ന്യൂഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തി ഹുമയൂണിന്റെ ശവകുടീര സ്മാരകത്തിന്റെ മതിലിന് സമീപത്തു പുതുതായി നിര്‍മിച്ച കെട്ടിടം തകര്‍ന്നുവീണു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. 11 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അഞ്ചു പേര്‍ മരിച്ചതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഡല്‍ഹി നിസാമുദ്ദീന്‍ പ്രദേശത്താണ് ഹുമയൂണ്‍ ശവകുടീര സ്മാരകം സ്ഥിതി ചെയ്യുന്നത്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം വൈകിട്ട് 3.51നാണ് സമീപത്തെ നിര്‍മാണം തകര്‍ന്നതായി അറിയിച്ച് അഗ്നിരക്ഷാ സേനയ്ക്ക് സന്ദേശം ലഭിച്ചത്. ഡല്‍ഹി ഫയര്‍ സര്‍വീസും മറ്റ് അടിയന്തര സംഘങ്ങളും ഉടന്‍ സ്ഥലത്തെത്തുകയായിരുന്നു.
നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഹുമയൂണ്‍ ശവകുടീരം യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്ന സ്മാരകമാണ്.
സമീപത്തെ ദര്‍ഗയാണ് തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കനത്ത മഴയെ തുടര്‍ന്നാണ് തകര്‍ച്ചയുണ്ടായതെന്നാണ് പ്രാഥമിക വിവരം.