കൊച്ചി: ആനയെഴുന്നള്ളിപ്പ് കേസില്‍ പൂര്‍ണത്രയീശ ക്ഷേത്രഭരണ സമിതിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് ക്ഷേത്ര ഭരണസമിതിയെ ഹൈക്കോടതി വിമര്‍ശിച്ചത്.
മതത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുതെന്നും ചെയ്തത് ജാമ്യമില്ലാ കുറ്റമാണെന്നും ഹൈക്കോടതി പറഞ്ഞു. ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിച്ചത്.
ഉത്സവം റദ്ദാക്കാന്‍ ഈ ഒരു ഒറ്റ നിയമലംഘനം മതിയാവുമെന്ന് കോടതി ഓര്‍മിപ്പിച്ചു. ഉത്സവത്തിനെത്തുന്ന ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കോടതി പറഞ്ഞു.
ദേവസ്വം ബോര്‍ഡ് ഓഫീസറിനോട് സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സത്യവാങ്മൂലം തൃപ്തികരമല്ലെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു. ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് വനംവകുപ്പ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസെടുത്തിരുന്നു.