വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്നത് തീര്‍പ്പാക്കണം; കേന്ദ്രത്തിന് അന്ത്യശാസനം നല്‍കി ഹൈക്കോടതി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്നത് തീര്‍പ്പാക്കണം; കേന്ദ്രത്തിന് അന്ത്യശാസനം നല്‍കി ഹൈക്കോടതി


കൊച്ചി : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അന്ത്യശാസനം നല്‍കി ഹൈക്കോടതി. തീരുമാനമെടുക്കാന്‍ അന്തിമമായി ഒരവസരം കൂടി നല്‍കുന്നുവെന്ന് കോടതി വ്യക്തമാക്കി. അന്തിമ തീരുമാനമെടുക്കാന്‍ സെപ്റ്റംബര്‍ 10 വരെയാണ് സമയം നല്‍കിയത്. കൂടുതല്‍ സമയം വേണമെന്ന കേന്ദ്രത്തിന്റെ വാദം കൂടി പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

ചര്‍ച്ചകള്‍ നടക്കുകയാണെന്നും അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്നും കേന്ദ്രം മുന്‍പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനമെടുക്കാനുള്ള അന്തിമ അവസരമാണിതെന്ന് ഹൈക്കോടതി അറിയിച്ചു. തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയായെടുത്ത ഹര്‍ജി കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. വയനാട് ദുരന്തം തീവ്രദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ ദുരന്ത ബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവായിരുന്നു. 

വായ്പ എഴുതിത്തള്ളാന്‍ നിയമപരമായി അധികാരമില്ലെന്ന് പറയാനാവില്ലെന്ന് കേന്ദ്രത്തോട് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. ഭരണഘടനയുടെ 73 ആം അനുച്ഛേദം അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നായിരുന്നു കോടതി നിലപാട്. വായ്പ എഴുതിത്തള്ളാതിരിക്കുന്നതിന് കേന്ദ്രം ഹൈക്കോടതിക്ക് വിശദീകരണം നല്‍കിയിരുന്നു. ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് വിശദീകരണം നല്‍കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ പുനഃരധിവാസ നടപടികള്‍ ഇപ്പോഴും തുടരുകയാണ്. എന്നാല്‍ ജീവനോപാധി വരെ നഷ്ടപ്പെട്ടവരുടെ വായ്പയുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ബാങ്കുകളും കേന്ദ്ര തീരുമാനത്തിനായി കാത്തിരിക്കുകയാണ്. 2024 ജൂലൈയില്‍ സംഭവിച്ച ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരുടെ വായ്പ എഴുതിത്തള്ളല്‍ സംബന്ധിച്ച് വ്യക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ കാലതാമസം വരുത്തിയതിന് ഹൈക്കോടതി കേന്ദ്രത്തിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

സെക്ഷന്‍ 13

വായ്പ തിരിച്ചടവില്‍ ഇളവ് ശുപാര്‍ശ ചെയ്യാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് (എന്‍ഡിഎംഎ) നേരത്തെ അധികാരം നല്‍കിയിരുന്ന വകുപ്പാണ് സെക്ഷന്‍ 13. ഭേദഗതിക്കു ശേഷം ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ എന്‍ഡിഎംഎയ്ക്ക് ഇനി നിയമപരമായ അധികാരം ഇല്ലായിരിക്കാം. എന്നാല്‍ തീരുമാനമെടുക്കാനുള്ള ശേഷിക്കുന്ന അധികാരങ്ങള്‍ ഇപ്പോഴും കേന്ദ്ര സര്‍ക്കാരിനുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം.