തൃശൂരിലെ വോട്ടര്‍പട്ടിക ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ ജില്ലാ പൊലീസ് കമ്മീഷണര്‍ക്ക് പരാതി

തൃശൂരിലെ വോട്ടര്‍പട്ടിക ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ ജില്ലാ പൊലീസ് കമ്മീഷണര്‍ക്ക് പരാതി


തൃശൂര്‍ : തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ ജില്ലാ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി കോണ്‍ഗ്രസ്. നിയമവിരുദ്ധമായാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി വോട്ട് ചേര്‍ത്തതെന്നും ക്രിമിനല്‍ കേസ് എടുക്കണമെന്നും കോണ്‍ഗ്രസിന്റെ പരാതിയില്‍ പറയുന്നു.

മണ്ഡലത്തില്‍ ആറ് മാസമായി സ്ഥിരതാമസമാണെന്ന വ്യാജസത്യവാങ്മൂലം നല്‍കിയാണ് സുരേഷ് ഗോപി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തതെന്ന് മുന്‍ എംപി ടിഎന്‍ പ്രതാപന്‍ പറഞ്ഞു. തിരുവനന്തപുരത്തു സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉള്‍പടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാര്‍ഗ്ഗത്തിലൂടെയാണ് തൃശൂര്‍ നിയമസഭാ മണ്ഡ ത്തിലെ 115 ആം നമ്പര്‍ ബൂത്തില്‍ വോട്ട് ചേര്‍ത്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തില്‍ വോട്ട് ചേര്‍ക്കാന്‍ സാധിക്കുകയുള്ളു. പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ശാസ്തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടുനമ്പറില്‍ സ്ഥിര താമസക്കാരാണ്. തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം ഡിവിഷനില്‍ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടേയും പേരുകള്‍ അദ്ദേഹം കേന്ദ്രമന്ത്രിയായതിനുശേഷം നടന്ന റിവിഷനിലും അതേ പടി തുടരുന്നുവെന്നത് അദ്ദേഹം നടത്തിയ കൃത്രിമത്തിന് തെളിവാണ്.

സുരേഷ് ഗോപി 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന്നു തൊട്ടു മുന്‍പായിട്ടാണ് 115 ആം നമ്പര്‍ ബൂത്തില്‍ ഏറ്റവും അവസാനമായി വോട്ട് ചേര്‍ത്തത്. വോട്ട് ചേര്‍ക്കുമ്പോള്‍ സ്ഥിര താമസക്കാരനണെന്ന രേഖയും സത്യാ പ്രസ്താവനയും രേഖയും നല്‍കണം. ശാസ്തമംഗലം ഡിവിഷനില്‍ സ്ഥിര താമക്കാരനായ സുരേഷ് ഗോപി തൃശൂരില്‍ നല്‍കിയ സത്യ പ്രസ്താവനയും രേഖയും സത്യമല്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. തൃശൂരില്‍ സുരേഷ് ഗോപി നടത്തിയത് അസത്യ പ്രസ്താവനയാണ്. ഇതേ മാര്‍ഗ്ഗത്തിലൂടെ സുരേഷ് ഗോപിയും സഹോദരനുമുള്‍പ്പടെ പതിനൊന്ന് പേരുടെ വോട്ടുകളാണ് ഒരേ വിലാസം കാണിച്ച് ഇത്തരത്തില്‍ ചേര്‍ത്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ചും ഇന്ത്യന്‍ ശിക്ഷ നിയമം അനുസരിച്ചും സുരേഷ് ഗോപിയും കുടുംബവും ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. ഇക്കാര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ എംപി ടി എന്‍ പ്രതാപന്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നേരില്‍ പരാതി നല്‍കിയത്.

സുരേഷ് ഗോപി സമാനമായ രീതിയില്‍ ഇത്തരത്തില്‍ മറ്റൊരു കേസില്‍ വിചാരണ നേരിടുന്ന പ്രതി കൂടിയാണ്.വ്യാജ സത്യവാങ്മൂലം നല്‍കി അനര്‍ഹനായി വോട്ടര്‍ പട്ടികയില്‍ കയറിക്കൂടിയ ഒരാള്‍ക്ക് ജനപ്രതിനിധി ആയി തുടരാന്‍ അവകാശമില്ല. സുരേഷ് ഗോപിയും കുടുംബവുമുള്‍പ്പെടെ നിരവധി വ്യാജ വോട്ടര്‍മാരാണ് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കയറിക്കൂടിയത്. ഈ വോട്ടര്‍മാരെ അടിയന്തിരമായി നീക്കം ചെയ്യാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണം. ഇത് സംബന്ധിച്ചു പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കും.
സുരേഷ് ഗോപിയുടെ വോട്ട് ആസാധുവാകുന്നതോടെ അദ്ദേഹത്തിന്റെ പാര്‍ലമെന്റ് അംഗത്വം ഇല്ലാതായി മാറുമെന്നും പ്രതാപന്‍ പറഞ്ഞു. ഇതിനെതിരെ നിയമപരമായി എല്ലാ പോരാട്ടവും കോണ്‍ഗ്രസ് നടത്തും. ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍ പട്ടിക വന്നപ്പോള്‍ സുരേഷ് ഗോപിക്കും കുടുംബത്തിനും ഇരട്ടവോട്ട് ഉണ്ടെന്നും ഇത് എങ്ങനെ സംഭവിച്ചെന്നും പ്രതാപന്‍ ചോദിച്ചു.