ന്യൂഡൽഹി: ഫ്രാൻസിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ജൂൺ 17ന് കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസിനെ ഉദ്ദരിച്ച് വാർത്താ ഏജൻസിയായ എ.പി റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. ഹോർമുസ് കടലിടുക്ക് സംബന്ധിച്ച നയതന്ത്ര നീക്കം അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകുമെന്നാണ് സൂചന.
ഇന്ത്യ- യു.എസ് വ്യാപാര കരാർ അടക്കമുള്ള കാര്യങ്ങളിൽ നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടെയാണ് ഇരു രാജ്യങ്ങളിലെയും ഉന്നതാധികാരികൾ കൂടിക്കാഴ്ച നടത്തുന്നത്. ഊർജ സഹകരണം, എച്ച് 1 ബി വിസ നിയന്ത്രണങ്ങൾ, പ്രാദേശിക സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. എന്നാൽ, ഹോർമുസ് സംഘർഷത്തിനിടെ ഇന്ത്യൻ നാവികർ യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട വിഷയം പരാമർശിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഈ സംഭവത്തിൽ യു.എസ് പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഒമാൻ തീരത്ത് വീണ്ടും ഇന്ത്യൻ സംഘത്തിനു നേരെ ആക്രമണമുണ്ടായപ്പോഴും യു.എസ് പ്രതിനിധിയെ വിളിച്ചുവരുത്തിയിരുന്നു. എന്നാൽ, അതിനുശേഷം ഇന്ത്യൻ കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്നും അത് അംഗീകരിക്കാനാവില്ലെന്നുമാണ് ട്രംപ് പ്രതികരിച്ചത്.
ജി 7 ഉച്ചകോടി; നരേന്ദ്ര മോദിയും ട്രംപും ഫ്രാൻസിൽ കൂടിക്കാഴ്ച നടത്തും
