പുട്ടിനുമായുള്ള ചര്‍ച്ച പരാജയപ്പെടാന്‍ 25 ശതമാനം സാധ്യതയുണ്ടെന്ന് ട്രംപ്

പുട്ടിനുമായുള്ള ചര്‍ച്ച പരാജയപ്പെടാന്‍ 25 ശതമാനം സാധ്യതയുണ്ടെന്ന് ട്രംപ്


വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായുള്ള നിര്‍ണായക കൂടിക്കാഴ്ച നടക്കാനിരിക്കെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പുട്ടിനുമായുള്ള ചര്‍ച്ച പരാജയപ്പെടാന്‍ 25 ശതമാനം സാധ്യതയുണ്ടെന്ന് ട്രംപ് പറഞ്ഞു. ഫോക്‌സ് ന്യൂസ് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ, പുട്ടിനുമായുള്ള കൂടിക്കാഴ്ചയെ 'ചതുരംഗക്കളി' യെന്നും ട്രംപ് വിശേഷിപ്പിച്ചു.

റഷ്യ യുക്രെയ്ന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു കരാറിലെത്തിച്ചേരാനാണ് പുട്ടിന്‍ ചര്‍ച്ചയ്ക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ച വിജയിക്കുകയാണെങ്കില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കിയെ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുക്രെയ്‌നുമായി വെടിനിര്‍ത്തലിന് സമ്മതിക്കാതിരുന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ പുട്ടിന്‍ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെന്നും അതിനായി അലാസ്‌ക ഉച്ചകോടിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.

യുക്രെയ്ന്‍ പ്രസിഡന്റ് വഌഡിമര്‍ സെലെന്‍സ്‌കിയേയും ഉള്‍പ്പെടുത്തി ഒരു ത്രികക്ഷി കൂടിക്കാഴ്ചയാണ് ലക്ഷ്യമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.'ഒരു മോശം ചര്‍ച്ചയാണ് നടക്കുന്നതെങ്കില്‍ ആരെയും വിളക്കില്ല, എന്നാല്‍ ഒരു അതു നല്ലതാണെങ്കില്‍ പ്രസിഡന്റ് സെലെന്‍സ്‌കിയെയും യൂറോപ്യന്‍ നേതാക്കളെയും വിളിക്കും' ട്രംപ് പറഞ്ഞു.

റഷ്യ-യുക്രെയ്ന്‍ യുദ്ധം ബൈഡന്റെ സൃഷ്ടി

അലാസ്‌കയിലെ ജോയിന്റ് ബേസ് എല്‍മെന്‍ഡോര്‍ഫ്‌റിച്ചാര്‍ഡ്‌സണില്‍ വച്ചായിരിക്കും ട്രംപും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച. നാല് വര്‍ഷത്തിന് ശേഷം യുഎസ് പ്രസിഡന്റും റഷ്യന്‍ പ്രസിഡന്റും തമ്മില്‍ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. യുക്രെയ്ന്‍ യുദ്ധം 'ബൈഡന്റെ സൃഷ്ടി' യാണെന്നും താനായിരുന്നു പ്രസിഡന്റെങ്കില്‍ ഈ യുദ്ധം ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു.

ഈ പ്രശ്‌നം പരിഹരിക്കാനാണ് താന്‍ വന്നത്, ധാരാളം ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് വലിയൊരു കാര്യമായിരിക്കും അദ്ദേഹം പറഞ്ഞു. കൂടാതെ, കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ അഞ്ച് യുദ്ധങ്ങള്‍ താന്‍ നിര്‍ത്തിവച്ചെന്നും ഇറാന്റെ ആണവശേഷി ഇല്ലാതാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു.

അതേസമയം റഷ്യ യുദ്ധം നീട്ടിക്കൊണ്ടുപോവുകയാണെന്നും ട്രംപിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ വ്യക്തമായ വിവരങ്ങള്‍ വേണമെന്നും സെലെന്‍സ്‌കിആവശ്യപ്പെട്ടു. റഷ്യ അലാസ്‌കയില്‍ വെടിനിര്‍ത്തലിന് തയ്യാറാവുന്നില്ലെങ്കില്‍ ഉപരോധങ്ങള്‍ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയ്‌നിലേക്കുള്ള വിദേശ സൈനിക സഹായങ്ങളും രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതും പൂര്‍ണമായി അവസാനിപ്പിക്കണമെന്ന് ഉള്‍പ്പടെയുള്ള നിബന്ധനകള്‍ റഷ്യ മുന്നോട്ടു വച്ചിട്ടുണ്ട്. യുക്രെയ്‌ന് നാറ്റോ അംഗത്വം ഉള്‍പ്പെടെ ദീര്‍ഘകാല സുരക്ഷ ഉറപ്പു നല്‍കണമെന്ന് യൂറോപ്പും യുക്രെയ്‌നും ആവശ്യപ്പെട്ടു.