുടെയും സിഖുകാരുടെയും പേരാണ്. അവര്‍ വാഹനമോടിക്കുകയും ചെയ്യുന്നു. ഡി എച്ച് എസ് നടത്തുന്ന വംശീയവും അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് വിരുദ്ധവും ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ളതുമായ പ്രചാരണം രാജ്യത്തിന്റെ കൂട്ടായ മനഃസാക്ഷിയെ ഞെട്ടിക്കേണ്ടതാണ്' എന്ന് സംഘടന എക്സില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു.
പോസ്റ്ററിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനോടും (എഫ് ബി ഐ) സംഘടന ആവശ്യപ്പെട്ടു. 'ട്രാന്‍സ്‌ഫോര്‍മേഴ്‌സ്' സിനിമാ പരമ്പരയുടെ വിതരണക്കാരായ പാരമൗണ്ട് പിക്‌ചേഴ്‌സും വിഷയത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഫോക്‌സ് 7 ന്യൂസ് അവതാരകന്‍ അലക് നോളനും പോസ്റ്ററിനെ വിമര്‍ശിച്ചു. 'സിംഗ്' എന്ന കുടുംബപ്പേരുള്ള എല്ലാവരെയും അപമാനിക്കുന്നതാണ് പോസ്റ്ററെന്ന് അദ്ദേഹം പറഞ്ഞു.
'എന്റെ മുത്തച്ഛന്റെ പേര് ഡാന്‍ സിംഗ് എന്നായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് കതാ സിംഗ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മെച്ചപ്പെട്ട ജീവിതം തേടി ഇന്ത്യയില്‍നിന്ന് അമേരിക്കയിലെത്തി. കാലിഫോര്‍ണിയയില്‍ അദ്ദേഹം ഉണക്കമുന്തിരി കര്‍ഷകനായി. പിന്നീട് എന്റെ മുത്തച്ഛന്‍ കുടുംബ ബിസിനസ് ഏറ്റെടുക്കുകയും ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയും ചെയ്തു. ഈ പോസ്റ്റ് വംശീയവും സിംഗ് എന്ന കുടുംബപ്പേരുള്ള എല്ലാവരെയും അപമാനിക്കുന്നതുമാണ്' എന്ന് അലക് നോളന്‍ എക്സില്‍ കുറിച്ചു.
ട്രംപ് ഭരണകൂടം കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുകയും വിദേശത്ത് ജനിച്ച വാണിജ്യ ട്രക്ക് ഡ്രൈവര്‍മാരുടെ പരിശോധന ശക്തമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യന്‍- അമേരിക്കന്‍ സമൂഹത്തില്‍ ഡി എച്ച് എസ് പ്രചാരണം കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
'സിഖുകാരെ ഇപ്പോഴും ലക്ഷ്യമിടുന്നു'
ഡി എച്ച് എസ് പോസ്റ്ററിനെതിരെ സിഖ് കോയലിഷനും രംഗത്തെത്തി.
'9/11 ആക്രമണത്തിന് 25 വര്‍ഷങ്ങള്‍ക്കുശേഷവും സിഖുകാര്‍ അവരുടെ രൂപത്തിന്റെ പേരില്‍ ഇപ്പോഴും ലക്ഷ്യമിടപ്പെടുകയും പ്രൊഫൈല്‍ ചെയ്യപ്പെടുകയും ചെയ്യുന്നു' എന്ന് സംഘടന എക്സില്‍ കുറിച്ചു.
അമേരിക്കയിലെ ദശലക്ഷക്കണക്കിന് സിഖുകാര്‍ക്ക് 'സിംഗ്' എന്ന കുടുംബപ്പേരുണ്ടെന്നും അതിന്റെ അര്‍ഥം 'സിംഹം' എന്നാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
'സര്‍ക്കാര്‍ ഞങ്ങളെ ശത്രുക്കളായി ചിത്രീകരിക്കുമ്പോഴും സിഖുകാരെന്ന നിലയിലുള്ള വ്യക്തിത്വം തുറന്നുപറയുന്നതില്‍ ഞങ്ങള്‍ ഭയമില്ലാതെ തുടരുന്നു' എന്നും സിഖ് കോയലിഷന്‍ വ്യക്തമാക്കി.
