തിരുവനന്തപുരം: നിപയ്ക്ക് പിന്നാലെ പാലക്കാട് കോളറ സ്ഥിരീകരണവുമായി ബന്ധപ്പെട്ടും ആരോഗ്യവകുപ്പിൽ കനത്ത ആശയക്കുഴപ്പം. പാലക്കാട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചതായി ആദ്യം ആരോഗ്യമന്ത്രി കെ മുരളീധരന്‍റെ ഓഫീസ് അറിയിക്കുകയും മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളോട് നേരിട്ട് സംസാരിച്ചപ്പോളും മന്ത്രി ഇതേ കാര്യം ആവർത്തിച്ചു. എന്നാൽ പാലക്കാട്ട് കോളറ സ്ഥിരീകരിച്ചിട്ടില്ലെന്നും സംശയം മാത്രമാണുള്ളതെന്നും വ്യക്തമാക്കി പാലക്കാട് ഡി.എം.ഒ രംഗത്തെത്തിയതോടെയാണ് വൻ ആശയക്കുഴപ്പമുണ്ടായത്.
പരിശോധനാഫലങ്ങള്‍ നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.വി റോഷ് വ്യക്തമാക്കി. വയറിളക്കവും ഛര്‍ദിയും ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ ചികിത്സ തേടിയതിനെ തുടര്‍ന്നാണ് കോളറ സംശയം ഉയര്‍ന്നത്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ രോഗബാധ സ്ഥിരീകരിക്കപ്പെട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഡി.എം.ഒയുടെ ഔദ്യോഗിക വിശദീകരണത്തിന് പിന്നാലെ കോളറ സ്ഥിരീകരിച്ചിട്ടില്ലെന്നും സംശയാസ്പദമായ കേസുകൾ മാത്രമാണെന്നും വ്യക്തമാക്കി മന്ത്രിയുടെ ഓഫീസും തിരുത്തി.
നേരത്തെ കോഴിക്കോട് നിപ സ്ഥിരീകരണത്തിലും സമാനമായ ആശയക്കുഴപ്പം ഉണ്ടായിരുന്നു. നിപ സ്ഥിരീകരിച്ചുകൊണ്ടുള്ള പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലം കിട്ടിയില്ലെന്ന് മന്ത്രി പറഞ്ഞപ്പോൾ, ഉച്ചക്ക് മുന്നേ ഫലം കിട്ടിയെന്നും നിപ സ്ഥിരീകരിച്ചെന്നുമായിരുന്നു കോഴിക്കോട് കളക്ടർ എം.എസ്.മാധവിക്കുട്ടി അറിയിച്ചിരുന്നത്. ആരോഗ്യവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും മന്ത്രിയുടെ ഓഫീസും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് വിമർശനമുയർന്നിട്ടുള്ളത്.
നിപയ്ക്ക് പിന്നാലെ കോളറയിലും ആശയക്കുഴപ്പം; പാലക്കാട്ടെ കോളറ സ്ഥിരീകരണത്തിൽ മന്ത്രി ഓഫീസിന്റെ തിരുത്ത്
