രാജസ്ഥാനില്‍ പിക്ക് അപ് വാനും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ച് 11 പേര്‍ കൊല്ലപ്പെട്ടു

രാജസ്ഥാനില്‍ പിക്ക് അപ് വാനും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ച് 11 പേര്‍ കൊല്ലപ്പെട്ടു


ദൗസ: പിക്ക് അപ് വാനും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ച് 11 പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രാജസ്ഥാനിലെ ദൗസ ജില്ലയില്‍ ബാപി ഗ്രാമത്തിലെ മനോഹര്‍പൂരിലുള്ള പാതയിലാണ് പുലര്‍ച്ചെ അപകടമുണ്ടായത്. നാല് സ്ത്രീകളും ഏഴ് കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. 

ഖതു ശ്യാംജി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍ പെട്ടതെന്നാണ് പ്രാഥമിക വിവരം. പത്ത് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വിവരമറിഞ്ഞയുടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു സ്ത്രീയും പിന്നീട് മരിച്ചതോടെയാണ് മരണ സംഖ്യ പതിനൊന്നിലെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. 

ഉത്തര്‍പ്രദേശിലെ ഇറ്റ ജില്ലയിലുള്ള അസ്രൗലി ഗ്രാമത്തില്‍ നിന്നുള്ളവരാണ് ദുരന്തത്തിനിരയായവരെല്ലാമെന്ന് പൊലീസ് പറഞ്ഞു. ഖതുശ്യാം, സലസാര്‍ ബാലാജി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം തിരികെ മടങ്ങും വഴിയാണ് അപകടം.