: നടിയെ ആക്രമിച്ച കേസില്‍ എട്ടാംപ്രതി നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കുന്ന സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്.സര്‍ക്കാര്‍ അതിജീവതയ്‌ക്കൊപ്പമാണെന്നും അവള്‍ക്ക് നീതി ലഭിക്കും വരെ നിയമ പോരാട്ടം നടത്തുമെന്നും പി. രാജീവ് പറഞ്ഞു. അപ്പീല്‍ പോകാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രിയില്‍ നിന്ന് ലഭിച്ചെന്നും രാജീവ് പറഞ്ഞു.
ഗൂഢാലോചന തെളിയിക്കുന്നതുവരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാരും പാര്‍ടിയും അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു. കേസില്‍ പൊലീസ് ഒത്തുകളിച്ചു എന്ന വാദം ശരിയല്ല. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്. കുറ്റക്കാര്‍ ആരായാലും അവര്‍ സംരക്ഷിക്കപ്പെടില്ല. കൃത്യമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. അതിജീവിതയ്ക്ക് അനുകൂലമായ നിലപാടാണ് ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇനിയും അതേ നിലപാട് തുടരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അതിജീവിതയ്ക്ക് വിധിയില്‍ തൃപ്തിയില്ല എന്നാണ് അറിയുന്നത്. അവരുടെ തൃപ്തിയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
വിധി എന്തായാലും സര്‍ക്കാര്‍ അതിജീവിതമാര്‍ക്കൊപ്പമാണെന്ന് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. സ്ത്രീസമൂഹത്തോടൊപ്പമാണ്. ഇത്തരം ആക്രമണങ്ങള്‍ക്ക് വിധേയരായവരെ ചേര്‍ത്തുപിടിക്കും. അവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കും. വിധിയുടെ പൂര്‍ണരൂപം മനസിലാക്കിയ ശേഷം സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണല്ലോ മനസിലാകുന്നത്. ഗൂഢാലോചന സംബന്ധിച്ച് അന്വേഷിച്ച് എല്ലാ നിരീക്ഷണങ്ങളോടെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. വര്‍ഷങ്ങളോളം കേസില്‍ വാദം നടന്നു. വാദപ്രതിവാദങ്ങള്‍ നടന്നു. എല്ലാ നിരീക്ഷണങ്ങളും വെച്ചു കൊണ്ടാണ് കോടതി കണ്ടെത്തല്‍ നടത്തുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ശരിയായ നിലപാട് സ്വീകരിക്കും. എന്തായാലും ഞങ്ങള്‍ അതിജീവിതമാര്‍ക്കൊപ്പമാണ്. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീയ്ക്കും യാതൊരുവിധ അപകടവും ഇല്ലാതിരിക്കാന്‍ അവര്‍ക്ക് സംരക്ഷണം ഒരുക്കേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ആ സംരക്ഷണം ഒരുക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിലേക്ക് പോകുകയാണ്. വരുംമാസങ്ങള്‍ അതിന് വേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നത്.' സജി ചെറിയാന്‍ പറഞ്ഞു.
ദിലീപിനെ ശിക്ഷിക്കണമെന്ന് പറയാനാകില്ല-വി.ഡി സതീശന്‍
ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ലെന്നും കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ പ്രതികരിച്ചു
ദിലീപിനെ തിരിച്ചെടുക്കുമെന്ന് ചലച്ചിത്ര സംഘടനകള്‍
നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായ നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ ഒരുങ്ങി ചലച്ചിത്ര സംഘടനകള്‍. ദിലീപ് അപേക്ഷ നല്‍കുകയാണെങ്കില്‍ യോഗം ചേര്‍ന്ന് ദിലീപിനെ തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. നേരത്തെ ദിലീപിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ദിലീപ് ഒരു സിനിമ നിര്‍മ്മിച്ചു. സിനിമ നിര്‍മ്മിച്ച സമയത്ത് താത്കാലിക മെമ്പര്‍ഷിപ്പ് നല്‍കി തിരിച്ചെടുക്കുകയുണ്ടായി. ഇനിയിപ്പോള്‍ അപേക്ഷ നല്‍കുകയാണെങ്കില്‍ യോഗം ചേര്‍ന്ന് ദിലീപിനെ തിരിച്ചെടുക്കുമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയത്.
ദിലീപിന്റെ ഫെഫ്കയിലെ സസ്‌പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. സംഘടനയില്‍ പ്രവര്‍ത്തിക്കുക എന്നത് അയാളുടെ മൗലികാവകാശമാണെന്നും സംഘടനയുടെ കമ്മിറ്റി ചര്‍ച്ച ചെയ്ത് അക്കാര്യം തീരുമാനിക്കട്ടെയെന്നും ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നിരുന്നു. അമ്മ പ്രസിഡന്റ് ശ്വേത മേനോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദിലീപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായാണ് വിവരം. കോടതി വിധിയില്‍ വ്യക്തിപരമായി സന്തോഷമെന്നാണ് അമ്മ വൈസ് പ്രസിഡന്റും നടിയുമായ ലക്ഷ്മിപ്രിയ പ്രതികരിച്ചത്. ദിലീപ് കുറ്റക്കാരന്‍ അല്ല എന്ന് തന്നെയാണ് അന്നും ഇന്നും വിശ്വാസം. അതിനര്‍ത്ഥം ഇരയ്‌ക്കൊപ്പം അല്ല എന്നല്ല. രണ്ടുപേരും സഹപ്രവര്‍ത്തകരാണ്. വിധി അമ്മയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഔദ്യോഗികമായി പ്രതികരണം ഉടന്‍ ഉണ്ടാകുമെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. അതേസമയം, നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും കോടതിയെ ബഹുമാനിക്കുന്നുവെന്നുമാണ് അമ്മ സംഘടന സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
നടിയെ ആക്രമിച്ച് കേസ് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍
