പത്താം വയസില്‍ 60 കാരനായ ഗ്രാന്‍ഡ്മാസ്റ്ററെ പരാജയപ്പെടുത്തിയ ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമായി ബോധന ശിവാനന്ദന്‍

പത്താം വയസില്‍ 60 കാരനായ ഗ്രാന്‍ഡ്മാസ്റ്ററെ പരാജയപ്പെടുത്തിയ ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമായി ബോധന ശിവാനന്ദന്‍


ലിവര്‍പൂള്‍ : ഒരു ഗ്രാന്‍ഡ്മാസ്റ്ററെ തോല്‍പ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമായി ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയായ 10 വയസുകാരി ബോധന ശിവാനന്ദന്‍. ലിവര്‍പൂളില്‍ നടന്ന ബ്രിട്ടീഷ് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ 60കാരനായ ഗ്രാന്‍ഡ്മാസ്റ്റര്‍ പീറ്റര്‍ വെല്‍സിനെയാണ് ബോധന തോല്‍പ്പിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് കുടിയേറിയ ദമ്പതികളുടെ മകളാണ് ബോധന.10 വര്‍ഷവും 5 മാസവും 3 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ നേട്ടം. 
2019ല്‍ 10 വര്‍ഷവും 11 മാസവും 20 ദിവസവും പ്രായമുള്ളപ്പോള്‍ ഗ്രാന്‍ഡ്മാസ്റ്ററെ കീഴടക്കിയ അമേരിക്കന്‍ താരം കരീസ ഇപ്പിന്റെ റെക്കാഡാണ് ബോധന തകര്‍ത്തത്. ഈ വിജയത്തോടെ വനിതാ ഇന്റര്‍ നാഷണല്‍ മാസ്റ്ററായി മാറിയ ബോധന വനിതാ ഗ്രാന്‍ഡ്മാസ്റ്റര്‍ ആകാനുള്ള ആദ്യ നോമും സ്വന്തമാക്കി. ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ബോധനയാണ്. ഇതിഹാസതാരം സൂസന്‍ പോള്‍ഗറിന്റെ അഭിനന്ദനവും ബോധനയെ തേടിയെത്തി.
ലോക ഒന്നാം നമ്പര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ മാഗ്‌നസ് കാള്‍സണെ പരാജയപ്പെടുത്തിയ ഇന്ത്യക്കാരനായ ഗുകേഷ് ഡൊമ്മരാജുവാണ് ചെസ്സിലെ ഏറ്റവും ഉയര്‍ന്ന കിരീടം സ്വന്തമാക്കിയ നിലവിലെ ലോക ചെസ് ചാമ്പ്യന്‍. കുടുംബത്തില്‍ മുമ്പ് ആരും ചെസ്സില്‍ മികവ് പുലര്‍ത്തിയിട്ടില്ലെന്നാണ് 2024ല്‍ ബോധനയുടെ അച്ഛന്‍ ശിവാനന്ദന്‍ ബിബിസിയോട് പറഞ്ഞത്. 
കോവിഡ് പാന്‍ഡെമിക് സമയത്ത് അഞ്ച് വയസ്സുള്ളപ്പോള്‍, അച്ഛന്റെ ഒരു സുഹൃത്ത് അവര്‍ക്ക് ചില കളിപ്പാട്ടങ്ങളും പുസ്തകങ്ങളും സമ്മാനമായി നല്‍കിയതിനെത്തുടര്‍ന്നാണ് അവള്‍ കായികരംഗം തിരഞ്ഞെടുത്തതെന്ന് ശിവാനന്ദന്‍ പറഞ്ഞു.

'ഒരു ബാഗില്‍, ഞാന്‍ ഒരു ചെസ്സ്‌ബോര്‍ഡ് കണ്ടപ്പോള്‍ എനിക്ക് അതിനോട് താല്‍പ്പര്യം തോന്നി- അവള്‍ ബിബിസിയോട് പറഞ്ഞു.
'എനിക്ക് ആ കരുക്കളെ കളിപ്പാട്ടങ്ങളായി ഉപയോഗിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പകരം, എനിക്ക് ഗെയിം കളിക്കാമെന്ന് അച്ഛന്‍ പറഞ്ഞു. അവിടെ നിന്നാണ് എന്റെ തുടക്കം-അവള്‍ കൂട്ടിച്ചേര്‍ത്തു.