ബംഗ്ലാദേശിലെ എല്ലാ സഹായ പദ്ധതികളും നിര്‍ത്തിവെച്ച് യു എസ് എ ഐ ഡി; ഭക്ഷ്യസുരക്ഷ, ആരോഗ്യ പദ്ധതികള്‍ക്കും തിരിച്ചടി

ബംഗ്ലാദേശിലെ എല്ലാ സഹായ പദ്ധതികളും നിര്‍ത്തിവെച്ച് യു എസ് എ ഐ ഡി; ഭക്ഷ്യസുരക്ഷ, ആരോഗ്യ പദ്ധതികള്‍ക്കും തിരിച്ചടി


ധാക്ക: ബംഗ്ലാദേശിലെ എല്ലാ സഹായ പദ്ധതികളും താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ അമേരിക്കന്‍ അന്താരാഷ്ട്ര വികസന ഏജന്‍സിയായ യു എസ് എ ഐ ഡി തീരുമാനിച്ചു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പങ്കാളികള്‍kdkd അയച്ച കത്തിലൂടെയാണ് യു എസ് എ ഐ ഡി ഇക്കാര്യം അറിയിച്ചത്.

കരാറുകള്‍, വര്‍ക്ക് ഓര്‍ഡറുകള്‍, ഗ്രാന്റുകള്‍, സഹകരണ കരാറുകള്‍, മറ്റ് സഹായ സംവിധാനങ്ങള്‍ എന്നിവയുടെ ഭാഗമായി ബംഗ്ലാദേശില്‍ നടപ്പാക്കിവരുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തിവയ്ക്കാനും അവസാനിപ്പിക്കാനും യു എസ് എ ഐ ഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിദേശനയത്തിന് അനുസൃതമായി അമേരിക്കയുടെ വിദേശസഹായ പദ്ധതികള്‍ പുനഃപരിശോധിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതിനുമുമ്പ്, അടിയന്തര ഭക്ഷ്യസഹായവും ഇസ്രയേലിനും ഈജിപ്തിനുമുള്ള സൈനിക സഹായവും ഒഴികെയുള്ള വിദേശസഹായങ്ങള്‍ അമേരിക്ക മരവിപ്പിച്ചിരുന്നു.

യു എസ് എ ഐ ഡിയുടെ ഈ അപ്രതീക്ഷിത തീരുമാനം ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ധനസഹായം ലഭിക്കുന്ന വിവിധ സന്നദ്ധസംഘടനകളെയും പദ്ധതികളുടെ മറ്റ് പങ്കാളികളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ബംഗ്ലാദേശില്‍ യു എസ് എ ഐ ഡി ഏഷ്യയിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് നടപ്പാക്കിവരുന്നത്. ലോകത്തിലെ പ്രധാനപ്പെട്ട ഭക്ഷ്യസുരക്ഷാ പദ്ധതികളും ആരോഗ്യപരിപാലന പദ്ധതികളും രാജ്യത്ത് യു എസ് എ ഐഡിയുടെ പിന്തുണയോടെയാണ് മുന്നോട്ടുപോകുന്നത്. ഇതുകൂടാതെ അടിസ്ഥാന വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലും യു എസ് എ ഐ ഡി നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.

പുതിയ ഉത്തരവിന്റെ പ്രത്യാഘാതം ബംഗ്ലാദേശിന് വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പദ്ധതികള്‍ തടസപ്പെടുന്നത് സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും.

റോഹിങ്ക്യന്‍ അഭയാര്‍ഥി പ്രതിസന്ധിയെ തുടര്‍ന്നുള്ള മാനുഷിക സഹായ പ്രവര്‍ത്തനങ്ങളുടെ വലിയൊരു വിഭാഗവും യു എസ് എ ഐ ഡിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. അതിനാല്‍ സഹായം നിര്‍ത്തിവെക്കാനുള്ള തീരുമാനം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കായുള്ള സേവനങ്ങളെയും ബാധിക്കുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

യു എസ് എ ഐ ഡിയുടെ തീരുമാനത്തിന്റെ കാലാവധിയോ ഭാവി നടപടികളോ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.