വാഷിംഗ്ടണ്‍: മദ്യപിക്കുന്ന അമേരിക്കക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുറവ് സംഭവിച്ചതായി കണ്ടെത്തല്‍. ഇപ്പോള്‍ ഭൂരിപക്ഷവും പറയുന്നത് മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യപാനം കുറയ്ക്കുകയോ നിര്‍ത്തുകയോ തുടങ്ങാതിരിക്കുകയോ ചെയ്യുന്നതെന്നാണ് മിക്കവാറും ആളുകള്‍ പറഞ്ഞത്.
ഈ ആഴ്ച പുറത്തിറങ്ങിയ ഒരു പുതിയ ഗാലപ്പ് പോള്‍ പ്രകാരം അമേരിക്കക്കാരുടെ മദ്യപാനം റെക്കോര്‍ഡ് കുറവാണ്. 54% അമേരിക്കക്കാര്‍ മാത്രമാണ് മദ്യം കഴിക്കുന്നതെന്ന് സര്‍വേ വെളിപ്പെടുത്തി.
1939 മുതല്‍ അമേരിക്കക്കാരുടെ മദ്യപാന സ്വഭാവവും 2001 മുതല്‍ മദ്യപാനത്തിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അവരുടെ വീക്ഷണങ്ങളും സര്‍വേകളിലൂടെ നിരീക്ഷിച്ചുവരികയാണ്. ഇതാദ്യമായാണ് ഭൂരിഭാഗം അമേരിക്കക്കാരും (53%) പ്രതിദിനം ഒന്നോ രണ്ടോ പെഗ് എന്ന് നിര്‍വചിക്കപ്പെടുന്ന മിതമായ അളവിലുള്ള മദ്യപാനം പോലും ആരോഗ്യത്തിന് ദോഷകരമാണെന്ന് അഭിപ്രായപ്പെട്ടത്.
'പൊതുജനാരോഗ്യരംഗത്തുള്ളവര്‍ വളരെക്കാലമായി വാദിക്കുന്ന ഒരു സന്ദേശമാണിതെന്ന് മദ്യപാന പ്രവണതകളെക്കുറിച്ച് പഠിക്കുന്ന കൊളംബിയ സര്‍വകലാശാലയിലെ എപ്പിഡെമിയോളജിസ്റ്റ് ഡോ. കാതറിന്‍ കീസ് പറഞ്ഞു. 'അതിനാല്‍ ആ സന്ദേശം അമേരിക്കന്‍ പൊതുജനങ്ങളില്‍ ആഴത്തില്‍ തുളച്ചുകയറുന്നതായി കാണുന്നത് തീര്‍ച്ചയായും സന്തോഷകരമാണെന്ന് ഡോ. കാതറിന്‍ പറഞ്ഞു.
മദ്യപിക്കുന്ന ആളുകള്‍ക്കിടയില്‍ പോലും, മദ്യപാനത്തിന്റെ അളവ് കുറഞ്ഞുവെന്ന് വോട്ടെടുപ്പ് കണ്ടെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മദ്യപിച്ചതായി 24% പേര്‍ പറഞ്ഞപ്പോള്‍, അവസാനമായി മദ്യപിച്ചിട്ട് ഒരു ആഴ്ചയില്‍ കൂടുതലാണെന്ന് 40% പേര്‍ പറഞ്ഞു. 2000 ന് ശേഷം ഗാലപ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്കാണ് 2025 ജൂലൈയില്‍ നടത്തിയ ഏറ്റവും പുതിയ വോട്ടെടുപ്പില്‍ പുറത്തുവന്നത്.
കോവിഡ്19 പാന്‍ഡെമിക് സമയത്ത് മദ്യ ഉപഭോഗം കുതിച്ചുയര്‍ന്നിരുന്നു. പിന്നീട് അടുത്തിടെ കുറയാന്‍ തുടങ്ങി. മാറുന്ന മനോഭാവങ്ങളാണോ മദ്യപാനത്തിലെ മാറ്റത്തിന് കാരണമെന്ന് വ്യക്തമല്ല, പക്ഷേ ഈ കുറവ് പ്രായപരിധിയിലുണ്ട്. ജെന്‍ ഇസഡ് (Gen Z) ന്റെ മദ്യപാനം പഴയ തലമുറകളേക്കാള്‍ കുറവാണ്. എന്നാല്‍ 35 മുതല്‍ 54 വയസ്സ് വരെ പ്രായമുള്ളവര്‍ 2023 മുതല്‍ 10 ശതമാനം പോയിന്റും 55 വയസ്സിന് മുകളിലുള്ളവര്‍ അഞ്ച് ശതമാനം പോയിന്റും മദ്യപാനം കുറച്ചിട്ടുണ്ട്.
ആരോഗ്യപരമായ അപകടസാധ്യതകള്‍ കാരണം മദ്യം കഴിക്കുന്നതിനെതിരെയുള്ള തെളിവുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മിതമായ മദ്യപാനം ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ധാരണയെ തള്ളിക്കളയുന്നതാണ് പുതിയ കണ്ടെത്തലുകള്‍.
വ്യാഴാഴ്ച, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയും പുറത്തിറക്കിയ പുതുക്കിയ രക്തസമ്മര്‍ദ്ദ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍, പുരുഷന്മാര്‍ക്ക് പ്രതിദിനം 2 പെഗും സ്ത്രീകള്‍ക്ക് പ്രതിദിനം 1 പെഗും എന്ന പരിധി ശുപാര്‍ശ ചെയ്യുന്നതിനുപകരം മദ്യം പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ശുപാര്‍ശചെയ്തിട്ടുള്ളത്. മദ്യപാനം കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഈ വര്‍ഷം ആദ്യം, മുന്‍ യുഎസ് സര്‍ജന്‍ ജനറല്‍ ഡോ. വിവേക് മൂര്‍ത്തി മുന്നറിയിപ്പ് നല്‍കുകയും മദ്യപാനീയങ്ങളുടെ കുപ്പികളില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തി പുതുക്കിയ ആരോഗ്യ മുന്നറിയിപ്പ് ലേബല്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
സ്‌കൂള്‍ ഉച്ചഭക്ഷണം മുതല്‍ പൊതുജനാരോഗ്യ സന്ദേശമയയ്ക്കല്‍ വരെയുള്ള എല്ലാത്തിനും പോഷകാഹാര മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന നയരേഖയായ, അമേരിക്കന്‍ ഭക്ഷണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ മദ്യ ഉപഭോഗത്തെക്കുറിച്ചുള്ള ദീര്‍ഘകാല ഉപദേശം ഫെഡറല്‍ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പുനഃപരിശോധിക്കുകയാണ്. പുരുഷന്മാര്‍ക്ക് പ്രതിദിനം രണ്ട് ഡ്രിങ്ക്‌സോ അതില്‍ കുറവോ എന്ന പരിധിയും സ്ത്രീകള്‍ക്ക് ഒരു ഡ്രിങ്ക് എന്ന പരിധിയും 1990 മുതല്‍ മദ്യപാനത്തെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഒന്നാണ്.
2025-2030 കാലയളവിലേക്കായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഉപദേശക സമിതി മദ്യപാനത്തെക്കുറിച്ചുള്ള ശുപാര്‍ശകള്‍ അവലോകനം ചെയ്യാന്‍ വിസമ്മതിക്കുകയും പകരം ആരോഗ്യമനുഷ്യ സേവന വകുപ്പിന്റെ നേതൃത്വത്തിലുള്ള രണ്ട് പ്രത്യേക തെളിവ് അവലോകനത്തിനായി സമര്‍പ്പിക്കുകയും ചെയ്തു. നാഷണല്‍ അക്കാദമിസ് ഓഫ് സയന്‍സസ്, എഞ്ചിനീയറിംഗ്, മെഡിസിന്‍ എന്നിവയുടെ നേതൃത്വത്തിലുള്ളതാണ് ഈ രണ്ട് ശാസ്ത്രീയ അവലോകന റിപ്പോര്‍ട്ടുകളും. ഉയര്‍ന്ന അളവിലുള്ള മദ്യപാനം ചിലതരം കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി രണ്ട് റിപ്പോര്‍ട്ടുകളും അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ ഈ റിപ്പോര്‍ട്ടുകളില്‍ നിര്‍ദ്ദിഷ്ട ഉപഭോഗ പരിധികള്‍ ശുപാര്‍ശ ചെയ്യാത്തത് ഒരു പ്രധാന കുറവാണ്.
യുഎസ്.ഡി.എ, - എച്ച് എസ് എസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വര്‍ഷാവസാനത്തോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. എച്ച് എസ് എസ് സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍, ലളിതവും ഭാരം കുറഞ്ഞതുമായ ഭക്ഷണക്രമ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമയപരിധിക്ക് വളരെ മുമ്പുതന്നെ പുറത്തിറക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.
'തീര്‍ച്ചയായും, അമേരിക്കക്കാര്‍ക്ക് ശുപാര്‍ശ ചെയ്യുന്ന മദ്യ ഉപഭോഗം ഇപ്പോഴുള്ളതിലും താഴെയാക്കുന്നതിന് ഞങ്ങളുടെ കൈവശമുള്ള ശാസ്ത്രീയ തെളിവുകള്‍ പിന്തുണയ്ക്കും. നമുക്കുള്ള ശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ഭക്ഷണക്രമ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മാറുമോ എന്ന് കണ്ടറിയണം,' കീസ് പറഞ്ഞു.
മദ്യം ആരോഗ്യത്തിന് ഹാനികരമെന്ന് കരുതുന്ന അമേരിക്കക്കാര്‍ കൂടുന്നു ; കുടിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്
