കോഴിക്കോട്: യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഇടപെടുന്നു. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ സഹോദരനുമായി കാന്തപുരം സംസാരിച്ചെന്നാണ് വിവരം.
എപി മുസ്ലിയാരുടെ സുഹൃത്ത് കൂടിയായ യെമനിലെ പ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ ഹബീബ് ഉമര്‍ ബിന്‍ ഹഫീസുമായി കാന്തപുരം സംസാരിച്ചു എന്നാണറിയുന്നത്. യെമന്‍ ഭരണകൂടവുമായും അദ്ദേഹം തന്റെ നിലയ്ക്ക് ബന്ധപ്പെട്ടിട്ടുണ്ട്.
പ്രശസ്ത സുന്നി സൂഫി ഇസ്ലാമിക പണ്ഡിതനാണ് ഹബീബ് ഉമര്‍ ബിന്‍ ഹഫീസ്. ഇദ്ദേഹം യെമനില്‍ സ്ഥാപിച്ച ദാര്‍ അല്‍ മുസ്തഫ ഇസ്ലാമിക പഠനകേന്ദ്രം പ്രശസ്തമാണ്. ഈ സ്ഥാപനത്തിന്റെ ചാന്‍സലര്‍ കൂടിയാണ് ഹഫീസ്.
വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് ഈ മതപഠന കേന്ദ്രത്തിലേക്ക് ധാരാളം വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ട്. നിരവധി വിഖ്യാതരായ വിദ്യാര്‍ത്ഥികള്‍ ഇവിടെ നിന്ന് പഠിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുമുണ്ട്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും പാശ്ചാത്യ രാജ്യങ്ങളിലുമെല്ലാം നിരന്തരം സഞ്ചരിക്കുകയും ഇസ്ലാമിക പ്രബോധനങ്ങള്‍ നടത്തുകയും ചെയ്യാറുണ്ട്.
അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16ന് നടപ്പാക്കുമെന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മഹ്ദിയുടെ കുടുംബം ദിയാധനം സ്വീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ദിയാധനം സ്വീകരിച്ചാല്‍ മാത്രമേ വധശിക്ഷ ഒഴിവായിക്കിട്ടൂ. ഇതിനുള്ള ശ്രമം തുടരുകയാണെന്ന് യെമനില്‍ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം പറഞ്ഞു.
ഇതിനിടെ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. വിഷയം സഹതാപം അര്‍ഹിക്കുന്നതാണെന്നും ഇടപെടല്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ താന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് എഴുതിയ കത്തിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കത്ത് ഇങ്ങനെ പറയുന്നു: '2025 മാര്‍ച്ച് 24 ന് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് അയച്ച എന്റെ കത്ത് ഇതോടൊപ്പം ചേര്‍ത്തത് ദയവായി കാണുക. ശ്രീമതി നിമിഷ പ്രിയ ടോമി തോമസിന്റെ വധശിക്ഷ 2025 ജൂലൈ 16ന് നിശ്ചയിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. ഇത് അനുതാപം അര്‍ഹിക്കുന്ന ഒരു കേസാണെന്ന വസ്തുത കണക്കിലെടുത്ത്, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഈ വിഷയം ഏറ്റെടുത്ത് ബന്ധപ്പെട്ട അധികാരികളുമായി ഇടപെട്ട് ശ്രീമതി നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.'
അതേ സമയം കേസില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയയ്ക്കുവേണ്ടി രൂപീകരിച്ച് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചിരുന്നു. ഇന്ത്യയ്ക്ക് നയതന്ത്ര ബന്ധമില്ലാത്ത യെമനില്‍ ആ വഴിക്കുള്ള ശ്രമങ്ങള്‍ അസാധ്യമാണെന്നും ചെയ്യാവുന്ന പരമാവധി കാര്യങ്ങള്‍ ഇതിനകം തന്നെ ചെയ്തുകഴിഞ്ഞു എന്നുമാണ് കേന്ദ്ര വിദേശ കാര്യമന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഇടപെടുന്നു
