പി എസ് സി പരീക്ഷ എഴുതിയത് 2005ൽ; നിയമന ശുപാർശ 2026ൽ; 18 വർഷം മുമ്പ് കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന്

പി എസ് സി പരീക്ഷ എഴുതിയത് 2005ൽ; നിയമന ശുപാർശ 2026ൽ; 18 വർഷം മുമ്പ് കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന്


മലപ്പുറം: സർക്കാർ ജോലി എന്ന സ്വപ്നം ഏറെക്കാലം മനസ്സിൽ സൂക്ഷിച്ചിരുന്ന മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശിയായ അബ്ദുൾ മജീദിന് 61ാം വയസ്സിൽ ലഭിച്ചത് അപ്രതീക്ഷിതമായ ഒരു കത്തായിരുന്നു. കേരള പി.എസ്.സിയിൽ 2005ൽ എഴുതിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ പാർട്ട് ടൈം ജൂനിയർ അറബിക് അധ്യാപക തസ്തികയിലേക്കുള്ള അഡൈ്വസ് മെമ്മോയാണ് അദ്ദേഹത്തിന് ഇപ്പോൾ ലഭിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെട്ട റാങ്ക് ലിസ്റ്റിന്റെ കാലാവധി 2008ൽ തന്നെ അവസാനിച്ചിരുന്നു.

പരീക്ഷ വിജയിച്ച് റാങ്ക് ലിസ്റ്റിൽ ഇടം നേടിയതോടെ സർക്കാർ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ വർഷങ്ങളോളം കാത്തിരുന്നുവെന്ന് മജീദ് പറയുന്നു. എന്നാൽ കാലം കടന്നുപോയിട്ടും നിയമനവുമായി ബന്ധപ്പെട്ട ഒരു അറിയിപ്പും ലഭിക്കാതിരുന്നതോടെ പ്രതീക്ഷ കൈവിടുകയായിരുന്നു. 60 വയസ് പിന്നിട്ടപ്പോഴേക്കും സർക്കാർ ജോലി ലഭിക്കുമെന്ന പ്രതീക്ഷ പൂർണമായും അവസാനിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

'18 വർഷത്തോളം ഒഴിവ് നികത്തപ്പെടാതെ കിടന്നു. ഈ കാലതാമസം മൂലം ജോലി ലഭിക്കാനുള്ള അവസരം നഷ്ടമായി. ഇപ്പോൾ പ്രായപരിധി കഴിഞ്ഞതിനാൽ നിയമനം ലഭിക്കാനുള്ള സാധ്യതയില്ല,' എന്നാണ് മജീദിന്റെ പ്രതികരണം.

 നിരവധി തവണ വിജ്ഞാപനം നൽകിയിട്ടും യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്താനാകാതെ ഒഴിവ് തുടർന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതേ ഒഴിവിലേക്കാണ് ഇപ്പോൾ പി.എസ്.സി ശുപാർശ നൽകിയിരിക്കുന്നത്.

സംഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി. 'അപേക്ഷ നൽകിയ കാര്യം പോലും അദ്ദേഹം മറന്നിട്ടുണ്ടാകും; 20 വർഷത്തിന് ശേഷം അഭിനന്ദന കത്ത് എത്തി' എന്നായിരുന്നു ഒരാളുടെ പ്രതികരണം. 'പ്രതീക്ഷ കൈവിടരുത്; നിയമന ഉത്തരവ് എത്തുമ്പോഴേക്കും നിങ്ങളുടെ മക്കൾക്കും അതേ തസ്തികയിലേക്ക് അപേക്ഷിക്കാം' എന്ന പരിഹാസവും ഉയർന്നു.

'ഇന്ത്യൻ സർക്കാർ സംവിധാനത്തിന്റെ വേഗതയ്ക്ക് സമം മറ്റൊന്നുമില്ല. യുവാവായിരിക്കുമ്പോൾ അപേക്ഷ നൽകി, വിരമിക്കാനുള്ള സമയത്ത് നിയമന കത്ത് ലഭിച്ചു' എന്നായിരുന്നു മറ്റൊരു സോഷ്യൽ മീഡിയ ഉപയോക്താവിന്റെ കമന്റ്. സർക്കാർ നിയമനങ്ങളിലെ കാലതാമസത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ് ഈ സംഭവം.