കൊച്ചി: മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍ മാറ്റം വരുത്താന്‍ തീരുമാനം. സിനിമക്കെതിരേ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് അധികൃതരുടെ നീക്കം. നിര്‍മാതാക്കള്‍ തന്നെയാണ് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം. തിങ്കളാഴ്ചയോടെയാവും ചിത്രത്തില്‍ മാറ്റങ്ങള്‍ പൂര്‍ത്തിയാവുക. അതുവരെ സിനിമ പ്രദര്‍ശനം തുടരും.
ചില രംഗങ്ങള്‍ മാറ്റുക, ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യുക, വില്ലന്‍ കഥാപാത്രത്തിന്റെ പേര് മാറ്റുക, കലാപത്തിന്റെ ദൃശ്യങ്ങളും സ്ത്രീകള്‍ക്കെതിരായ ആക്രമണ ദൃശ്യങ്ങളും അടക്കമുള്ളവയാവും പരിഷ്‌ക്കരിക്കുക. ഇത് റീ സെന്‍സറിങ് അല്ല മോഡിഫിക്കേഷനാണെന്നാണ് വിവരം.
അതേസമയം, എമ്പുരാനെതിരേ ആര്‍ എസ് എസ് മുഖവാരികയായ ഓര്‍ഗനൈസറാണ് രംഗത്തെത്തിയത്. വിശ്വരാജ് വി ആണ് ഓര്‍ഗനൈസര്‍ ഓണ്‍ലൈനില്‍ മോഹന്‍ലാലിന്റെ എമ്പുരാന്‍ ഹിന്ദു വിരുദ്ധ രാഷ്ട്രീയ അജന്‍ഡ പ്രചരിപ്പിക്കുന്നു എന്നാരോപിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍ ഗോധ്രാനന്തര കലാപത്തെ മുതലെടുക്കുന്നു എന്നാണ് ലേഖനത്തില്‍ പറയുന്നത്.
ഇത്തരം സിനിമയില്‍ അഭിനയിക്കാനുള്ള മോഹന്‍ലാലിന്റെ തീരുമാനം ആരാധകരോടുള്ള വഞ്ചനയാണ്. എമ്പുരാന്‍ ഹിന്ദു വിരുദ്ധ ഇന്ത്യ വിരുദ്ധ സിനിമയായി ദേശീയ തലത്തില്‍ തുറന്നു കാട്ടപ്പെടുമെന്നതില്‍ സംശയമില്ലെന്നും മോഹന്‍ലാലിനെപ്പോലെയൊരു നടന്‍ വിദ്വേഷം മാത്രം വളര്‍ത്തുന്ന ഒരു പ്രചാരണ കഥ തെരഞ്ഞെടുത്തത് എന്തു കൊണ്ടാണെന്ന് ദുരൂഹമാണെന്നും ലേഖനത്തില്‍ ഉണ്ട്.
2002ലെ കലാപത്തിലെ പ്രധാന അക്രമികള്‍ ഹിന്ദുക്കളാണെന്ന് ചിത്രത്തില്‍ കാണിക്കുന്നു. ഹിന്ദു സമുദായത്തെ അപകീര്‍ത്തിപ്പെടുത്താന്‍ സിനിമ വയലന്‍സിനെ ഉപയോഗിക്കുന്നു. സാമൂഹിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തി വിഭാഗീയവും ഹിന്ദുവിരുദ്ധവുമായ ആഖ്യാനമാണ് മുന്നോട്ടു വയ്ക്കുന്നതെന്നും ലേഖനത്തില്‍ ഉണ്ട്.