തൃശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

തൃശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍


തിരുവനന്തപുരം: ത്യശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. അന്വേഷണം നടക്കുന്നതിനെ പറ്റി അറിവില്ലെന്നാണ് വിവരാവകാശ രേഖയ്ക്ക് പൊലീസ് നല്‍കിയ മറുപടി. ഇതിലൂടെ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. 

പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സി പി എമ്മും ജനങ്ങളെ പറ്റിക്കുകയാണെന്നും പൂരം കലക്കിയെന്ന് ആരോപണം നേരിടുന്ന സര്‍ക്കാര്‍ നടത്തുന്ന ഒരു അന്വേഷണത്തിലും കേരള ജനതയ്ക്ക് വിശ്വാസമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

ബി ജെ പിയെ തൃശൂരില്‍ വിജയിപ്പിക്കുന്നതിന് സി പി എമ്മും ആര്‍ എസ് എസും നടത്തിയ ഗൂഡാലോചനയുടെ നേര്‍ചിത്രമാണ് വിവരാവകാശ രേഖയിലൂടെ പുറത്തുവന്നത്. ആര്‍ എസ് എസ് ബന്ധമുള്ള എ ഡി ജി പിയെ മുഖ്യമന്ത്രി അന്വേഷണ ചുമതല ഏല്‍പ്പിച്ചതും അന്വേഷണം അട്ടിമറിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എ ഡി ജി പിക്കെതിരെ സ്വര്‍ണ്ണക്കടത്ത്, കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സര്‍വീസില്‍ നിന്നും പുറത്താക്കാതെ സംരക്ഷിക്കുന്നതിന് പിന്നില്‍ ഇതിനെല്ലാമുള്ള പ്രത്യുപകാരമാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാന്‍ വേണ്ടിയാണ് തൃശൂരില്‍ ബി ജെ പിയെ വിജയിപ്പിക്കാനുള്ള രഹസ്യ ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നും കെ സുധാകരന്‍ ആരോപിച്ചു.