സ്വര്‍ണ ഇറക്കുമതിക്ക് അധിക തീരുവ ഈടാക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

സ്വര്‍ണ ഇറക്കുമതിക്ക് അധിക തീരുവ ഈടാക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്


വാഷിംഗ്ടണ്‍: സ്വര്‍ണ ഇറക്കുമതിക്ക് അധിക തീരുവ ഈടാക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു കിലോഗ്രാം, 100 ഔണ്‍സ് (2.8 കിലോ) എന്നീ രണ്ട് സ്റ്റാന്‍ഡേര്‍ഡ് തൂക്കങ്ങളിലുള്ള സ്വര്‍ണ ബാറുകള്‍ തീരുവയ്ക്ക് വിധേയമായി തരംതിരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎസ് കസ്റ്റംസ് അധികൃതര്‍ ട്രംപിന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപ് പ്രതികരിച്ചത്.

തീരുവ ഏര്‍പ്പെടുത്തിയാല്‍ സ്വര്‍ണത്തിന്റെ ആഗോള വ്യാപാരത്തെ ബാധിക്കുമെന്നും ട്രംപ് പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞയാഴ്ച ഫിനാന്‍ഷ്യല്‍ ടൈംസാണ് ട്രംപിനയച്ച കത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സ്വര്‍ണ ബാറുകള്‍ക്കും മറ്റ് ഉത്പന്നങ്ങള്‍ക്കും താരിഫ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പുറപ്പെടുവിക്കുന്നതിന് എതിരെ വ്യക്തത വരുത്തുന്ന ഒരു എക്‌സിക്യൂട്ടീവ് ഉത്തരവ് ട്രംപ് ഭരണകൂടം ഉടന്‍ പുറപ്പെടുവിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് വെള്ളിയാഴ്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.

നിലവില്‍ 39 ശതമാനം ലെവി ചുമത്തുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഉത്പന്നങ്ങളെ ബാധിക്കുന്ന താരിഫുകളില്‍ നിന്ന് സ്വര്‍ണ ഉത്പന്നങ്ങളെ ഒഴിവാക്കുമോ എന്ന ആശങ്ക നിലനില്‍ക്കുകയായിരുന്നു. അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ ഫ്യൂച്ചേര്‍ഴ്‌സ് വിപണിയായ കോമെക്‌സില്‍ സ്വര്‍ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. ഒരു കിലോ ഭാരമുള്ള ബാറുകളാണ് കോമെക്‌സില്‍ ഏറ്റവും സാധാരണയായി വ്യാപാരം ചെയ്യുന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡിന്റെ യുഎസിലേക്കുള്ള കയറ്റുമതിയുടെ ഭൂരിഭാഗവും ഇവിടെ നിന്നാണെന്നാണ് വിവരം. താരിഫ് ആശങ്കകളും ഭൗമരാഷ്ട്രീയ അസ്വസ്ഥതകളും കാരണം സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്ന സ്വര്‍ണം ഈ വര്‍ഷം ഇതിനകം തന്നെ റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു.