ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്നും മൂന്ന് മണിക്കൂര്‍ വടക്കോട്ട് വാഹനമോടിച്ചാല്‍ എത്തിച്ചേരുന്ന എനീബയില്‍ അപൂര്‍വ്വ ധാതുക്കള്‍ അടങ്ങിയ മണ്ണിന്റെ വന്‍ ശേഖരം കാണാനാവും. ചൈനയുടെ അപൂര്‍വ ധാതുക്കളുടെ ആധിപത്യമാണ് ഓസ്‌ട്രേലിയ തകര്‍ക്കാന്‍ പോകുന്നത്.
തരിശും വിജനവുമായ കുന്നാണ് എന്നാണ് തോന്നുകയെങ്കിലും പടിഞ്ഞാരന്‍ ഓസ്ട്രേലിയയിലെ ഖനന മേഖലയാണിവിടം.
ഇലക്ട്രിക് വാഹനങ്ങള്‍, കാറ്റാടി യന്ത്രങ്ങള്‍, പ്രതിരോധ ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ണായക ധാതുക്കള്‍ അടങ്ങിയ ഒരു ദശലക്ഷം ടണ്‍ ശേഖരമാണ് ഇവിടെ അടങ്ങിയിരിക്കുന്നത്.
ഈ ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിന് ഓസ്‌ട്രേലിയ ഒരു ഖനന കമ്പനിക്ക് ഒരു ബില്യണ്‍ ഡോളര്‍ വായ്പ നല്‍കിക്കഴിഞ്ഞു. ചൈന കുത്തകയാക്കിയ മേഖലയിലേക്കാണ് ഓസ്ട്രേലിയ കടന്നുകയറ്റം നടത്തുന്നത്.
അപൂര്‍വ ധാതുലവണങ്ങള്‍ കൈവശമുള്ളതാണ് ചൈന യു എസിനും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തിലും പിടിവള്ളിയായി ഉപയോഗപ്പെടുത്തുന്നത്. താരിഫ് ചര്‍ച്ചകളിലെ ശക്തമായ വിലപേശലായി ബീജിംഗ് ചിപ്പിന്റെ കയറ്റുമതി ഉപയോഗപ്പെടുത്തുന്നുണ്ട്. ചൈനയ്ക്ക് തങ്ങളുടെ ഫാക്ടറികള്‍ നിര്‍ത്തലാക്കാനുള്ള ശക്തിയുണ്ടെന്ന് വന്‍കിട രാജ്യങ്ങളും ഫാക്ടറികള്‍ പലതും ആശങ്കയോടെ തിരിച്ചറിയുന്നുണ്ട്.
ട്രംപിന്റെ താരിഫുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഫോര്‍ഡിന്റെ പ്രശസ്തമായ എക്‌സ്‌പ്ലോറര്‍ എസ്യുവിയുടെ ഉത്പാദനം ഒരു ആഴ്ചത്തേക്ക് ഷിക്കാഗോ പ്ലാന്റുകളില്‍ നിര്‍ത്തിവച്ചിരുന്നു. അപൂര്‍വ ധാതുലവണങ്ങളുടെ ക്ഷാമമാണ് താത്ക്കാലികമായി നിര്‍ത്താന്‍ കാരണമായതെന്ന് സിഇഒ ജിം ഫാര്‍ലി വെളിപ്പെടുത്തുകയും ചെയ്തു. ചിപ്പുകളുടെ വിതരണം കൃത്യമാക്കാന്‍ കമ്പനി ഇപ്പോഴും പാടുപെടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അപൂര്‍വ ഭൗമ ധാതുക്കളും കാന്തങ്ങളും അമേരിക്കയിലേക്ക് വിതരണം ചെയ്യാന്‍ ബീജിംഗ് സമ്മതം പ്രകടിപ്പിച്ചത് തടസ്സം ലഘൂകരിച്ചിട്ടുണ്ടെങ്കിലും യു എസ്- ചൈന വ്യാപാര കരാര്‍ പൂര്‍ത്തിയാകാത്തത് വീണ്ടും തടസ്സം സൃഷ്ടിച്ചേക്കുമെന്ന ആശങ്ക തുടരുന്നുണ്ട്.
ആവര്‍ത്തനപ്പട്ടികയിലെ 17 മൂലകങ്ങളെ പരാമര്‍ശിക്കുന്നതാണ് 'അപൂര്‍വ ധാതുക്കള്‍' എന്ന പ്രയോഗം. അവ ഭാരം കുറഞ്ഞതും അതിശക്തവും ചൂടിനെ പ്രതിരോധിക്കുന്നതുമാണ്. ഇത് ചെറിയ ഇലക്ട്രിക് മോട്ടോറുകളില്‍ ഉപയോഗപ്രദമാക്കുകയും ചെയ്യുന്നു.
എന്നാല്‍ അപൂര്‍വ്വ ധാതുക്കള്‍ എന്നത് അപൂര്‍വമോ നിര്‍ണായകമോ അല്ലെന്നാണ് കര്‍ട്ടിന്‍ സര്‍വകലാശാലയിലെ എക്‌സ്ട്രാക്ടീവ് മെറ്റലര്‍ജിയുടെ ചെയര്‍ ജാക്വസ് എക്‌സ്റ്റീന്‍ പറയുന്നത്.
എങ്കിലും അപൂര്‍വ്വ ധാതുക്കള്‍ നിര്‍ണായകമാണ്. ശരാശരി ഇലക്ട്രിക് വാഹനത്തിന്റെ സൈഡ് മിററുകള്‍, സ്പീക്കറുകള്‍ മുതല്‍ വിന്‍ഡ്‌സ്‌ക്രീന്‍ വൈപ്പറുകള്‍, ബ്രേക്കിംഗ് സെന്‍സറുകള്‍ വരെ ഡസന്‍ കണക്കിന് ഘടകങ്ങളില്‍ അപൂര്‍വ ധാതുക്കള്‍ അടങ്ങിയ മോട്ടോറുകള്‍ ഉണ്ടായിരിക്കാം.
അതിനാല്‍ പ്രശ്‌നം ധാതുക്കളുടെ അപൂര്‍വ്വതയല്ലെന്നും വിതരണ ശൃംഖലയില്‍ ഏതാനും രാജ്യങ്ങളാണ് നിയന്ത്രിക്കുന്നതെന്നതാണ് വസ്തുതയെന്ന് പ്രൊഫസര്‍ എക്സ്റ്റീന്‍ കൂട്ടിച്ചേര്‍ക്കുന്നു.
1990കളില്‍, പ്രത്യേകിച്ച് യൂറോപ്പിലും ഫ്രാന്‍സിലും ഒരു പ്രമുഖ അപൂര്‍വ ധാതു വ്യവസായം ഉണ്ടായിരുന്നു. ഇന്ന്, ഈ ധാതുക്കളെല്ലാം ചൈനയില്‍ നിന്നാണ് വരുന്നത്. ഇപ്പോള്‍ ആഗോള അപൂര്‍വ ധാതു ഖനനത്തിന്റെ പകുതിയിലധികവും സംസ്‌കരണത്തിന്റെ 90 ശതമാനവും ചൈനയുടെ ഭാഗമാണ്.
യു എസ് തങ്ങളുടെ അപൂര്‍വ ധാതു ഇറക്കുമതിയുടെ 80 ശതമാനവും ചൈനയില്‍ നിന്നാണ് സ്വീകരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ അതിന്റെ വിതരണത്തിന്റെ 98 ശതമാനവും ചൈനയെ ആശ്രയിക്കുന്നു.
ചൈന മനഃപൂര്‍വ്വം അവരുടെ താഴ്ന്ന നിലയിലുള്ള നിര്‍മ്മാണ, പ്രതിരോധ വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിന് വിപണി നിയന്ത്രിക്കാന്‍ ശ്രമിച്ചതായി ഇലുകു റിസോഴ്സസിന്റെ അപൂര്‍വ ധാതു മേധാവി ഡാന്‍ മക്ഗ്രാത്ത് പറയുന്നു. മക്ഗ്രാത്തും ഇലുകുവും പ്രസ്തുത നിയന്ത്രണത്തില്‍ വിള്ളല്‍ വീഴ്ത്താനാവുമെന്ന പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയന്‍ ഖനനത്തെ കാണുന്നത്.
പതിറ്റാണ്ടുകളായി ഇലുകു ഓസ്ട്രേലിയയില്‍ സെറാമിക്‌സിലെ പ്രധാന ഘടകമായ സിര്‍ക്കോണ്‍ ഖനനം ചെയ്യുന്നുണ്ട്. പെയിന്റ്, പ്ലാസ്റ്റിക്കുകള്‍, പേപ്പര്‍ എന്നിവയുടെ പിഗ്മെന്റേഷനില്‍ ഉപയോഗിക്കുന്ന ടൈറ്റാനിയം ഡൈ ഓക്‌സൈഡാണിത്.
അപൂര്‍വ ധാതു ഖനികളുടെ ആവശ്യം നിറവേറ്റുന്നതിന് ശുദ്ധീകരണശാല നിര്‍മ്മിക്കുന്നതിന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇലുകയ്ക്ക് 1.65 ബില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ വായ്പ നല്‍കുന്നതിന്റെ ഒരു കാരണം ഇതാണ്. ദശകത്തിന്റെ അവസാനത്തോടെ ഇലുക 50- 170 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2030 ആകുമ്പോഴേക്കും അപൂര്‍വ ധാതു ഖനികള്‍ക്കായുള്ള പാശ്ചാത്യ ഡിമാന്‍ഡിന്റെ ഒരു പ്രധാന ഭാഗം വിതരണം ചെയ്യാന്‍ കഴിയുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും ചൈനയ്ക്ക് പുറത്ത് സ്വതന്ത്രവും സുരക്ഷിതവും സുസ്ഥിരവുമായ വിതരണ ശൃംഖല ഉണ്ടായിരിക്കേണ്ടത് ബിസിനസ്സിന്റെ തുടര്‍ച്ചയ്ക്ക് അടിസ്ഥാനമാണെന്ന് ഉപഭോക്താക്കള്‍ തിരിച്ചറിയുന്നുവെന്നും മഗ്രാത്ത് പറഞ്ഞു.
ഓസ്‌ട്രേലിയയിലെ റിഫൈനറിയും ഇലുകയുടെ അപൂര്‍വ ധാതു ബിസിനസിനോടുള്ള പ്രതിബദ്ധതയും ചൈനയ്ക്ക് ബദലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ റിഫൈനറി നിര്‍മ്മിച്ച് ഓണ്‍ലൈനില്‍ വരാന്‍ രണ്ട് വര്‍ഷമെടുക്കും.
ഓസ്ട്രേലിയന്‍ സര്‍ക്കാരുമായി തങ്ങള്‍ക്കുള്ള തന്ത്രപരമായ പങ്കാളിത്തമില്ലാതെ അപൂര്‍വ ധാതു പദ്ധതി സാമ്പത്തികമായി ലാഭകരമാകില്ലെന്നും മഗ്രാത്ത് പറയുന്നു.
അപൂര്‍വ ധാതു നിക്ഷേപങ്ങളുടെ വിതരണം നിര്‍ത്തലാക്കാനുള്ള ചൈനയുടെ സമീപകാല തീരുമാനമാണ് വ്യാപാര പങ്കാളികളെ അവരുടെ വിതരണക്കാരെ വൈവിധ്യവല്‍ക്കരിക്കാന്‍ പ്രേരിപ്പിച്ചത്.
വാഹന നിര്‍മ്മാതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ അവരുടെ ഉത്പാദനം ആസൂത്രണം ചെയ്യുന്നതിനാല്‍ തങ്ങളുടെ ശുദ്ധീകരണശാല ഓണ്‍ലൈനില്‍ വരുമ്പോള്‍ തന്നെ അഭ്യര്‍ഥനകള്‍ സമര്‍പ്പിക്കുന്നുണ്ടെന്ന് ഇലുക പറയുന്നു.
ഹരിത പരിവര്‍ത്തനത്തിനും ഇലക്ട്രിക് വാഹനങ്ങള്‍ക്കും പ്രതിരോധ സാങ്കേതികവിദ്യകള്‍ക്കും അപൂര്‍വ ധാതു നിക്ഷേപങ്ങള്‍ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ അവയുടെ നിയന്ത്രണം ദേശീയ മുന്‍ഗണനയാക്കും.
ബദല്‍ വിതരണം ഉറപ്പുവരുത്താനും ചൈനയെ ആശ്രയിക്കുന്നത് കുറക്കാനും ലോകത്തെ സഹായിക്കാനും സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്ന് കാന്‍ബെറ വ്യക്തമാക്കുന്നു.
എന്നാല്‍ അപൂര്‍വ ധാതു വ്യവസായം വികസിപ്പിക്കുന്നതിന് നിക്ഷേപിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ഓസ്‌ട്രേലിയ നേരിടേണ്ടിവരുന്ന വലിയ പ്രശ്‌നം മലിനീകരണമായിരിക്കും.
ചൈനയില്‍ വര്‍ഷങ്ങളോളം അപൂര്‍വ ധാതു സംസ്‌കരിക്കുന്നതിലൂടെ ഉണ്ടായ പാരിസ്ഥിതിക പ്രശ്‌നങ്ങളും രാസവസ്തുക്കളും റേഡിയോ ആക്ടീവ് മാലിന്യങ്ങളും ജലപാതകളിലേക്ക് ഒഴുകുന്നതിലേക്കാണ് നയിച്ചത്. ഇത് നഗരങ്ങളിലും ജനങ്ങളിലും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്.
അപൂര്‍വ ധാതുവിന്റെ കാര്യത്തില്‍ ഖനനമല്ല സംസ്‌ക്കാരണമാണ് പ്രശ്‌നം. റേഡിയോ ആക്ടീവ് ഘടകങ്ങള്‍ ഉത്പാദിപ്പിക്കുന്ന വേര്‍തിരിച്ചെടുക്കല്‍, ചോര്‍ച്ച, താപം, ശുദ്ധീകരണം എന്നിവയാണ് സംസ്‌ക്കരണത്തില്‍ ഉള്‍പ്പെടുന്നത്.
ഓസ്‌ട്രേലിയയില്‍ മലിനീകരണ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സംവിധാനങ്ങളുണ്ട്. ഉത്തരവാദിത്തത്തോടെയെങ്കിലും കൈകാര്യം ചെയ്യുന്നതിന് നിയമപരമായ അന്തരീക്ഷവും അതിനൊപ്പം പ്രവര്‍ത്തിക്കാന്‍ ചട്ടക്കൂടും ഉണ്ട്.
അപൂര്‍വ ധാതു ഖനികളില്‍ ചൈന തങ്ങളുടെ 'അര്‍ധ കുത്തക' വിലപേശലിനായി ഉപയോഗിക്കുന്നതായും പ്രധാന വ്യവസായങ്ങളിലെ എതിരാളികളെ ദുര്‍ബലപ്പെടുത്താന്‍ ആയുധമാക്കുന്നതായും യൂറോപ്യന്‍ യൂണിയന്‍ മുമ്പ് ആരോപിച്ചിരുന്നു.
വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ ചൈന ലഘൂകരിച്ചിട്ടുണ്ടെങ്കിലും വിതരണ ശൃംഖലയിലെ ആഘാതങ്ങളുടെ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് അപൂര്‍വ ധാതുക്കള്‍ അത്യന്തം ആവശ്യമുള്ള നൂറുകണക്കിന് വാഹന നിര്‍മ്മാതാക്കളുടെ കൂട്ടായ്മ പറഞ്ഞു.
ഒരു പുതിയ വ്യവസായം കെട്ടിപ്പടുക്കുന്നതിന് സമയമെടുക്കുമെങ്കിലും കൂടുതല്‍ വിശ്വസനീയവും മികച്ചതുമായ സ്രോതസ്സാകാന്‍ ശ്രമിക്കുന്നതിനാല്‍ അപൂര്‍വ ധാതു ഖനികളില്‍ ഓസ്ട്രേലിയ ധാരാളം കാര്യങ്ങള്‍ ചെയ്യുമെന്നാണ് പ്രതീക്ഷ.