തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മെഡിക്കല്‍ കോളേജുകള്‍ക്കുമായി സമഗ്ര റഫറല്‍ പ്രോട്ടോകോള്‍ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
മെഡിക്കല്‍ കോളേജുകളിലെ രോഗി ഭാരം കുറയ്ക്കാനും അടുത്തുള്ള ആശുപത്രികളില്‍ തന്നെ മികച്ച ചികിത്സ ഉറപ്പാക്കാനുമാണ് പുതിയ പ്രോട്ടോകോള്‍ ലക്ഷ്യമിടുന്നത്.
ആദ്യഘട്ടമായി ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോപീഡിക്‌സ് എന്നീ അഞ്ച് വിഭാഗങ്ങള്‍ക്കുള്ള പ്രോട്ടോകോള്‍ പുറത്തിറക്കിയിട്ടുണ്ട്. മറ്റു വിഭാഗങ്ങളുടെയും പ്രോട്ടോകോളുകള്‍ പിന്നീട് പ്രസിദ്ധീകരിക്കും.
ഒരു ആശുപത്രിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉള്ളപ്പോള്‍ രോഗികളെ അനാവശ്യമായി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യരുതെന്ന് മന്ത്രി നിര്‍ദേശിച്ചു.
2010-11ല്‍ രൂപീകരിച്ച പഴയ പ്രോട്ടോകോളിന് പകരമായാണ് പുതിയ സമഗ്ര റഫറല്‍ പ്രോട്ടോകോള്‍, ആശുപത്രികളുടെ സൗകര്യങ്ങളില്‍ ഉണ്ടായ മാറ്റങ്ങളും, ചികിത്സാ രീതികളിലെ പുരോഗതിയും പരിഗണിച്ച് തയ്യാറാക്കിയിരിക്കുന്നത്.
2023ല്‍ രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രോട്ടോകോളിന് അന്തിമരൂപം ന്ല്‍കിയത്.
ആശുപത്രികളെ എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളായി തരംതിരിച്ച്, ഓരോ വിഭാഗത്തിനും ലഭിക്കേണ്ട സൗകര്യങ്ങളും ചികിത്സകളും വ്യക്തമാക്കിയിട്ടുണ്ട്.
റഫറല്‍, ബാക്ക് റഫറല്‍ സംവിധാനം നടപ്പിലാക്കുന്നതിലൂടെ മെഡിക്കല്‍ കോളേജുകളിലെ രോഗിബാഹുല്യം കുറയുകയും, താഴെത്തട്ടിലെ ആശുപത്രികളിലെ ചികിത്സാ നിലവാരം മെച്ചപ്പെടുകയും ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
