പിന്നോട്ടുള്ള നടപ്പ്

പിന്നോട്ടുള്ള നടപ്പ്

Photo Caption


യൂണിഫൈഡ് സിവില്‍ കോഡ് അഥവാ ഏകീകൃത വ്യക്തിനിയമം ബിജെപിയുടെ സുപ്രധാന അജണ്ടകളില്‍ ഒന്നാണ്. നിലവില്‍ വിവാഹം, വിവാഹമോചനം, ജീവനാംശം, ദത്തെടുക്കല്‍, അനന്തരാവകാശം തുടങ്ങിയ സിവില്‍ ബന്ധങ്ങളെ നിലവില്‍ നിയന്ത്രിക്കുന്നത് ബന്ധപ്പെട്ട വ്യക്തികളുടെ മതനിയമങ്ങളാണ്. അതു മാറ്റി എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്കും ഏകീകൃത നിയമങ്ങള്‍ ബാധകമാക്കുന്നതിന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ കാലം മുതലുള്ള പരിശ്രമം ചില മതവിഭാഗങ്ങളുടെ, പ്രത്യേകിച്ച് മുസ്ലീമുകളുടെ, എതിര്‍പ്പുമൂലം സാധിച്ചില്ല. അതിനുള്ള ഇച്ഛാശക്തി ഒരു ഗവണ്മെന്റിനും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഒരു രാജ്യം, ഒരു ജനത, ഒരേ നിയമം എന്ന മുദ്രാവാക്യം മുഴക്കുന്ന ബിജെപി പോലും രാജ്യത്തൊട്ടാകെ ബാധകമായ നിയമം കൊണ്ടുവരാന്‍ അറച്ചുനില്‍ക്കുകയാണ്. അതില്‍ ക്ഷമനശിച്ച ചില സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് അത് നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു.

ഉത്തരാഖണ്ഡ് ആണ് ഇക്കാര്യത്തില്‍ പയനിയര്‍. കഴിഞ്ഞ മാസം ആദ്യം അവിടുത്തെ ബിജെപി ഗവണ്മെന്റ് ഏകീകൃത സിവില്‍ നിയമം പാസാക്കി. വ്യക്തിനിയമമനുസരിച്ച് നാല് സ്ത്രീകളെ കെട്ടാനും ഇഷ്ടംപോലെ മൊഴിചൊല്ലി ഒഴിവാക്കാനും കഴിയുന്നവര്‍, ഏകപത്‌നീവ്രതം അടിച്ചേല്പിക്കുന്നതിനെതിരെ രംഗത്തുവരുന്നത് സ്വാഭാവികം. വേഷം മാറിയ ഹിന്ദു കോഡാണ് യൂണിഫോം സിവില്‍ കോഡ് എന്ന പേരില്‍ അടിച്ചേല്‍പിച്ചിരിക്കുന്നതെന്ന വിമര്‍ശനവും സ്വാഭാവികം. കാരണം 1955ലെ ഹിന്ദു വിവാഹ നിയമം, 1956ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം, 1925ലെ ഇന്ത്യന്‍ (ക്രിസ്ത്യന്‍ എന്നു വായിക്കുക) പിന്തുടര്‍ച്ചാവകാശ നിയമം എന്നിവയുടെ വലിയ ഭാഗങ്ങള്‍ സംയോജിപ്പിച്ച് സൃഷ്ടിക്കപ്പെട്ടതാണ് ഉത്തരാഖണ്ഡിന്റെ ഏകീകൃത സിവില്‍ കോഡ്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ശൈശവകാലത്തുതന്നെ വേറിട്ട ജാതി, വര്‍ഗ്ഗ, ഗോത്ര നിയമങ്ങള്‍ റദ്ദാക്കി ഏകീകരിച്ചതാണ് ഹിന്ദു സിവില്‍ കോഡ് എന്നതിനാല്‍ സ്ത്രീപുരുഷ ബന്ധങ്ങളുടെ ആധുനിക സാമൂഹ്യ കാഴ്ചപ്പാടുകളുമായി അത് ഏറെക്കുറെ ഒത്തുപോകുന്നതാണ്. അതില്‍ പോരായ്മകള്‍ ഇല്ലെന്നല്ല. ആ പോരായ്മകള്‍ - ചില ഗ്രൂപ്പുകള്‍ക്കുള്ള ഒഴിവാക്കലുകള്‍, ഹിന്ദു അവിഭക്ത കുടുംബത്തെക്കുറിച്ചുള്ള മൗനം, നിലവിലുള്ള ഏകീകൃത മാനദണ്ഡങ്ങളുടെ നേര്‍പ്പിക്കല്‍ - അതേപടി ഉത്തരാഘണ്ഡ് സിവില്‍ കോഡിലും കടന്നുകൂടിയിട്ടുണ്ട്. 

പക്ഷേ, ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കാനിടയുള്ള ഈ നിയമത്തിനെതിരെ മുസ്ലീമുകള്‍ മാത്രമല്ല, എല്ലാ വിഭാഗത്തിലുംപെട്ട ആളുകള്‍ രംഗത്തുവന്നിരിക്കുന്നു. അത് വ്യക്തിജിവിതത്തിലേക്ക് കടന്നുകയറ്റം നടത്തുന്നു എന്നതാണ് കാരണം. പ്രായപൂര്‍ത്തിയായവര്‍ ഉഭയ സമ്മതപ്രകാരം ഔപചാരിക വിവാഹം കൂടാതെ ഒരുമിച്ചു കഴിയുന്നത് നിയമാനുസൃതമായിരിക്കെ, അത് ഔപചാരികമാക്കുന്നതിനുള്ള വ്യവസ്ഥകള്‍ അവതരിപ്പിച്ച് പുതിയ നിയമം ഇതുവരെ നടക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്നു. ലിവ്-ഇന്‍ ബന്ധത്തില്‍ പ്രവേശിക്കുന്നവര്‍ ഒരു മാസത്തിനുള്ളില്‍ അത് രജിസ്റ്റര്‍ ചെയ്യണം. അല്ലാത്ത പക്ഷം തടവും പിഴയും ശിക്ഷ ലഭിക്കും. ബന്ധം അവസാനിപ്പിക്കുമ്പോഴും രജിസ്ട്രാറെ അറിയിക്കണം. ഒരു സിവില്‍ കോഡില്‍ ക്രിമിനല്‍ വകുപ്പുകള്‍ ഉള്‍പ്പെട്ടതെങ്ങനെ എന്നതാണ് മറ്റൊരു ചോദ്യം. ഉത്തരാഖണ്ഡിലെ ഏകീകൃത സിവില്‍ കോഡ് ഏകീകൃതമോ സിവിലോ അല്ല എന്ന് ചില വിദഗ്ധര്‍ ആരോപിക്കുന്നത് ഇതൊക്കെ കാരണമാണ്. 

ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിനെ ബാധിക്കുന്ന ഭാഗം 3 ഏറെ പ്രശ്‌നപൂരിതമാണ്. 2005ലെ ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമവും അതുമായി ബന്ധപ്പെട്ട കോടതിനിധികളും (പിഡബ്ല്യുഡിവിഎ) ഔപചാരികമായി വിവിഹിതരായ സ്ത്രീകള്‍ക്കു മാത്രമല്ല, 'വിവാഹത്തിന്റെ സ്വഭാവത്തിലുള്ള ബന്ധ'ത്തില്‍ കഴിയുന്ന സ്ത്രീകള്‍ക്കും തുല്യവും ആവശ്യവുമായ സംരക്ഷണം ഉറപ്പുവരുത്തുന്നു. അത്തരം സ്ത്രീകളെ ഗാര്‍ഹിക പീഡന നിയമത്തിന്റെ പരിധിയില്‍നിന്ന് കോഡ് പുറത്താക്കുന്നു. ഗാര്‍ഹിക പീഡന നിയമപ്രകാരം ജീവനാംശം ലഭിക്കുക എന്നത് സ്ത്രീകളുടെ നിര്‍ണായകമായ അവകാശമാണ്. കോഡാകട്ടെ, രജിസ്റ്റര്‍ ചെയ്യാത്ത ലിവ്-ഇന്‍ ബന്ധത്തില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് ജീവനാംശം നിഷേധിക്കുന്നു. വ്യക്തിനിയമങ്ങള്‍, ആചാരപരമായ നിയമങ്ങള്‍, സംസ്ഥാന നിയമങ്ങള്‍ എന്നിവയെ മറികടക്കുന്നതാണ് പാര്‍ലമെന്റ് പാസാക്കിയ ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം. അത് നിലനില്‍ക്കേണ്ടത് ആവശ്യമാണ്.

വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് ക്രിമിനല്‍ കുറ്റമല്ല, വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്ന അറിയിപ്പൊന്നും നിയമപ്രകാരം നല്‍കേണ്ടതുമില്ല. എന്നാല്‍ ലിവ്-ഇന്‍ ബന്ധത്തിന്റെ കാര്യം വിപരീതമാണ്. വിവാഹികേതര ബന്ധങ്ങളെ സജീവമായി തടയാനായി, ഏറെ ബുദ്ധിമുട്ടുള്ള നടപടി ക്രമങ്ങള്‍ കോഡ് നിര്‍ദ്ദേശിക്കുന്നു. അതു പ്രകാരം, ദമ്പതികള്‍ രജിസ്‌ട്രേഷനായി അപേക്ഷിച്ചാല്‍, രജിസ്ട്രാര്‍ ഒരു 'സംഗ്രഹ അന്വേഷണം' നടത്തണം. കൂടാതെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് മറ്റ് വ്യക്തികളെ വിളിക്കുന്നത് ഉള്‍പ്പെടെയുള്ള അധിക തെളിവുകള്‍ പോലും രജിസ്ട്രാര്‍ക്ക് ആവശ്യപ്പെടാം. വിവാഹത്തിന്റെ കാര്യങ്ങളില്‍ ചെയ്യാത്ത കാര്യമാണിത്. മൗലികാവകാശങ്ങളെ ബാധിക്കുന്ന നടപടിക്രമങ്ങള്‍ ന്യായവും യുക്തിസഹവുമായിരിക്കണം. മനേകാ ഗാന്ധി കേസില്‍ കോടതി നിരീക്ഷിച്ചതുപോലെ, നടപടിക്രമം 'ഏകപക്ഷീയമോ വിചിത്രമോ ഭ്രമാത്മകമോ' ആയിരിക്കരുത്.

സുപ്രീം കോടതിയില്‍നിന്നു വിരമിച്ച ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള  വിദഗ്ധ സമിതി തയ്യാറാക്കിയ യുസിസിയില്‍ ലിവ്-ഇന്‍ റിലേഷന്‍ഷിപ്പ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. 'ലിവ്ഇന്‍ ദമ്പതികള്‍ക്കിടയിലെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ആശങ്ക' ഈ വ്യവസ്ഥ അനിവാര്യമാക്കുന്നു എന്നാണ് ഔദ്യോഗിക ഭാഷ്യം. വിദഗ്ധ സമിതി പൊതുജനാഭിപ്രായം തേടിയപ്പോള്‍, ചെറുപ്പക്കാരായ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ നിയമത്തില്‍ എന്തെങ്കിലും വേണമെന്ന് മാതാപിതാക്കളും പ്രായമായവരും നിര്‍ബന്ധിച്ചവത്രെ. അത് ഉറപ്പാക്കാന്‍ കമ്മിറ്റി കണ്ടെത്തിയ വഴിയാണിത്.

ഏകഭാര്യത്വം, നിരോധിത ബന്ധങ്ങള്‍ മുതലായ വ്യവസ്ഥകളോടെ ലിവ്-ഇന്‍ ബന്ധങ്ങളെ ഔപചാരിക വിവാഹത്തിന് തുല്യമാക്കിയത് ലിവ്ഇന്‍ ബന്ധത്തിന്റെ ഉദ്ദേശ്യംതന്നെ പരാജയപ്പെടുത്തുന്നു. രജിസ്റ്റര്‍ ചെയ്യാത്തത് 10,000 രൂപ പിഴയോ അല്ലെങ്കില്‍ മൂന്ന് മാസത്തെ തടവോ ഉള്ള ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്നു. ലിവ്-ഇന്‍ ബന്ധത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടാല്‍, ശിക്ഷാ ആറുമാസത്തെ തടവും അല്ലെങ്കില്‍ 25,000 രൂപ പിഴയുമായി വര്‍ദ്ധിക്കും. ഈ വ്യവസ്ഥകള്‍ ലിവ്-ഇന്‍ ബന്ധത്തെ അനൗപചാരികമായ ഒന്നില്‍നിന്ന്, ക്രൂരവും കര്‍ക്കശവുമായ ക്രിമിനല്‍ നിയമത്താല്‍ നിയന്ത്രിക്കപ്പെടുന്ന ഔപചാരികമായ ഒന്നാക്കി മാറ്റുന്നു. ചുരുക്കത്തില്‍, യുവദമ്പതികളെ അത്തരം ബന്ധങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയും അവരുടെ ലൈംഗികതയെ നിയന്ത്രിക്കുകയും, വ്യക്തിഗത സ്വകാര്യതയെയും സ്വാതന്ത്ര്യത്തെയും ഹനിക്കുകയുമാണ് കോഡ് ചെയ്യുന്നത്. 

പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തില്‍ തുടരുനുള്ള സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്ന ഇത്തരത്തിലുള്ള ഭരണകൂട സംരക്ഷണം ആവശ്യമുണ്ടോ എന്നതാണ് ചോദ്യം. അത് സങ്കുചിതവും പുരുഷാധിപത്യപരവുമാണ്. കൂടാതെ, പുട്ടസ്വാമി കേസില്‍ മൗലികാവകാശമായി അംഗീകരിക്കപ്പെട്ട സ്വകാര്യതയുടെ മേഖലയിലേക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കടന്നുകയറ്റം നടത്തുന്നു.

വിവാഹിതയായ സ്ത്രീയെപ്പോലെ, പങ്കാളി 'ഉപേക്ഷിച്ച' സ്ത്രീക്ക് ജീവനാംശം കോഡ് വ്യവസ്ഥ ചെയ്യുന്നു. അതിനായി അവള്‍ക്ക് അവര്‍ അവസാനം സഹവസിച്ച സ്ഥലത്ത് അധികാരപരിധിയിലുള്ള യുക്തമായ കോടതിയെ സമീപിക്കാം. ഇത്തരം ബന്ധത്തില്‍ ജനിക്കുന്ന കുട്ടി നിയമാനുസൃതമായ കുട്ടിയാണെന്ന് കോഡ് വ്യക്തമായി വ്യവസ്ഥ ചെയ്യുന്നു. നിലവിലുള്ള നിയമം അതുതന്നെയാണ്. യുസിസി ഇത് നിയമമായി ക്രോഡീകരിച്ചിരിക്കുന്നു.

നിര്‍ദിഷ്ട നിയമം ഉത്തരാഖണ്ഡില്‍ താമസിക്കുന്നവര്‍ക്കുന്നവര്‍ക്കു മാത്രമല്ല, ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും താമസിക്കുന്ന ഉത്തരാഖണ്ഡ്കാര്‍ക്കും ബാധകമാകും. അവര്‍ എവിടെയായാലും ബന്ധം സംബന്ധിച്ച പ്രസ്താവന അവര്‍ താമസിക്കുന്ന പരിധിയിലുള്ള രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം.

മതപരിവര്‍ത്തന വിരുദ്ധ നിയമനിര്‍മ്മാണങ്ങളില്‍ മജിസ്‌ട്രേറ്റിന് നല്‍കിയതിന് സമാനമായ അധികാരങ്ങള്‍, അതില്ലാത്ത രജിസ്ട്രാര്‍ക്ക് നല്‍കിയിരിക്കുന്നു എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. രജിസ്ട്രാര്‍ക്ക് ബന്ധപ്പെട്ട സ്ത്രീപുരുഷന്മാരെയോ 'മറ്റേതെങ്കിലും വ്യക്തികളെയോ വിളിച്ചുവരുത്തി 'സംഗ്രഹ അന്വേഷണം' നടത്താം. പ്രായപൂര്‍ത്തിയായ സ്ത്രീകളെ ശിശുവല്‍ക്കരിക്കുന്നതിനൊപ്പം കുടുംബവും സമൂഹവും ഇതു ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുമുണ്ട്. രജിസ്ട്രാര്‍ മജിസ്‌ട്രേറ്റിനെപ്പോലെ ജുഡീഷ്യല്‍ ഓഫീസറല്ല, അന്വേഷണത്തില്‍ പരിശീലനവും ഇല്ല. അന്വേഷണത്തിനു ശേഷം രജിസ്ട്രാര്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് രേഖ കൈമാറണം. ഏതെങ്കിലും പങ്കാളി 21 വയസ്സിന് താഴെയാണെങ്കില്‍, മാതാപിതാക്കളെ അറിയിക്കണം. വിരോധാഭാസമെന്നു പറയട്ടെ, മാതാപിതാക്കളുടെ അനുമതിയില്ലാതെ ഒരു പെണ്‍കുട്ടിക്ക് 18 വയസ്സില്‍ വിവാഹം കഴിക്കാം; പക്ഷേ, ലിവ്-ഇന്‍ ബന്ധം പാടില്ല. ആ ബന്ധത്തിന്റെ മുഴുവന്‍ ഉദ്ദേശവും പൂര്‍ണ്ണമായും നിഷേധിക്കപ്പെടുന്നു. മറ്റു സംസ്ഥാനങ്ങള്‍ ഈ കോഡ് മാതൃകയാക്കിയാല്‍ അത് പിന്നോട്ടുള്ള നടപ്പായിരിക്കും.