ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഗ്രൂപ്പുകളുടെ 'കരിമ്പട്ടികയില്‍' ഹമാസിനെ ഉള്‍പ്പെടുത്തി യുഎന്‍ ; സ്വാഗതം ചെയ്ത് ഇസ്രയേല്‍

ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഗ്രൂപ്പുകളുടെ 'കരിമ്പട്ടികയില്‍' ഹമാസിനെ ഉള്‍പ്പെടുത്തി യുഎന്‍ ; സ്വാഗതം ചെയ്ത് ഇസ്രയേല്‍


ടെല്‍ അവീവ് :  ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഗ്രൂപ്പുകളുടെ 'കരിമ്പട്ടികയില്‍' ഹമാസിനെ ഉള്‍പ്പെടുത്തിയ യുഎന്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം. കൂട്ടബലാത്സംഗം, ജനനേന്ദ്രിയം ഛേദിക്കല്‍, തടവില്‍ ലൈംഗിക പീഡനം എന്നിങ്ങനെ മനുഷ്യരാശിക്ക് വെല്ലുവിളിയാകുന്ന ഏറ്റവും ഭയാനകമായ ലൈംഗിക കുറ്റകൃത്യങ്ങള്‍ ഹമാസ് ചെയ്തിട്ടുണ്ട്, ഇപ്പോഴും ചെയ്യുന്നു. യുഎന്‍ ഈ വസ്തുത ഔദ്യോഗികമായി അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇസ്രയേലി നയതന്ത്രജ്ഞരുടെ കഠിനാധ്വാനത്തിന് ശേഷമാണ് ഹമാസിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഈ നീക്കത്തെ ആദ്യം എതിര്‍ത്തിരുന്നുവെന്നും ഇസ്രയേല്‍ ചൂണ്ടിക്കാട്ടി. യുഎന്‍ ജനറല്‍ അസംബ്ലിയിലെ എല്ലാ അംഗങ്ങള്‍ക്കും സെക്രട്ടറി ജനറലിന്റെ റിപ്പോര്‍ട്ട് അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ റിപ്പോര്‍ട്ടില്‍ ആദ്യമായാണ് ഭീകര സംഘടനയായ ഹമാസിനെ ഉള്‍പ്പെടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

2024ന്റെ തുടക്കത്തില്‍ സംഘര്‍ഷത്തിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള യുഎന്‍ പ്രത്യേക പ്രതിനിധി പ്രമീള പാറ്റന്റെ മുന്‍ കണ്ടെത്തലുകളെ തുടര്‍ന്നാണ് ഹമാസിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റകൃത്യങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും തുല്യമായ തലത്തില്‍, ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഹമാസ് ചെയ്തു. ഗുരുതരമായ കുറ്റകൃത്യത്തിനുള്ള അന്താരാഷ്ട്ര നിയമ പ്രകാരമാണ് ഹമാസിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ലൈംഗിക കുറ്റകൃത്യങ്ങള്‍ അവസാനിച്ചിട്ടില്ല, ഹമാസ് ഭീകരര്‍ ബന്ദികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍, എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കാനും ഹമാസിന്റെ നിരായുധീകരണത്തിനുമുള്ള ആവശ്യപ്പെടല്‍ തുടരുന്നു. 'തെറ്റായ അപവാദങ്ങളെയും' 'രക്തരൂക്ഷിതമായ അപവാദങ്ങളെയും' ചെറുക്കുമെന്നും ഇസ്രയേല്‍ പ്രതിജ്ഞയെടുക്കുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം രാജ്യങ്ങള്‍ തമ്മിലുള്ള സായുധ പോരാട്ടത്തില്‍ വ്യവസ്ഥാപിതമായ ലൈംഗിക അതിക്രമം നടത്തിയതായി സംശയിക്കുന്ന രാജ്യങ്ങളുടെയും ഗ്രൂപ്പുകളുടെയും കരിമ്പട്ടികയില്‍ ഹമാസ് ചേരുമെന്ന് ഗുട്ടെറസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്രയേലിന്റെ ഐക്യരാഷ്ട്രസഭ പ്രതിനിധി ഡാനി ഡാനണ്‍ അയച്ച കത്തില്‍ ഹമാസിന്റെ ദുരുപയോഗ രീതികളെക്കുറിച്ച് പ്രധാനമായ ആശങ്ക പ്രകടിപ്പിച്ചതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

അതില്‍ ബന്ദികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുക, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുക, നിര്‍ബന്ധിത വിവാഹം നടത്തുക, അവരുടെ ആര്‍ത്തവചക്രത്തെക്കുറിച്ച് വിശദമായ ചോദ്യങ്ങള്‍ ചോദിക്കുക എന്നിവ ഉള്‍പ്പെടുന്നു. മോചിതരായ ബന്ദികള്‍ ലൈംഗിക അതിക്രമങ്ങളുടെ കഥകള്‍ പറഞ്ഞിട്ടുണ്ട്. ഒക്ടോബര്‍ ഏഴിലെ മോചനത്തില്‍ ഇസ്രയേലില്‍ തിരിച്ചെത്തിയവരാണ് ഇത് വ്യക്തമാക്കിയത്.