ഗൂഗ്ൾ ക്രോം വാങ്ങാൻ 34.5 ബില്യൺ ഡോളർ വാഗ്ദാനം ചെയ്ത് ഇന്ത്യൻ സംരംഭകന്റെ എ ഐ സ്റ്റാർട്ടപ്പ്

ഗൂഗ്ൾ ക്രോം വാങ്ങാൻ 34.5 ബില്യൺ ഡോളർ വാഗ്ദാനം ചെയ്ത് ഇന്ത്യൻ സംരംഭകന്റെ എ ഐ സ്റ്റാർട്ടപ്പ്


സാൻ ഫ്രാൻസിസ്‌കോ:  ഇന്റർനെറ്റ് സേർച്ചിങ്ങിനായി ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന ഗൂഗ്ൾ ക്രോം ബ്രൗസർ വാങ്ങാൻ 34.5 ബില്യൺ ഡോളർ വാഗ്ദാനം ചെയ്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് പെർപ്ലെക്‌സിറ്റി എ.ഐ. 
ഇന്ത്യക്കാരനായ കമ്പ്യൂട്ടർ സയന്റിസ്റ്റും സംരംഭകനുമായ അരവിന്ദ് ശ്രീനിവാസാണ് സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള പെർപ്ലെക്‌സിറ്റി എ.ഐയുടെ തലവൻ. കമ്പനിയുടെ ധീരമായ നീക്കത്തിൽ ടെക് ലോകം അമ്പരന്നിരിക്കുകയാണ്. ഏകദേശം മൂന്ന് ലക്ഷം കോടിയിലേറെ രൂപയോളം വരുമിത്. ഈ തുക പെർപ്ലെക്‌സിറ്റിയുടെ മൂല്യത്തിന്റെ ഇരട്ടി വരും. മൂന്ന് വർഷം മുമ്പാണ് പെർപ്ലെക്‌സിറ്റി എ.ഐ ആരംഭിച്ചത്.

ഓൺലൈൻ സെർച്ചിങ് ആധിപത്യവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ ഗൂഗ്‌ളിനെതിരെ നിയമ സമ്മർദ്ദം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ഓഫർ വരുന്നത്. ഇത് ക്രോമിനെ പുതിയ ഉടമസ്ഥതയിലേക്ക് നിർബന്ധിതരാക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഓൺലൈൻ സെർച്ചിങ്ങിൽ ഗൂഗ്‌ളിന് നിയമവിരുദ്ധമായ കുത്തകയുണ്ടെന്ന് ഫെഡറൽ ജഡ്ജി വിധിച്ചിരുന്നു. മത്സരം പുന:സ്ഥാപിക്കുന്നതിനുള്ള സാധ്യമായ പരിഹാരമായാണ് ക്രോം വിൽക്കുന്നതെന്ന് യു.എസ് നീതിന്യായ വകുപ്പ് നിർദേശിച്ചിരുന്നു. ഈ കേസിൽ അന്തിമ വിധി ഉടനെ ഉണ്ടാകും.

ധീരമായ നീക്കങ്ങൾക്ക് ഇതിനകം തന്നെ പെർപ്ലെക്‌സിറ്റി പ്രശസ്തി നേടിയിട്ടുണ്ട്. ഈ വർഷം ആദ്യം ആപ്പിന്റെ ചൈനീസ് ഉടമസ്ഥതയെക്കുറിച്ചുള്ള രാഷ്ട്രീയ ആശങ്കകൾ പരിഹരിക്കുന്നതിനായി ടിക് ടോക്കിന്റെ യു.എസ് ബിസിനസുമായി ലയിക്കാൻ കമ്പനി തയ്യാറായി. ഇപ്പോൾ ലോകമെമ്പാടുമുള്ള ഏകദേശം മൂന്ന് ബില്യൺ ആളുകൾ ഉപയോഗിക്കുന്ന ബ്രൗസറായ ക്രോമിലാണ് സ്റ്റാർട്ടപ്പ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ക്രോം ഈ ഓഫർ സ്വീകരിച്ചാൽ അത് പെർപ്ലെക്‌സിറ്റിക്ക് വലിയ വിജയമായിരിക്കും. ഓപൺ എ.ഐ പോലുള്ള എ.ഐ എതിരാളികളോട് മികച്ച മത്സരം കാഴ്ചവെക്കുന്നതിന് ഇത് മുതൽക്കൂട്ടാകും. ക്രോം ഏറ്റെടുത്താൽ മാറ്റങ്ങളൊന്നും വരുത്തില്ലെന്ന് പെർപ്ലെക്‌സിറ്റി അവകാശപ്പെടുന്നു. വൻതോതിലുള്ള സെർച്ച് ട്രാഫിക്കിലേക്കും ഉപയോക്തൃ ഡേറ്റയിലേക്കുമുള്ള കവാടം കൂടിയാണിത്.

ക്രോം ഏറ്റെടുക്കാൻ ഗൂഗ്‌ളുമായുള്ള ഇടപാടിനായി പെർപ്ലെക്‌സിറ്റി നിരവധി വലിയ നിക്ഷേപ ഫണ്ടുകളിൽ നിന്ന് പൂർണ സാമ്പത്തിക സഹായം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗൂഗ്‌ളുമായുള്ള ഇടപാടിനായി പെർപ്ലെക്‌സിറ്റി എ.ഐ ഏകദേശം ഒരു ബില്യൺ ഡോളർ ഫണ്ട് സ്വരൂപിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ ഒാപൺ എ.ഐയും ക്രോം ഏറ്റെടുക്കുന്നതിന് താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ അപ്പീൽ നൽകാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ബ്രൗസർ വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഗൂഗ്ൾ നേരത്തെ അറിയിച്ചിരുന്നു