കൊച്ചി: മലയാളം ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌സ് (അമ്മ) തലപ്പത്ത് വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രധാന സ്ഥാനങ്ങളില്‍ രണ്ടുപേരൊഴികെ എല്ലാവരും നടിമാരാണ്.
ദേവനെ പരാജയപ്പെടുത്തി ശ്വേത മേനോനാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അമ്മയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റാണ് ശ്വേത മേനോന്‍.
കുക്കു പരമശ്വരനാണ് ജനറല്‍ സെക്രട്ടറി. ട്രഷറര്‍ സ്ഥാനത്തേക്ക് വിജയിച്ച ഉണ്ണി ശിവപാലാണ് നേതൃത്വത്തിലെ പുരുഷന്മാരിലൊരാള്‍.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലക്ഷ്മിപ്രിയയും ജയന്‍ ചേര്‍ത്തലയുമാണ് വിജയിച്ചത്. ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസന്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സരയു മോഹന്‍, ആശ അരവിന്ദ്, നീന കുറുപ്പ്, അഞ്ജലി നായര്‍, സന്തോഷ് കീഴാറ്റൂര്‍, ജോയ് മാത്യു, വിനു മോഹന്‍, കൈലാഷ്, സിജോയ് വര്‍ഗ്ഗീസ്, റോണി ഡേവിഡ്, ടിനി ടോം എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഇത്തവണ പോളിങ് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചിരുന്നു. 233 വനിതാ അംഗങ്ങള്‍ ഉള്‍പ്പടെ സംഘടനയിലെ 507 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളതെങ്കിലും 298 പേര്‍ മാത്രമാണ് ഇത്തവണ വോട്ട് ചെയ്തത്. കഴിഞ്ഞ തവണ 357 പേരായിരുന്നു വോട്ട് ചെയ്തത്.
കഴിഞ്ഞ തവണ 70 ശതമാനം പോളിംഗ് ഉണ്ടായിരുന്നത് ശക്തമായ മത്സരമായിട്ടും 58 ശതമാനം മാത്രമായിരുന്നു പോളിംഗ്.