പൊന്നുരുക്കുന്നിടത്തെ പൂച്ച

പൊന്നുരുക്കുന്നിടത്തെ പൂച്ച

Photo Caption


പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ച സ്പാനിഷ് എഴുത്തുകാരനായ മിഗ്വല്‍ ഡി സെര്‍വാന്റസിന്റെ ഡോണ്‍ ക്വിക്‌സോട്ട് എന്ന നോവല്‍ വായിച്ചിട്ടില്ലാത്തവര്‍ക്കും ഏറെക്കുറെ അറിവുള്ളതാണ് അതിന്റെ കഥ. അതിന്റെ പ്രസിദ്ധീകരണ സമയത്ത് പ്രചാരത്തിലുണ്ടായിരുന്ന ധീരോദാത്ത പ്രണയകഥകള്‍ വായിച്ച് സുബോധം നഷ്ടപ്പെട്ട വൃദ്ധനായ ഒരു നൈറ്റ് ഡോണ്‍ ക്വിക്‌സോട്ട് എന്ന നാമം സ്വീകരിച്ച് തന്റെ വയസന്‍ കുതിരയുടെ പുറത്ത് സാഹസികത തേടി പുറപ്പെടുന്നതാണ് ഇതിവൃത്തം. ആദ്യ യാത്രയില്‍ ഒരു  കാറ്റാടിപ്പാടത്തെ ഭീമാകാരന്മാരായ വിന്റ് മില്ലുകളെ രാക്ഷസന്മാരായി തെറ്റിദ്ധരിക്കുകയും അവരോട് പോരാടാന്‍ ശ്രമിക്കുകയും ഒടുവില്‍ ഏതോ മാന്ത്രികന്‍ രാക്ഷസന്മാരെ കാറ്റാടിയന്ത്രങ്ങളാക്കി മാറ്റിയിരിക്കണമെന്ന നിഗമനത്തിലെത്തുകയും പുതിയ സാഹസികത തേടി പോകുകയും ചെയ്യുന്നു.
ക്വിക്‌സോട്ട് എപ്പോഴും ഒരു മായിക ലോകത്താണ്. വഴിയില്‍ കണ്ടെത്തുന്ന ഒരു കൂട്ടം സന്യാസിമാര്‍ ഒരു രാജകുമാരിയെ തടവിലാക്കിയിരിക്കുകയാണെന്ന് കരുതി അവരോട് യുദ്ധം ചെയ്യാന്‍ ഒരുങ്ങുന്നു,  സൈന്യമെന്നു കരുതി ആട്ടിന്‍പറ്റവുമായി യുദ്ധം ചെയ്യുന്നു, ഏതോ പ്രശസ്ത നൈറ്റ് ധരിച്ചിരുന്ന ഹെല്‍മെറ്റ് ആണെന്ന് തെറ്റിദ്ധരിച്ച് ഒരു ബാര്‍ബറുടെ ലോഹനിര്‍മ്മിത വാഷ്‌ബേസിന്‍ സ്വന്തമാക്കുന്നു, ഒരു കൂട്ടം കുറ്റവാളികളെ മോചിപ്പിക്കുന്നു. എല്ലാ സാഹസിക പ്രവൃത്തികളുടെയും ഒടുവില്‍ തല്ലുമേടിച്ച് അവശനാകുന്നു. ഏറ്റവുമൊടുവില്‍ യാഥാര്‍ത്ഥ്യ ബോധം കൈവരിച്ച് പിന്‍വാങ്ങുന്നു.
ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ച് കേന്ദ്ര ഗവണ്മെന്റ് പൗരത്വ ഭേദഗതി നിയമം (സിഎഎ) പ്രാബല്യത്തിലാക്കാന്‍ തീരുമാനിച്ചതോടെ രാജ്യത്തെ ഒരു വിഭാഗം മുസ്ലീമുകളും അവരെ തെറ്റിദ്ധരിപ്പിച്ച് വോട്ടു നേടാന്‍ മോഹിക്കുന്ന പ്രതിപക്ഷ കക്ഷികളും ഏതാണ്ട് ഇതുപോലൊരു മായികലോകത്താണ്. യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത സാങ്കല്പിക 'ശത്രു'വുമായി അവര്‍ യുദ്ധത്തിനൊരുങ്ങുന്നു.
2019ല്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമപ്രകാരം, മതപരമായ പീഡനം മൂലം 2014 ഡിസംബര്‍ 31 വരെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ അഭയം തേടിയ ആറ് ന്യൂനപക്ഷ സമുദായങ്ങളില്‍ പെട്ട കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനുള്ള വഴി ധൃതഗതിയിലാക്കുന്നതിനുള്ള നിയമഭേദഗതിക്കെതിരെയാണ് അവര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യം മുസ്ലീമുകള്‍ക്ക് നല്‍കുന്നില്ല എന്നാണ് അവരുടെ പരാതി. അത് മതപരമായ വിവേചനമാണെന്ന് അവര്‍ പരാതിപ്പെടുന്നു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ഭരണഘടനാവിരുദ്ധമാണ്.
 അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന പ്രക്രിയ നേരത്തെയാക്കുന്നതിനുള്ള  ഭേദഗതി നിയമം പാര്‍ലമെന്റ് 2019ല്‍ പാസാക്കിയിരുന്നു. അതിനെതിരായി നടന്ന വന്‍ പ്രക്ഷോഭങ്ങളുടെയും കോവിഡ് മഹാമാരിയുടെയും പശ്ചാത്തലത്തില്‍ നീണ്ടുപോയ നടപടികള്‍ പൂര്‍ത്തിയാക്കി നിയമം നടപ്പാക്കുമെന്നത് ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ ഇത് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കിയിരുന്നു.
സിഎഎ ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള പൗരന്മാരെ ആരെയും ഒരുതരത്തിലും ബാധിക്കില്ല. ഇന്ത്യയില്‍ അനധികൃതമായി കുടിയേറിയ മറ്റു രാജ്യക്കാരെ മാത്രമേ ബാധിക്കുകയുള്ളു. അത്തരക്കാര്‍ക്ക് അര്‍ഹതയുണ്ടെങ്കില്‍ അപേക്ഷ സമര്‍പ്പിച്ച് 11 വര്‍ഷം കാത്തിരുന്നാല്‍ പൗരത്വം ലഭിക്കും. അക്കാര്യത്തില്‍ ജാതിമത വ്യത്യാസമില്ല. പൗരത്വനിയമ ഭേദഗതിയിലൂടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത് മേല്പറഞ്ഞ മൂന്ന് ഇസ്ലാമിക രാജ്യങ്ങളില്‍നിന്ന മതപീഡനം ഭയന്ന് ഇന്ത്യയിലേക്ക് കടന്ന മതന്യൂനപക്ഷങ്ങള്‍ക്ക് 11 വര്‍ഷം കാത്തിരിക്കാതെ 5 വര്‍ഷംകൊണ്ട് പൗരത്വം ലഭിക്കാന്‍ വഴി തുറക്കുക എന്നതാണ്. അതും 2014 വരെ കുടിയേറിയവര്‍ക്കുമാത്രം.
പക്ഷേ, അക്കാര്യത്തില്‍ വിവേചനം ആരോപിക്കാം. ഇതേ കാലഘട്ടത്തില്‍ ഇതേ രാജ്യങ്ങളില്‍നിന്നു കുടിയേറിയ മുസ്ലീമുകള്‍ക്ക് ഈ ആനുകൂല്യമില്ല. മതപീഡന അനുഭവത്തിത്തിന്റെ അടിസ്ഥാനത്തില്‍ കുടിയേറിയവര്‍ക്കു മാത്രമായി അതു നിജയപ്പെടുത്തിയിരിക്കുന്നു, അതിനാല്‍ വിവേചന പ്രശ്‌നം ഉദിക്കുന്നില്ല എന്നാണ് ഗവണ്മെന്റ് അവകാശപ്പെടുന്നത്. എന്നാല്‍ നിയമത്തിലോ ചട്ടങ്ങളിലോ പീഡനത്തെക്കുറിച്ച് പരാമര്‍ശമില്ല. പൗരത്വം ലഭിക്കുന്നതിന് മുമ്പ് നിയമ പ്രകാരം പീഡനത്തിന് ഇരയായതിന്റെ തെളിവൊന്നും നല്‍കേണ്ടതുമില്ല. അതിനാല്‍, ഈ മൂന്ന് മുസ്ലീം രാജ്യങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ മതപരമായ വിവേചനവും പീഡനവും അനുഭവിക്കുന്നു എന്നതും, മുസ്ലീമുകള്‍ അനുഭവിക്കുന്നില്ല എന്നതും നിഗമനം മാത്രം. പക്ഷേ, ആ നിഗമനത്തില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല. 1947ല്‍ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ പാക്കിസ്ഥാനിലെ ഹിന്ദു ജനസംഖ്യ 24 ശതമാനമായിരുന്നു. ഇന്നത് ഒരു ശതമാനം പോലുമില്ല. 1947ല്‍ കിഴക്കന്‍ പാകിസ്ഥാനില്‍ (ഇപ്പോള്‍ ബംഗ്ലാദേശ്) 30 ശതമാനമായിരുന്നു. ഇന്നത് 7 ശതമാനമാണ്. അവരെല്ലാം എവിടെയാണ് അപ്രത്യക്ഷമായത്? അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്താരാഷ്ട്ര, ആഭ്യന്തര മനുഷ്യാവകാശ വ്യവഹാരങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതായി. ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് പ്രകാരം, പാകിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടികളെ വന്‍തോതില്‍ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു; പ്രതിവര്‍ഷം ഏകദേശം 1,000 ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തില്‍ ചേര്‍ക്കുന്നു. 2004-18 കാലയളവില്‍ സിന്ധ് പ്രവിശ്യയില്‍ മാത്രം 7,430 തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥ കേസുകളുടെ എണ്ണം വളരെ കൂടുതലാണെന്നും ഫൗണ്ടേഷന്‍ പറയുന്നു.
അതേ സമയം പാക്കിസ്ഥാനില്‍ യഥാര്‍ത്ഥത്തില്‍ മതപീഡനം അനുഭവിക്കുന്ന അഹമ്മദീയ മുസ്ലീമുകളെ ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹരായവരുടെ ഗണത്തില്‍ സിഎഎ പെടുത്തിയിട്ടില്ല. അഹമ്മദീയരെ മുസ്ലീമുകളായി പാക്കിസ്ഥാന്‍ അംഗീകരിക്കുന്നില്ല. അതിനാല്‍ അവരെ ഉള്‍പ്പെടുത്താത്തത് മതപരമായ വിവേചനമായി കണക്കാക്കാം. പക്ഷേ, അഹമ്മദീയരെ മുസ്ലീമുകളായിട്ടാണ്, ഇസ്ലാം മതത്തിന്റെ ഒരു അവാന്തരവിഭാഗമായിട്ടാണ് ഇന്ത്യ കണക്കാക്കുന്നത്. മുസ്ലീമുകള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും അവര്‍ അര്‍ഹരാണ്. അതുപോലെതന്നെ, മറ്റ് അയല്‍രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്ത മുസ്ലീങ്ങളെ മാത്രമല്ല, മറ്റ് സമുദായങ്ങളെയും ബില്ലില്‍ പരാമര്‍ശിക്കുന്നില്ല. ഉദാഹരണത്തന് ശ്രീലങ്കന്‍ തമിഴരില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍, മ്യാന്‍മറില്‍ നിന്നുള്ള റോഹിങ്ക്യകള്‍, ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ എന്നിവരെയും ബില്ലില്‍ പരാമര്‍ശിച്ചിട്ടില്ല. അതും വിവേചനത്തിന്റെ പരിധിയില്‍ പെടുത്താം. ഈ വിഷയത്തില്‍ സുപ്രീം കോടതി എന്ന് നിലപാടെടുക്കും എന്ന് പ്രവചിക്കാനാവില്ല.
പൗരത്വ നിയമ ഭേദഗതി നിയമം നടപ്പാക്കാന്‍ വൈകിയതുമൂലം അതിന്റെ ഗുണഭോക്തക്കള്‍ക്കുപോലും കാര്യമായ ഗുണം ഉണ്ടിയില്ലെന്നതാണ് സത്യം. നിയമം 2019ല്‍ നടപ്പായിരുന്നെങ്കില്‍ 2014 ഡിസംബര്‍ 31ന് അപേക്ഷിച്ച ഒരു കുടിയേറ്റക്കാരന് 2020ല്‍ പൗരത്വം പലഭിക്കുമായിരുന്നു. നാലിലേറെ വര്‍ഷങ്ങള്‍ പിന്നിട്ട സ്ഥിതിക്ക് അവര്‍ക്ക് ഇളവ് രണ്ടു വര്‍ഷത്തില്‍ താഴെ മാത്രമായി ചുരുങ്ങി. 2026ല്‍ അവര്‍ക്ക് ഭേദഗതി ചെയ്യാത്ത നിയമം അനുസരിച്ചുതന്നെ പൗരത്വം ലഭിക്കും.  
നിയമ ഭേദഗതി കൊണ്ടുവന്ന 2019ല്‍ അതിനെതിരെ രാജ്യമാസകലം വന്‍ പ്രക്ഷോഭം പോട്ടിപ്പുറപ്പെട്ടതിന് മറ്റൊരു കാരണംകൂടെ ഉണ്ടായിരുന്നു. ആസാമിലെ 'ദേശീയ പൗരത്വ രജിസ്റ്ററി'ന്റെ മാതൃകയില്‍ രാജ്യത്താകമാനം പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന ഭീഷണി ആഭ്യന്തരമന്ത്രി അമിത് ഷാ ഉയര്‍ത്തിയിരുന്നു. ഇന്ത്യയിലുള്ള എല്ലാവരുടെയും പൗരത്വത്തിന്റെ ഔദ്യോഗിക രേഖയായ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിന്, ഒരു നിശ്ചിത കട്ട്-ഓഫ് തീയതിക്ക് മുമ്പ് തങ്ങള്‍ ഇന്ത്യന്‍ പൗരന്മാരായിരുന്നു എന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ നല്‍കേണ്ടതുണ്ടായിരുന്നു. ജനിച്ചുവളര്‍ന്ന നാട്ടില്‍ പൗരനായി അംഗീകരിക്കണമെങ്കില്‍ അപ്പനപ്പൂപ്പന്മാര്‍ ഇന്ത്യക്കാരായിരുന്നു എന്നതിന് രേഖ ഹാജരാക്കണമെന്നത് കുറെ കടന്ന കയ്യാണെന്ന് പറയേണ്ടതില്ലല്ലൊ. മുസ്ലീമുകളെ നാടുകടത്താനുള്ള മാര്‍ഗ്ഗമായി അത് വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പദ്ധതി കേന്ദ്ര ഗവണ്മെന്റ് ഉപേക്ഷിച്ച മട്ടാണ്. പ്രധാനമന്ത്രി മോദി അത് പറയുകയും ചെയ്തു.
എന്നാല്‍ രാജ്യത്തെ ആരെയും ബാധിക്കാത്ത പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം, ഏതോ വലിയ വിപത്ത് വരാന്‍പോകുന്നു എന്ന് മുസ്ലീമുകളെ വിശ്വസിപ്പിച്ച് വോട്ടുതട്ടാനുള്ള ശ്രമമാണെന്നു വ്യക്തം. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നിയമം നടപ്പാക്കാന്‍ ഗവണ്മെന്റ് കാട്ടിയ വ്യഗ്രതയും ഹിന്ദു വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമായി ധ്രൂവീകരിക്കാനുള്ള ശ്രമംതന്നെ. അപ്പോള്‍പ്പിന്നെ പ്രതിപക്ഷം ബഹളമുണ്ടാക്കുന്നതിനും ന്യായീകരണമുണ്ട്.
പക്ഷേ, ആര്‍ക്കും മനസ്സിലാകാത്ത കാര്യം പൗരത്വ നിയമ ഭേദഗതി യാതൊരു കാരണവശാലും കേരളത്തില്‍ നടപ്പാക്കുകയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും കൂട്ടരുടെയും പ്രഖ്യാപനമാണ്. പൗരത്വ നിയമ ഭേദഗതി നടപ്പാക്കേണ്ടത് കേന്ദ്ര ഗവണ്മെന്റാണ്. അതില്‍ സംസ്ഥാനത്തിന് ഒരു പങ്കുമില്ല. കേരളത്തില്‍നിന്ന് ഏതെങ്കിലും അന്യരാജ്യക്കാരന്‍ പൗരത്വത്തിന് അപേക്ഷിച്ചാല്‍ അത് പരിഗണിച്ച് പൗരത്വം നല്‍കുകയോ നല്‍കാതിരിക്കുകയോ ചെയ്യേണ്ടത് കേന്ദ്രമാണ്. പൂച്ചയ്‌ക്കെന്ത് പൊന്നുരുക്കുന്നിടത്തു കാര്യം? പക്ഷേ, തങ്ങളാണ് മുസ്ലീമുകളുടെ സംരക്ഷകരെന്ന് പിണറായിയും കൂട്ടരും നടിക്കുന്നു.