മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍ ക്യാപ്റ്റനും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകള്‍ സാനിയ ചന്ദോക്കുമായി വിവാഹനിശ്ചയം നടത്തി. ഇരു ഭാഗത്തുനിന്നുമായി അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തതായിരുന്നു ചടങ്ങ്.
25കാരനായ അര്‍ജുന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയ്ക്കു വേണ്ടി കളിക്കുന്ന ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടറാണ്. കൂടാതെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്.
പൊതുസമൂഹത്തില്‍ അറിയപ്പെടുന്നില്ലെങ്കിലും മുംബൈയിലെ പ്രമുഖ ബിസിനസ് കുടുംബത്തില്‍ നിന്നാണ് സാനിയയുടെ വരവ്. ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വ്യവസായങ്ങളില്‍ പ്രഗത്ഭരായ ഘായ് കുടുംബത്തിന്റേതാണ് ഇന്റര്‍കോണ്ടിനെന്റല്‍ മറൈന്‍ ഡ്രൈവ് ഹോട്ടലും ജനപ്രിയ ബ്രൂക്ലിന്‍ ക്രീമറി ഐസ്‌ക്രീം ബ്രാന്‍ഡും. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയ രേഖകള്‍ പ്രകാരം സാനിയ മുംബൈയിലെ പാവ്‌സ് പെറ്റ് സ്പാ ആന്റ് സ്റ്റോര്‍ എല്‍എല്‍പിയില്‍ നിയുക്ത പങ്കാളിയും ഡയറക്ടറുമാണ്.
ഗ്രാവിസ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ ചെയര്‍മാനാണ് സാനിയയുടെ മുത്തച്ഛന്‍ രവി ഇഖ്ബാല്‍ ഘായ്. ഇന്ത്യയ്ക്ക് പുറമേ മിഡില്‍ ഈസ്റ്റിലും ശക്തമായ ബിസിനസ് വേരുകള്‍ ഇവര്‍ക്കുണ്ട്.