ബ്രിക്‌സ് ഉച്ചകോടിക്കിടെ മോഡി- ഷി ജിന്‍പിങ് കൂടിക്കാഴ്ച; ഏഴ് വര്‍ഷത്തിന് ശേഷം ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലെത്തുന്നു

ബ്രിക്‌സ് ഉച്ചകോടിക്കിടെ മോഡി- ഷി ജിന്‍പിങ് കൂടിക്കാഴ്ച; ഏഴ് വര്‍ഷത്തിന് ശേഷം  ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലെത്തുന്നു


ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ശനിയാഴ്ച ന്യൂഡല്‍ഹിയിലെത്തും. 2019നുശേഷം ആദ്യമായാണ് ഷി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യ- ചൈന ബന്ധത്തില്‍ സൂക്ഷ്മമായ പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഷിയുടെ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്.

രണ്ടുദിവസത്തെ ഉച്ചകോടി പൂര്‍ത്തിയാക്കി ഞായറാഴ്ച ഷി മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഇന്ത്യാ സന്ദര്‍ശനത്തേക്കാള്‍ വലിയ ഔദ്യോഗിക- വാണിജ്യ പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്നാണ് സൂചന.

ഉച്ചകോടിക്കിടെ ശനിയാഴ്ച തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഷി ജിന്‍പിങും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ഏഴ് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ഇരുനേതാക്കളും നടത്തുന്ന ആദ്യ ഔദ്യോഗിക ചര്‍ച്ചയായിരിക്കും ഇത്. കഴിഞ്ഞയാഴ്ച കിര്‍ഗിസ്ഥാനില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ് സി ഒ) ഉച്ചകോടിക്കിടെ ഇരുവരും ഹസ്തദാനം നടത്തിയിരുന്നു.

2020ലെ ഗാല്‍വന്‍ താഴ്വരയിലെ രൂക്ഷമായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഇന്ത്യ- ചൈന ബന്ധത്തില്‍ വലിയ വിള്ളലുണ്ടായിരുന്നു. പിന്നീട് 2024ന്റെ അവസാനത്തോടെ ഇരുരാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ പതുക്കെ പുന:രാരംഭിച്ചു.

പ്രത്യേക പ്രതിനിധികളുടെ നേതൃത്വത്തിലുള്ള അതിര്‍ത്തി ചര്‍ച്ചകള്‍ വീണ്ടും സജീവമായി. വിമാന സര്‍വീസുകളും തീര്‍ഥാടന യാത്രകളും പുന:രാരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം റെക്കോര്‍ഡ് 155 ബില്യണ്‍ ഡോളറിലെത്തുകയും ചെയ്തു.

വിപുലീകരിച്ച ബ്രിക്‌സ് കൂട്ടായ്മയിലെ മറ്റ് രാജ്യങ്ങളുടെ നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുക്കും. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍  പുടിനും ഇതില്‍ ഉള്‍പ്പെടുന്നു.

ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ ബഹുകേന്ദ്ര ലോകക്രമത്തെ പിന്തുണയ്ക്കുന്ന നിലപാട് ശക്തമായി മുന്നോട്ടുവയ്ക്കാനുള്ള അവസരമാണ് ഇന്ത്യക്ക് ലഭിക്കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷം ഷി ജിന്‍പിങ് ഇന്ത്യയിലെത്തുന്നത് ന്യൂഡല്‍ഹിയുമായുള്ള ഉന്നതതല നയതന്ത്ര ബന്ധം വീണ്ടും സജീവമായതിന്റെ വ്യക്തമായ സൂചനയായാണ് ബിജിംഗ് വിലയിരുത്തുന്നത്.