മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു


കൊച്ചി: മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസ്സായിരുന്നു.

മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് നാലു തവണ തുടര്‍ച്ചയായി എം എല്‍ എയും രണ്ടുതവണ മന്ത്രിയുമായിരുന്നിട്ടുണ്ട്. എം എസ് എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ വി കെ ഇബ്രാഹിം കുഞ്ഞ് യൂത്ത്‌ലീഗിന്റേയും മുസ്‌ലിം ലീഗിന്റേയും ഭാരവാഹിയായിട്ടുണ്ട്. 

2012ല്‍ ഡെക്കാന്‍ ക്രോണിക്കിളിന്റെ 2012ല്‍ മികച്ച മന്ത്രിക്കുള്ള പുരസ്‌ക്കാരം ലഭിച്ചിരുന്നു. 2012ല്‍ കേരള രത്‌ന പുരസ്‌ക്കാരവും ബെസ്റ്റ് മിനിസ്റ്റര്‍ ഓഫ് 2013 കേളീ കേരള പുരസ്‌ക്കാരവും യു എസ് എ ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍ അവാര്‍ഡും ഉള്‍പ്പെടെ നേടിയിട്ടുണ്ട്. 

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ ഡയറക്ടര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, ഗോശ്രീ ഐലന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ ഏക അനൗദ്യോഗിക അംഗം, ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ തുടങ്ങിയ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു.

കേരള നിയമസഭയുടെ അഷൂറന്‍സ് കമ്മറ്റി ചെയര്‍മാന്‍, ചന്ദ്രിക പത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം, കൊച്ചി എഡിഷന്‍ ഗവേണിംഗ് ബോഡി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളിലുണ്ടായിരുന്നു.

എറണാകുളം ജില്ലയിലെ കൊങ്ങോര്‍പ്പിള്ളിയില്‍ വി യു ഖാദറിന്റെയും ചിത്തുമ്മയുടേയും മകനായി 1952 മെയ് 20ന് ജനിച്ചു. പഠനകാലത്ത് തന്നെ രാഷ്ട്രീയ പ്രസ്ഥാനത്തിലും പൊതുപ്രവര്‍ത്തനത്തിലും വ്യാപൃതനായി. മൂസ്ലിം ലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ എം എസ് എഫിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 

ഭാര്യ: നദീറ. മക്കള്‍: അഡ്വ. വി ഇ അബ്ദുല്‍ ഗഫൂര്‍, വി ഇ അബ്ബാസ്, വി ഇ അനൂപ്. 

അസുഖബാധിതനായ വി കെ ഇബ്രാഹിം കുഞ്ഞ് ദീര്‍ഘകാലമായി വി പി എസ് ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മള്‍ട്ടിപ്പിള്‍ മൈലോമ, ഹൃദ്രോഗം, ക്രോണിക്ക വൃക്കരോഗം എന്നിവ അദ്ദേഹത്തിനുണ്ടായിരുന്നതായി വി പി എസ് ലേക്ഷോര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.