അലാസ്‌ക : ലോകം മുഴുവന്‍ ഇന്ന് അലാസ്‌കയിലേക്ക് ഉറ്റുനോക്കുകയാണ്. അമേരിക്കയുടെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുട്ടിനും തമ്മില്‍ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നടത്താനിരിക്കുന്ന കൂടിക്കാഴ്ച റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ ഗതി മാത്രമല്ല, ട്രംപിന്റെ രാഷ്ട്രീയ ഭാവിയും യൂറോപ്യന്‍ സുരക്ഷയുടെ വിധിയും നിര്‍ണയിച്ചേക്കാം. ട്രംപ് അധികാരത്തിലെത്തിയ ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് നിര്‍ണായക കൂടിക്കാഴ്ച
ഈ ഉച്ചകോടിയിലൂടെ താനൊരു അന്താരാഷ്ട്ര മധ്യസ്ഥനും ആഗോള സമാധാന നേതാവുമാണെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കാനുള്ള അവസരമാണ് ട്രംപ് ലക്ഷ്യമിടുന്നത്. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ഒരു വഴി കണ്ടെത്താന്‍ തനിക്ക് കഴിയുമെന്ന് അദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നു. അതേസമയം, റഷ്യയുടെ നേട്ടങ്ങള്‍ ഉറപ്പിക്കാനും നാറ്റോ സൈനിക സഖ്യത്തില്‍ ചേരാനുള്ള യുക്രെയ്‌ന്റെ ശ്രമം തടയാനും സാധിക്കുന്ന ഒരു കരാര്‍ ചര്‍ച്ച ചെയ്യാനുള്ള അവസരമായാണ് പുടിന്‍ ഈ കൂടിക്കാഴ്ചയെ കാണുന്നത്
എന്നാല്‍, കൂടിക്കാഴ്ചയില്‍ ട്രംപിന് ചില അപകടസാധ്യതകളുണ്ടെന്നാണ് വിദേശകാര്യ വിദഗ്ധര്‍ നല്‍കുന്ന വിവരം. യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷം ലോകവേദിയില്‍ നിന്ന് ഒറ്റപ്പെട്ട പുടിന് ഈ കൂടിക്കാഴ്ചയിലൂടെ ഒരു അംഗീകാരം നല്‍കുകയാണ് ട്രംപ്. 'യുക്രെയ്‌നില്ലാതെ യുക്രെയ്‌നെക്കുറിച്ച് ഒന്നുമില്ല' എന്ന പാശ്ചാത്യ നയത്തിന് വിരുദ്ധമായി, യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയത് യൂറോപ്യന്‍ രാജ്യങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുമുണ്ട്. ഉക്രെയ്‌നിന് താല്‍പര്യമില്ലാത്ത ഒരു കരാറിന് ട്രംപ് വഴങ്ങിയേക്കുമോ എന്ന ആശങ്കയും ശക്തമാണ്. കരാറില്‍ 'ചില പ്രദേശങ്ങളുടെ കൈമാറ്റം' ഉള്‍പ്പെടുമെന്ന ട്രംപിന്റെ നിര്‍ദ്ദേശങ്ങള്‍ ഉക്രെയ്‌നിനെയും സഖ്യകക്ഷികളെയും നിരാശപ്പെടുത്തിയിരുന്നു.
റഷ്യയും യുക്രെയ്‌നും തമ്മില്‍ സമാധാനത്തിനായുള്ള വ്യവസ്ഥകള്‍ ഇപ്പോഴും അവ്യക്തമാണ്. പാശ്ചാത്യ ആയുധ വിതരണം നിര്‍ത്തലാക്കുകയും ഉക്രെയ്‌നിന്റെ സൈനിക നീക്കങ്ങള്‍ മരവിപ്പിക്കുകയും ചെയ്താല്‍ മാത്രമേ വെടിനിര്‍ത്തലിന് തയ്യാറാകൂ എന്ന പുടിന്റെ നിലപാട് യുക്രെയ്‌നും യൂറോപ്യന്‍ സഖ്യകക്ഷികളും നേരത്തെ തള്ളിക്കളഞ്ഞിരുന്നു.
അലാസ്‌കയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ സെലെന്‍സ്‌കിയെ ഉള്‍പ്പെടുത്തി ഒരു തുടര്‍ കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് ട്രംപ് സൂചന നല്‍കിയിട്ടുണ്ടെങ്കിലും റഷ്യ ഇതിനോട് പ്രതികരിച്ചിട്ടില്ല. ചര്‍ച്ചകള്‍ ആദ്യം ട്രംപും പുടിനും നേരിട്ടും പിന്നീട് പ്രതിനിധി സംഘങ്ങള്‍ ചേര്‍ന്നുമുള്ള 'വര്‍ക്കിംഗ് ബ്രേക്ക്ഫാസ്റ്റി'ലും നടക്കും. തുടര്‍ന്ന് ഇരുനേതാക്കളും ചേര്‍ന്നുള്ള സംയുക്ത പത്രസമ്മേളനവും നടത്താന്‍ സാധ്യതയുണ്ട്.
അലാസ്‌കയിലെ സൈനിക താവളത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയെ 'ശരിക്കും വികാരഭരിതമായ ഒരു കൂടിക്കാഴ്ച' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. എന്നാല്‍, പുടിന്‍ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യയ്ക്ക് 'വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ കൂടിക്കാഴ്ചയില്‍ യുഎസിന് നേട്ടമൊന്നുമില്ലെന്നും, പുടിന് മാത്രമാണ് നേട്ടമെന്നും മുന്‍ യുഎസ് അംബാസഡര്‍ ഇയാന്‍ കെല്ലി അഭിപ്രായപ്പെട്ടു. എന്നാല്‍, എന്തെങ്കിലും ഒരു മാറ്റം പ്രതീക്ഷിക്കത്തക്ക തരത്തില്‍ തിരശീലയ്ക്ക് പിന്നില്‍ ചില നീക്കങ്ങള്‍ നടക്കുന്നുണ്ടാകുമെന്നും മുന്‍ സിഐഎ ഉദ്യോഗസ്ഥനായ ജോര്‍ജ്ജ് ബീബെ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയോട് വ്യക്തമാക്കി.
അലാസ്‌കയില്‍ ട്രംപ്-പുടിന്‍ കൂടിക്കാഴ്ച ഇന്ന് ; സമാധാനത്തിന്റെ സന്ദേശത്തിന് കാതോര്‍ത്ത് ലോകം
