ചരിത്ര നേട്ടം; ഗര്‍ഭസ്ഥ ശിശുവില്‍ അപൂര്‍വ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി, കേരളത്തില്‍ ആദ്യം

ചരിത്ര നേട്ടം; ഗര്‍ഭസ്ഥ ശിശുവില്‍ അപൂര്‍വ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി, കേരളത്തില്‍ ആദ്യം


കോഴിക്കോട് : ആറുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയ വാല്‍വില്‍ അപൂര്‍വമായ 'കീ ഹോള്‍' ശസ്ത്രക്രിയ (ഫീറ്റല്‍ ബലൂണ്‍ അയോര്‍ട്ടിക് വാല്‍വോട്ടമി) വിജയകരമായി പൂര്‍ത്തിയാക്കി കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രി. കേരളത്തില്‍ ആദ്യമായി നടക്കുന്നതും രാജ്യത്ത് അഞ്ചാമതായി റിപ്പോര്‍ട്ട് ചെയ്യുന്നതുമായ ഈ ശസ്ത്രക്രിയ, പൂര്‍ണമായും സൗജന്യമായാണ് നിര്‍വഹിച്ചത്.

ഹൃദയത്തിന് ഗുരുതരമായ തകരാറുള്ളതിനാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഏക മാര്‍ഗം ഈ ശസ്ത്രക്രിയയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് മുഹ്‌സിന എന്ന അഞ്ച് മാസം ഗര്‍ഭിണിയായ യുവതി ആസ്റ്റര്‍ മിംസിലെത്തിയത്. നേരത്തെ നടത്തിയ പരിശോധനയില്‍, കുഞ്ഞിന്റെ ഹൃദയത്തിലെ പ്രധാന പമ്പിങ് അറയായ ഇടത് വെന്‍ട്രിക്കിളിന്റെ പ്രവര്‍ത്തനം വളരെ കുറവാണെന്ന് കണ്ടെത്തിയിരുന്നു. ശുദ്ധരക്തം കൊണ്ടുപോകുന്ന അയോര്‍ട്ടയുടെ വാല്‍വ് ചുരുങ്ങിയതാണ് ഇതിന് കാരണം. ഈ അവസ്ഥ തുടര്‍ന്നാല്‍ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാകുമെന്നായിരുന്നു ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.

ചികിത്സാ രീതിയും വെല്ലുവിളികളും

കേരളത്തില്‍ ഇതുവരെ നടന്നിട്ടില്ലാത്തതും ഇന്ത്യയില്‍ ചുരുക്കം കേസുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമായ ഫീറ്റല്‍ ബലൂണ്‍ അയോര്‍ട്ടിക് വാല്‍വോട്ടമി എന്ന അതിസങ്കീര്‍ണമായ ചികിത്സാരീതിയാണ് ഡോ. രേണു പി. കുറുപ്പിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം തിരഞ്ഞെടുത്തത്.

ഗര്‍ഭകാലം കഴിഞ്ഞ് ആരോഗ്യകരമായി കുട്ടി പുറത്ത് വരാന്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ ഉള്ളതുകൊണ്ടും ഇങ്ങനെ ഗര്‍ഭാവസ്ഥയില്‍ തുടരുന്നത് കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാവാന്‍ സാധ്യത ഉള്ളതും ഡോകടര്‍മാര്‍ക്കും കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കും ഒരുപോലെ വെല്ലുവിളിയായിരുന്നു. കേരളത്തില്‍ ഇന്ന് വരെ ചെയ്യാത്തതും ഇന്ത്യയില്‍ തന്നെ നാലോളം കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത 'ഫീറ്റല്‍ ബലൂണ്‍ അയോര്‍ട്ടിക് വാല്‍വോട്ടമി' ചികിത്സയിലൂടെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന് ഡോകടര്‍ അറിയിച്ചു. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ എന്തിനും തയ്യാറാണെന്ന് നിശ്ചയ ദാര്‍ഢ്യവുമായി മുഹ്‌സിനയും കുടുംബവും അറിയിച്ചതോടെ കേരളത്തിലെ ആദ്യ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ഹൃദയ വാല്‍വിലെ കീ ഹോള്‍ ശസ്ത്രക്രിയ(ഫീറ്റല്‍ ബലൂണ്‍ അയോര്‍ട്ടിക് വാല്‍വോട്ടമി) നടത്തുകയായിരുന്നു. ആറാം മാസം അമ്മയുടെ വയറ്റില്‍ വെച്ച് തന്നെ കുഞ്ഞിന്റെ ഹൃദയത്തിലെ തകരാറുള്ള വാല്‍വ് ശസ്ത്രക്രിയയിലൂടെ ശരിയാക്കി.

ഈ ശസ്ത്രക്രിയയിലെ ഏറ്റവും വലിയ വെല്ലുവിളി, കുഞ്ഞിന്റെ സ്ഥാനം ശസ്ത്രക്രിയക്ക് അനുയോജ്യമായ രീതിയില്‍ ആയിരിക്കുക എന്നതാണ്. ആദ്യ ശ്രമത്തില്‍ ഈ പ്രശ്‌നം കാരണം ശസ്ത്രക്രിയ മാറ്റിവെക്കേണ്ടി വന്നു. മൂന്ന് ദിവസത്തിനുശേഷം കുഞ്ഞിന്റെ സ്ഥാനം അനുകൂലമായപ്പോള്‍ അമ്മയ്ക്കും കുഞ്ഞിനും അനസ്‌തേഷ്യ നല്‍കി ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.

ചികിത്സയുടെ ലക്ഷ്യം

ഈ ചികിത്സയുടെ പ്രധാന ലക്ഷ്യം, അയോര്‍ട്ടിക് വാല്‍വ് തുറന്ന്, ഹൃദയത്തിന്റെ ഇടത് അറയിലേക്കും പുറത്തേക്കുമുള്ള രക്തയോട്ടം സാധാരണ നിലയിലാക്കുക എന്നതാണ്. ഇതുവഴി ഹൃദയപേശികള്‍ക്ക് ശരിയായ രീതിയില്‍ വളരാനും ഹൈപ്പോപ്ലാസ്റ്റിക് ലെഫ്റ്റ് ഹാര്‍ട്ട് സിന്‍ഡ്രോം എന്ന അവസ്ഥയിലേക്ക് പോകാതെ കുഞ്ഞിന്റെ ഹൃദയത്തെ സംരക്ഷിക്കാനും സാധിക്കും.

ഈ ചികിത്സ വിജയകരമായാല്‍, കുഞ്ഞിന് ജനനശേഷം കൂടുതല്‍ സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയകള്‍ ഒഴിവാക്കാന്‍ സാധിച്ചേക്കാം. എന്നിരുന്നാലും, ഈ പ്രക്രിയയ്ക്ക് ശേഷവും കുഞ്ഞിന് നിരന്തരമായ നിരീക്ഷണവും ചിലപ്പോള്‍ ജനനശേഷം ചെറിയ ചികിത്സകളും ആവശ്യമായി വന്നേക്കാം.

ഈ ചികിത്സാ രീതി, ലോകത്തിലെ വളരെ കുറഞ്ഞ ആശുപത്രികളില്‍ മാത്രം ലഭ്യമായ ഒരു അതിവിദഗ്ധ ചികിത്സയാണ്. ഇത് ഒരു ഫീറ്റല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റും പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റും ഉള്‍പ്പെടുന്ന ഒരു വിദഗ്ധ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് ചെയ്യുന്നത്.