"മുഖ്യമന്ത്രിയുടെ വീടാണെന്ന് അറിഞ്ഞില്ല സാറേ...", വഴിതെറ്റിയെത്തിയത് മൂർഖൻ; പിടികൂടി നാടുകടത്തി


ആലുവ: മുഖ്യമന്ത്രി വി.ഡി.സതീശന്റെ ചെങ്ങമനാട് ദേശത്തുള്ള വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മുഖ്യമന്ത്രിയുടെ വീട്ടുപരിസരത്ത് മൂർഖൻ പാമ്പിനെ കാണുന്നത്. വീട്ടിൽ പാമ്പിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ വീട്ടുകാർ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കുകയായിരുന്നു. രണ്ടടിയോളം വലിപ്പമുള്ള പാമ്പിനെയാണ് പിടികൂടിയതെന്നാണ് വിവരം.

വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ വിദഗ്ദ്ധരായ റെസ്‌ക്യൂ സംഘം സ്ഥലത്തെത്തുകയും ഏറെ പ്രയത്നപ്പെട്ട് പാമ്പിനെ സുരക്ഷിതമായി പിടികൂടുകയുമായിരുന്നു. റെസ്‌ക്യൂ സംഘം പിടികൂടിയ മൂർഖൻ പാമ്പിനെ പിന്നീട് വനംവകുപ്പ് അധികൃതർക്ക് കൈമാറി. പിന്നീട് സുരക്ഷിതമായി കാട്ടിലേക്ക് കടത്തിവിടും.