ഇന്ത്യയ്ക്ക് തീരുവ ചുമത്തിയാലൊന്നും പുടിനെ തടയാനാവില്ല: ട്രംപിന്റെ വ്യാപാര നീക്കത്തെ വിമര്‍ശിച്ച് യുഎസ് ഡെമോക്രാറ്റിക് പാനല്‍

ഇന്ത്യയ്ക്ക് തീരുവ ചുമത്തിയാലൊന്നും പുടിനെ തടയാനാവില്ല: ട്രംപിന്റെ വ്യാപാര നീക്കത്തെ വിമര്‍ശിച്ച് യുഎസ് ഡെമോക്രാറ്റിക് പാനല്‍


വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കുമേല്‍ താരിഫ് ചുമത്തുന്നതും റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനെ തടയുന്നതിനോ യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനോ തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് അമേരിക്കയുടെ വിദേശനയത്തിന് മേല്‍നോട്ടം വഹിക്കുന്ന യുഎസ് ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകള്‍ പറഞ്ഞു.

'ഇന്ത്യയ്ക്ക് തീരുവ ചുമത്തുന്നത് പുടിനെ തടയില്ല. റഷ്യയുടെ യുക്രെയ്‌നിലെ നിയമവിരുദ്ധ അധിനിവേശത്തെ അഭിസംബോധന ചെയ്യാന്‍ ട്രംപ് ശരിക്കും ആഗ്രഹിക്കുന്നുവെങ്കില്‍, പുടിനെ ശിക്ഷിക്കുകയും യുക്രെയ്‌നിന് ആവശ്യമായ സൈനിക സഹായം നല്‍കുകയും ചെയ്യാം. മറ്റെല്ലാം അപ്രസക്തവും തെറ്റിദ്ധാരണാജനകവുമാണ്- ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി ഡെമോക്രാറ്റ്‌സിന്റെ എക്‌സ് പോസ്റ്റില്‍ എഴുതി.

പ്രസ്താവനയ്‌ക്കൊപ്പം, ഇന്ത്യയ്ക്ക് മേലുള്ള തീരുവ റഷ്യയെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, കൂടുതല്‍ ദ്വിതീയ താരിഫുകള്‍ പിന്തുടരാമെന്ന് പറഞ്ഞ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റുമായുള്ള അഭിമുഖം പാനല്‍ പങ്കിട്ടു.

'റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കാര്‍ക്ക് മേല്‍ ഞങ്ങള്‍ ദ്വിതീയ താരിഫുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാര്യങ്ങള്‍ ശരിയായി നടക്കുന്നില്ലെങ്കില്‍ ഉപരോധങ്ങളോ ദ്വിതീയ താരിഫുകളോ ഉയരുമെന്ന്  ബെസെന്റ് പറഞ്ഞു. 'എല്ലാ ഓപ്ഷനുകളും തയ്യാറാണ് എന്ന് ട്രംപ് പുടിനോട് വ്യക്തമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ പ്രസിഡന്റിനെ മറികടന്ന് ഒന്നും പ്രഖ്യാപിക്കാന്‍ പോകുന്നില്ല. എല്ലാ ഓപ്ഷനുകളും പരിഗണനയിലുണ്ടെന്ന് പ്രസിഡന്റ് പുടിനോട് അദ്ദേഹം വ്യക്തമാക്കും,' ബെസെന്റ് പറഞ്ഞു.

'ഉപരോധങ്ങള്‍ വര്‍ദ്ധിപ്പിക്കാം. അവ അയവുവരുത്താം. അവയ്ക്ക് ഒരു നിശ്ചിത ആയുസ്സ് ഉണ്ടായിരിക്കാം. അവ അനിശ്ചിതമായി തുടരാം. ലോകമെമ്പാടും റഷ്യന്‍ ഷാഡോ കപ്പലുകള്‍ ഉണ്ട്, അത് നമുക്ക് അടിച്ചമര്‍ത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു.' ഉപരോധങ്ങള്‍ ഉറച്ചതല്ലെന്നും ക്രമീകരിക്കാവുന്നതുമാണെന്ന് വിശേഷിപ്പിച്ച ബെസെന്റ് കൂട്ടിച്ചേര്‍ത്തു. 

ദ്വിതീയ ഉപരോധങ്ങള്‍ക്കായുള്ള യുഎസ് ആഹ്വാനങ്ങളെ പിന്തുണയ്ക്കാന്‍ യൂറോപ്യന്‍ നേതാക്കള്‍ മടിക്കുന്നുണ്ടെന്ന് അഭിമുഖത്തില്‍ ബെസെന്റ് പറഞ്ഞു, ഒരു ജി7 യോഗത്തില്‍ ചൈനയ്‌ക്കെതിരെ ഉയര്‍ന്ന താരിഫുകള്‍ ഏര്‍പ്പെടുത്തുന്നത് അവര്‍ ഒഴിവാക്കിയെന്ന് പറഞ്ഞു.

'ഈ ഉപരോധങ്ങളില്‍ യൂറോപ്യന്മാര്‍ ഞങ്ങളോടൊപ്പം ചേരേണ്ടതുണ്ട്. ഈ ദ്വിതീയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ യൂറോപ്യന്മാര്‍ തയ്യാറാകേണ്ടതുണ്ട്. പ്രസിഡന്റ് ട്രംപിനൊപ്പം കാനഡയില്‍ നടന്ന ജി7 യോഗത്തില്‍ ഞാന്‍ ഉണ്ടായിരുന്നു, ദ്വിതീയ താരിഫുകള്‍ നടപ്പിലാക്കാനുള്ള സെനറ്റര്‍ ഗ്രഹാമിന്റെ ബില്ലിനെക്കുറിച്ച് യൂറോപ്യന്മാര്‍ സംസാരിച്ചുകൊണ്ടിരുന്നുവെന്ന് ബെസെന്റ് പറഞ്ഞു.

'മേശയ്ക്കു ചുറ്റുമുള്ള എല്ലാ നേതാക്കളെയും ഞാന്‍ നോക്കി, ഈ മേശയിലിരിക്കുന്ന എല്ലാവരും ചൈനയ്ക്ക് 200 ശതമാനം സെക്കന്‍ഡറി താരിഫ് ചുമത്താന്‍ തയ്യാറാണോ എന്ന് ഞാന്‍ ചോദിച്ചു? എല്ലാവരുടെയും താല്പര്യങ്ങള്‍ ആര്‍ക്കൊക്കെ അനുകൂലമാണെന്ന് കാണാന്‍ താന്‍ ആഗ്രഹിച്ചുവെന്നും അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.