ട്രംപ് പുട്ടിന്‍ ചര്‍ച്ചകള്‍ അവസാനിച്ചു; സമാധാന പ്രതീക്ഷ; കരാറിലെത്താന്‍ ഇനിയും കാത്തിരിക്കണം

ട്രംപ് പുട്ടിന്‍ ചര്‍ച്ചകള്‍ അവസാനിച്ചു; സമാധാന പ്രതീക്ഷ; കരാറിലെത്താന്‍ ഇനിയും കാത്തിരിക്കണം


അലാസ്‌ക:  യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം പുന:സ്ഥാപിക്കുന്നതിനുമായി അലാസ്‌കയില്‍ യുഎസ,് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുട്ടിനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായെങ്കിലും ഒരു കരാറില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല.


ചര്‍ച്ചയെ തുടര്‍ന്ന് ഇരുവരും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി. ചര്‍ച്ചയില്‍ നല്ല പുരോഗതിയുണ്ടെന്നും പല കാര്യങ്ങളിലും ധാരണയിലെത്തിയെന്നും എന്നാല്‍ അന്തിമ കരാറിലെത്തിയില്ലെന്നും ട്രംപ് പറഞ്ഞു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ സംബന്ധിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായും നേറ്റോ രാജ്യങ്ങളുമായും ഉടന്‍ സംസാരിക്കുമെന്നും അതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. സമാധാന പാതയിലേക്കുള്ള ധാരണയായെന്ന് വ്‌ലാഡിമിര്‍ പുട്ടിന്‍ പറഞ്ഞു. 'യുക്രെയ്ന്‍ സഹോദര രാജ്യമാണ്. എന്നാല്‍ റഷ്യയ്ക്ക് പല ആശങ്കകളുണ്ട്. വൊളോഡിമിര്‍ സെലെന്‍സ്‌കി സര്‍ക്കാരാണ് അതിലൊന്ന്.' -പുട്ടിന്‍ പറഞ്ഞു. അടുത്ത ചര്‍ച്ച മോസ്‌കോയിലാകാമെന്നും പുട്ടിന്‍ ട്രംപിനോട് പറഞ്ഞു. 

അലാസ്‌കയിലെ ആങ്കെറിജിലുള്ള ജോയിന്റ് ബോസ് എല്‍മണ്ടോര്‍ഫ്-റിച്ചഡ്‌സണില്‍ നടന്ന ചര്‍ച്ചയില്‍ ഡോണള്‍ഡ് ട്രംപിനൊപ്പം സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രത്യേകദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും പങ്കെടുത്തു. വ്‌ലാഡിമിര്‍ പുട്ടിനൊപ്പം വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ്, വിദേശകാര്യ നയവിദഗ്ധന്‍ യൂറി ഉഷകോവ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. നേരത്തെ ഡോണള്‍ഡ് ട്രംപും വ്‌ലാഡിമിര്‍ പുട്ടിനും അടച്ചിട്ട മുറിയില്‍ ഒറ്റയ്ക്ക് ചര്‍ച്ച നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മൂന്നര വര്‍ഷമായി തുടരുന്ന യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള മാര്‍ഗം തേടിയാണ് ട്രംപും പുട്ടിനും തമ്മിലുള്ള ചര്‍ച്ച നടത്തിയത്.