എഥനോൾ കലർന്ന പെട്രോളിന് കേന്ദ്ര എക്‌സൈസ് തീരുവ ഇളവ്; കൂടുതൽ മിശ്രിത ഇന്ധനങ്ങൾക്കും ആനുകൂല്യം

എഥനോൾ കലർന്ന പെട്രോളിന് കേന്ദ്ര എക്‌സൈസ് തീരുവ ഇളവ്; കൂടുതൽ മിശ്രിത ഇന്ധനങ്ങൾക്കും ആനുകൂല്യം


ന്യൂഡൽഹി: എഥനോൾ കലർന്ന പെട്രോളിന് കേന്ദ്ര സർക്കാർ കൂടുതൽ നികുതി ഇളവ് പ്രഖ്യാപിച്ചു. 22%, 25%, 27%, 30% വരെ എഥനോൾ കലർന്ന പെട്രോൾ ഇന്ധനങ്ങൾക്ക് കേന്ദ്ര എക്‌സൈസ് തീരുവയിൽ നിന്ന് ഒഴിവ് നൽകുന്നതായി കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്ധന മിശ്രിതങ്ങൾക്കാണ് പൂജ്യ എക്‌സൈസ് തീരുവ നിരക്ക് ബാധകമാകുക. രാജ്യത്ത് ജൈവ ഇന്ധനങ്ങളുടെ ഉപയോഗം വർധിപ്പിക്കുകയും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.

പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്ന സാഹചര്യത്തിൽ, മാർച്ചിൽ കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതം എക്‌സൈസ് തീരുവ കുറച്ചിരുന്നു. ഇതിലൂടെ ഉപഭോക്താക്കൾക്ക് വിലക്കയറ്റത്തിൽ നിന്ന് ആശ്വാസം നൽകാനാണ് ശ്രമം.

അതേസമയം, ആഭ്യന്തര ആവശ്യങ്ങൾ ഉറപ്പാക്കുന്നതിനായി ഡീസൽ, വിമാന ഇന്ധനം (ATF) എന്നിവയുടെ കയറ്റുമതിക്ക് പ്രത്യേക തീരുവയും കേന്ദ്രം ഏർപ്പെടുത്തിയിട്ടുണ്ട്. ആഗോള ഊർജ വിതരണ ശൃംഖലയിൽ ഉണ്ടായ തടസങ്ങളും എണ്ണവിലയിലെ വർധനയും കണക്കിലെടുത്താണ് ഈ നടപടികൾ.

ഫെബ്രുവരി അവസാനത്തിൽ അമേരിക്ക-ഇസ്രയേൽ ആക്രമണത്തെ തുടർന്നുണ്ടായ പശ്ചിമേഷ്യൻ സംഘർഷം ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതത്തെ ബാധിച്ചിരുന്നു. ഇതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ എണ്ണക്കമ്പനികൾ മേയ് 15 മുതൽ നാല് തവണ ഇന്ധനവില വർധിപ്പിക്കുകയും ചെയ്തിരുന്നു.

എഥനോൾ മിശ്രിത ഇന്ധനങ്ങൾക്ക് കൂടുതൽ നികുതി ഇളവ് നൽകാനുള്ള കേന്ദ്രത്തിന്റെ പുതിയ തീരുമാനം, പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഊർജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സഹായകരമാകുമെന്നാണ് വിലയിരുത്തൽ.