ബ്യൂണസ് ഐറിസ്: ആശുപത്രികളില്‍ വേദനസംഹാരിയായി ഉപയോഗിക്കുന്ന ഫെന്റാനിലില്‍ അപകടകരമായ ബാക്ടീരിയകള്‍ കലര്‍ന്ന് അര്‍ജന്റീനയില്‍ 96 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബ്യൂണസ് ഐറിസ്, സാന്റാ ഡേ, കൊര്‍ഡോബ, ഫൊര്‍മോസ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്. 87 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഒമ്പത് മരണങ്ങളില്‍ കാരണം അന്വേഷിച്ചുവരികയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിശദമായ പരിശോധനയിലാണ് വേദനസംഹാരിയില്‍ ക്ലെബ്‌സിയല്ല ന്യൂമോണിയ, റല്‍സ്‌റ്റോണിയ പിക്കെറ്റി എന്നിവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. വേദനസംഹാരിയായും അനസ്തീസിയക്കുമാണ് ഫെന്റാനിന്‍ ഉപയോഗിക്കുന്നത്.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എച്ച്എല്‍ബി ഫാര്‍മയും അതിന്റെ ലബോറട്ടറി പങ്കാളിയായ ലബോറട്ടോറിയോ റാമല്ലോയും നിര്‍മ്മിക്കുന്ന ഫെന്റാനിലിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. മിക്ക രോഗാവസ്ഥകളിലും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകളെയാണ് ഫെന്റാനിലില്‍ കണ്ടെത്തിയത്. മരിച്ചവരില്‍ നിന്നെടുത്ത സാമ്പിളിലും ഫെന്റാനിലിന്റെ രണ്ട് ബാച്ചുകളിലും ബാക്ടീരിയ സാന്നിധ്യം അര്‍ജന്റീന ഡ്രഗ് റെഗുലേറ്ററി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരു ബാച്ച് പരക്കെ വിതരണം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ ആരോപണങ്ങളെ എച്ച്എല്‍ബി ഫാര്‍മ കമ്പനി തള്ളിക്കളഞ്ഞു. ഫെന്റാനില്‍ കൈമാറിയത് സുരക്ഷിതമായാണ്. അട്ടിമറി സംശയിക്കേണ്ടിവരും, മറ്റാരെങ്കിലും കലര്‍ത്തിയതാകാമെന്നും കമ്പനി ഉടമ ഏരിയല്‍ ഗാര്‍സ്യ ഫര്‍ഫാറോ ആരോപിച്ചു. അതേസമയം മരണസംഖ്യ ഉയരുമ്പോഴും കേസ് നടപടികള്‍ വേണ്ടവിധം നടപ്പാകുന്നില്ലെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ഫെന്റാനിലിന്റെ ഉല്‍പാദനം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് 24 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ആര്‍ക്കുമെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടില്ല. എന്നാല്‍ ഇവര്‍ക്ക് രാജ്യം വിടുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് ലക്ഷത്തിലേറെ ആംപ്യൂളുകളില്‍ അണുബാധയുണ്ടാകുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഇതില്‍ 45000 ആംപ്യൂളുകള്‍ ഇതിനകം വിതരണം ചെയ്തതാണ്. ശേഷിച്ചവ കണ്ടെത്തി നശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
വേദനസംഹാരിയായി ഉപയോഗിക്കുന്ന ഫെന്റാനിലില്‍ ബാക്ടീരിയകള്‍ കലര്‍ന്ന് അര്‍ജന്റീനയില്‍ 96 പേര്‍ മരിച്ചു; അട്ടിമറിയാകാമെന്ന് മരുന്നു കമ്പനി
