ഡബ്ലിന്‍: അയര്‍ലന്റില്‍ വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടയില്‍ വാരാന്ത്യത്തില്‍ ഡബ്ലിനിലെ ഫെയര്‍വ്യൂ പാര്‍ക്കില്‍ മറ്റൊരു ഇന്ത്യക്കാരനെ കൗമാരക്കാരുടെ ഒരു സംഘം ആക്രമിച്ചു. ഓഗസ്റ്റ് 10ന് ഇലക്ട്രിക് സ്‌കൂട്ടറില്‍ വന്ന ഒരു അക്രമി തന്റെ അടുത്തേക്ക് വന്ന് ആക്രമിച്ചതായി ദി ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണം നടന്നത് വൈകുന്നേരം അഞ്ചരയോടെയാണെന്ന് ആക്രമിക്കപ്പെട്ടയാള്‍ പറഞ്ഞു. അക്രമി ഒരു ഇലക്ട്രിക് സ്‌കൂട്ടറില്‍ വന്ന് തന്റെ വയറ്റില്‍ ചവിട്ടിയതായും കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കാരന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ മറ്റ് രണ്ട് പേര്‍ അക്രമിയുമായി ചേര്‍ന്ന് നിലത്ത് വീഴുന്നതുവരെ തുടരെ അടിക്കുകയും ചവിട്ടുകയും ഇടിക്കുകയും ചെയ്തു.
ആക്രമികളില്‍ ഒരാള്‍ ലോഹ വാട്ടര്‍ ബോട്ടില്‍ ഉപയോഗിച്ച് അയാളുടെ കണ്ണിന് മുകളില്‍ അടിച്ചതിനെ തുടര്‍ന്ന് ആഴത്തിലുള്ള മുറിവുണ്ടായി. രക്തസ്രാവമുണ്ടായതോടെ ആശുപത്രിയിലെത്തിയ ഇന്ത്യക്കാരന് എട്ട് തുന്നലുകളിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
തനിക്കു നേരെയുണ്ടായ ആകമണത്തെ തുടര്‍ന്ന് ഡബ്ലിനിലെ ഇന്ത്യന്‍ സുഹൃത്തുക്കളില്‍ പലരും പുറത്തേക്ക് പോകാന്‍ ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസത്തിനുള്ളില്‍ അയര്‍ലന്റില്‍ നടക്കുന്ന നാലാമത്തെ വംശീയ ആക്രമണമാണിത്.
ഈ മാസം ആദ്യം വാട്ടര്‍ഫോര്‍ഡ് സിറ്റിയിലെ വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസ്സുള്ള ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. 12 മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള ഒരു കൂട്ടം കുട്ടികള്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയും അവളെ 'വൃത്തികെട്ടവള്‍' എന്നും വിളിക്കുകയും 'ഇന്ത്യയിലേക്ക് മടങ്ങാന്‍' ആവശ്യപ്പെടുകയുമായിരുന്നു.
ഓഗസ്റ്റ് 10ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 51കാരനായ ഇന്ത്യന്‍ വംശജനെ ക്രൂരമായി ആക്രമിച്ച് കൊള്ളയടിക്കുകയായിരുന്നു. എന്നാല്‍ 22 വര്‍ഷമായി അയല്‍ലന്റില്‍ താമസിക്കുന്ന ഐറിഷ് പൗരനാണ് ലക്ഷ്മണ്‍ ദാസ് എന്ന ആക്രമിക്കപ്പെട്ടയാള്‍.
ജൂലൈ 19ന് ആമസോണില്‍ ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരനെ ടാലഗട്ടില്‍ ഒരു സംഘം ആളുകള്‍ ആക്രമിച്ചിരുന്നു.
ഇന്ത്യന്‍ സമൂഹത്തിനു നേരെ ആക്രമണ പരമ്പരകളെ പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് കഴിഞ്ഞ ദിവസം അപലപിച്ചിരുന്നു. രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് ആക്രമണമെന്നും പറഞ്ഞ ഹിഗ്ഗിന്‍സ്, ഐറിഷ് ജീവിതത്തിന് ഇന്ത്യന്‍ സമൂഹം നല്‍കിയ വലിയ സംഭാവനയ്ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. വൈദ്യശാസ്ത്രം, നഴ്സിംഗ്, സംസ്‌കാരം, ബിസിനസ്സ്, സംരംഭം എന്നീ മേഖലകളിലെ ഇ്ന്ത്യക്കാരുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.