തെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖംനേയിയുടെ സംസ്‌കാര ചടങ്ങുകള്‍ ജൂലൈ 4ന് തെഹ്റാനില്‍ ആരംഭിച്ച് ജൂലൈ 9-ന് വടക്കുകിഴക്കന്‍ നഗരമായ മഷ്ഹദില്‍ സമാപിക്കുമെന്ന് ഇറാനിയന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഷിയാ ഇസ്ലാമിലെ ഏറ്റവും ആദരണീയരായ വ്യക്തികളിലൊരാളായ ഇമാം റിസയുടെ ദര്‍ഗയ്ക്ക് സമീപം തന്നെ സംസ്‌കരിക്കണമെന്ന ഖംനേയിയുടെ ആഗ്രഹപ്രകാരമാണ് അദ്ദേഹത്തെ മഷ്ഹദില്‍ അടക്കം ചെയ്യുന്നത്.
ഏകദേശം 37 വര്‍ഷത്തോളം ഇറാനെ നയിച്ച ഖംനേയി ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് നടത്തിയ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇറാനിലെ സ്വദേശ നഗരമായ മഷ്ഹദില്‍ മാര്‍ച്ചില്‍ തന്നെ സംസ്‌കാരം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ യുദ്ധസാഹചര്യത്തെ തുടര്‍ന്ന് ചടങ്ങുകള്‍ മാറ്റിവയ്ക്കുകയായിരുന്നു.
ജൂലൈ 4 മുതല്‍ തെഹ്റാനില്‍ മൂന്ന് ദിവസത്തെ പൊതുദര്‍ശനവും അനുസ്മരണ ചടങ്ങുകളും നടക്കും. തുടര്‍ന്ന് ജൂലൈ 7-ന് വിശുദ്ധ നഗരമായ ഖോമില്‍ പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കും. ജൂലൈ 9-നാണ് മഷ്ഹദില്‍ സംസ്‌കാരം നടക്കുക.
ഫെബ്രുവരി 28-ന് തെഹ്റാനിലെ ഔദ്യോഗിക വസതിയിലും ഓഫീസിലും നടന്ന സംയുക്ത അമേരിക്കന്‍- ഇസ്രയേല്‍ ആക്രമണത്തിലാണ് ഖംനേയി കൊല്ലപ്പെട്ടത്. അതിനുശേഷം അദ്ദേഹത്തിന്റെ ഭൗതികശരീരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നില്ല.
