തിരുവനന്തപുരം: വര്‍ഗീയത പടര്‍ത്താനുളള ആയുധമായി സിനിമയെ മാറ്റുക എന്ന സംഘപരിവാര്‍ അജണ്ടയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിലൂടെ നടപ്പാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദി കേരള സ്റ്റോറി എന്ന ചിത്രത്തിന് മികച്ച സംവിധായകനും മികച്ച ഛായാഗ്രാഹകനുമുള്ള പുരസ്‌കാരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മതസാഹോദര്യത്തിനും ദേശീയോദ്ഗ്രഥത്തിനുമായി നിലകൊണ്ട ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് ജൂറി അവഹേളിച്ചിരിക്കുന്നതെന്നും ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരേ സ്വരമുയര്‍ത്തണമെന്നും കലയെ വര്‍ഗീയത വളര്‍ത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണമെന്നും മുഖ്യമന്ത്രി കുറിച്ചു.
മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പ്:
എഴുപത്തിയൊന്നാമത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നേട്ടമാണ് മലയാള സിനിമ കരസ്ഥമാക്കിയത്. തങ്ങളുടെ അതുല്യ പ്രതിഭയാല്‍ മലയാള സിനിമയെ സമ്പന്നമാക്കിയ ഉര്‍വശിയും വിജയരാഘവനും മികച്ച സഹനടിക്കും സഹനടനുമുള്ള പുരസ്‌കാരങ്ങള്‍ നേടിയത് ഈ നിമിഷത്തിന്റെ തിളക്കം കൂട്ടുന്നു. കൂടുതല്‍ മികവുറ്റ സിനിമകളുമായി പുതിയ ഉയരങ്ങളിലേക്ക് കുതിക്കാന്‍ ഈ അവാര്‍ഡുകള്‍ മലയാള സിനിമയ്ക്ക് പ്രചോദനം പകരട്ടെ എന്ന് ആശംസിക്കുന്നു.
എന്നാല്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും നുണകളാല്‍ പടുത്ത ഒരു സിനിമയ്ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാര്‍ഡ് ജൂറി അവഹേളിച്ചിരിക്കുന്നത്.
വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാര്‍ അജണ്ടയാണ് ഇതിലൂടെ അവര്‍ നടപ്പാക്കുന്നത്. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരേ സ്വരമുയര്‍ത്തണം. കലയെ വര്‍ഗീയത വളര്‍ത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണം.